കോട്ടയം: ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും നേതൃത്വം നല്‍കിയ വനിത ഉദ്യോഗസ്ഥ സംഘത്തെ വടംവലിയില്‍ തോല്‍പിച്ച്‌ ജില്ല പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള കോട്ടയത്തെ വനിത ജനപ്രതിനിധി ടീം. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്‌ ഏപ്രില്‍ 28 മുതല്‍ മേയ് 4 വരെ നാഗമ്ബടം മൈതാനത്ത് നടക്കുന്ന പ്രദര്‍ശന-വിപണന മേളയുടെ പ്രചരണാര്‍ഥം തിരുനക്കര മൈതാനത്ത് നടത്തിയ വനിത സൗഹൃദ വടംവലി മത്സരത്തിലാണ് ജനപ്രതിനിധികളുടെ ടീം വിജയിച്ചത്. ഒരു വശത്ത് ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീയുടെയും ജില്ല പൊലീസ് മേധാവി ഡി. ശില്‍പയുടെയും നേതൃത്വത്തിലുള്ള ടീമും മറുവശത്ത് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയുടെ നേതൃത്വത്തിലുള്ള ടീമുമാണ് അണിനിരന്നത്.മന്ത്രിസഭ വാര്‍ഷികാഘോഷത്തിന് ആവേശം വിതറി വനിത സൗഹൃദ വടംവലി മത്സരം; ഉദ്യോഗസ്ഥരെ വലിച്ചിട്ട് ജനപ്രതിനിധികള്‍

വടംവലി മത്സരം ഉദ്ഘാടനം ചെയ്‌ത സി.കെ ആശ എം.എല്‍.എ വിസിലടിച്ച്‌ റഫറി റോളില്‍ മത്സരം നിയന്ത്രിച്ചു. കാണികള്‍ ഹര്‍ഷാരവത്തോടെയാണ് മത്സരത്തെ പ്രോത്സാഹിപ്പിച്ചത്. രണ്ടു തവണയും ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥരെ വലിച്ചിട്ടതോടെ മത്സരം സമാപിച്ചു. ജില്ല കലക്‌ടറും ജില്ല പൊലീസ് മേധാവിയും ചേര്‍ന്ന് വിജയികളായ ജനപ്രതിനിധികളുടെ സംഘത്തിന് സമ്മാനമായി ഞാലിപ്പൂവന്‍ പഴക്കുല കൈമാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി നയിച്ച ടീമില്‍ കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, ജെസി ഷാജന്‍, ജില്ല പഞ്ചായത്തംഗങ്ങളായ കെ.വി ബിന്ദു, ഹേമലത പ്രേംസാഗര്‍, ഡോ. റോസമ്മ സോണി, ഹൈമി ബോബി, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സാബു, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനില്‍, കോട്ടയം നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു ജയകുമാര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിത ലാലു, വാഴൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സേതുലക്ഷ്‌മി എന്നിവര്‍ അണിനിരന്നു.

ജില്ല കലക്‌ടര്‍ ഡോ. പി.കെ ജയശ്രീ നയിച്ച ടീമില്‍ ജില്ല പൊലീസ് മേധാവി ഡി. ശില്‍പ, എ.ഡി.എം ജിനു പുന്നൂസ്, ജില്ല മെഡിക്കല്‍ ഓഫിസര്‍(ആരോഗ്യം) എന്‍. പ്രിയ, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ബീന ജോര്‍ജ്, ജില്ല പ്ലാനിങ് ഓഫിസര്‍ ലിറ്റി മാത്യു, എ.ഡി.സി ജനറല്‍ ജി. അനീസ്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ എന്‍. സുജയ, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ കെ.എസ് മല്ലിക, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്‍റ് എഡിറ്റര്‍ കെ.ബി ശ്രീകല, സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രഞ്ജിനി രാമചന്ദ്രന്‍, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ജീവനക്കാരായ എസ്. ലിമ, പി. പ്രീത എന്നിവര്‍ പങ്കാളികളായി.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും ജില്ല സ്പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. ഐ-പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ.ആര്‍ പ്രമോദ് കുമാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക