തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. കൊവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാത്ര ചെയ്യുമ്ബോഴുമടക്കം ഇനി മുതല്‍ മാസ്‌ക് ധരിച്ചിരിക്കണം.. മാസ്‌ക് ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. ദുരന്ത നിവാരണ നിയമപ്രകാരമാണ് ഉത്തരവ്. അതേസമയം കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ഒഴിവാക്കിയ മറ്റ് നിബന്ധനകളൊന്നും സര്‍ക്കാര്‍ പുനസ്ഥാപിച്ചിട്ടില്ല.

മാസ്‌ക് മാറ്റാന്‍ സമയമായിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ അടക്കം രാജ്യത്ത് പലയിടത്തും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ദില്ലയിലും കേരളത്തിന്റെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അടക്കം മാസ്‌ക് ഇതിനകം നിര്‍ബന്ധമാക്കിക്കഴിഞ്ഞു. മാസ്ക് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് ഇവിടങ്ങളില്‍ പിഴയൊടുക്കേണ്ടി വരിക. കേരളത്തില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ എത്ര രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ നിലവില്‍ പ്രതിദിന കേസുകളില്‍ ആശങ്കാജനകമായ വിധത്തിലുളള വര്‍ധനവില്ല. പ്രതിദിനം അഞ്ഞൂറില്‍ താഴെയാണ് കൊവിഡ് കേസുകള്‍. എങ്കിലും കേസുകള്‍ ഉയരാനുളള സാഹചര്യം കണക്കിലെടുത്താണ് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കാനുളള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ കടന്നിരിക്കുന്നത്. ഒരു മാസം മുന്‍പാണ് സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. കൊവിഡ് പ്രതിദിന കണക്കുകള്‍ പുറത്ത് വിടുന്നതും ആരോഗ്യ വകുപ്പ് നിര്‍ത്തലാക്കിയിരുന്നു. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമുണ്ടായാല്‍ പഴയത് പോലെ കണക്കുകള്‍ പുറത്ത് വിടാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കൊവിഡ് അവലോകന യോഗം വിളിച്ച്‌ ചേര്‍ത്തിരുന്നു. എറണാകുളത്ത് അടക്കം നേരിയ തോതില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യം യോഗം വിലയിരുത്തി. ഇനിയും കൊവിഡ് തരംഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് യോഗത്തിന് ശേഷം വീണാ ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ കൊവിഡ് അവലോകന യോഗങ്ങള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് ഇല്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ ചേര്‍ത്തിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സാര്‍ത്ഥം അമേരിക്കയില്‍ ആയതിനാല്‍ വീണാ ജോര്‍ജ് ആണ് യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക