തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്‌സ് സര്‍വ്വീസസ് ഡയറക്ടറും പ്രൊഫസറുമായ ഡോ. വിജയ ലക്ഷ്മിയെ അന്യായ തടങ്കലില്‍ ഭീഷണിപ്പെടുത്തി എന്ന കേസില്‍ എഎ റഹീമിന് കുരുക്ക്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ.റഹിമിന് എതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

റഹീമിനെ കോടതിയില്‍ ഹാജരാകാമെന്ന ഉറപ്പിന്മേല്‍ സ്റ്റേഷനില്‍ നിന്നു ജാമ്യം അനുവദിക്കാമെന്ന വ്യവസ്ഥയോടെയാണ് അറസ്റ്റ് വാറന്റ്. നേരിട്ടു ഹാജരാകണമെന്ന നിര്‍ദ്ദേശമുണ്ടായിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. റഹീമുള്‍പ്പെടെ 12 പേരാണ് കേസിലെ പ്രതികള്‍. നേരത്തേ, കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി വിജയലക്ഷ്മിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് കോടതി തള്ളിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017 ലെ യൂണിവേഴ്‌സിറ്റി കലോല്‍സവ സമയത്ത് യൂണിയന്‍ ഭാരവാഹികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഡോ.വിജയലക്ഷ്മിയെ സമീപിച്ചിരുന്നു. എന്നാല്‍ യൂണിവേഴ്സിറ്റി ചട്ട പ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചെലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് പ്രൊഫസര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച്‌ ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

ഒരുചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഡോ.വിജയലക്ഷ്മി വിശദീകരിച്ച സംഭവത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:

‘ 2017 മാര്‍ച്ച്‌ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത് ‘നേരത്തെ യൂണിയനുള്ള അവസാന ഗഡുവായ ഏഴര ലക്ഷം രൂപയ്ക്കുള്ള ഉത്തരവ് സര്‍വകലാശാലയില്‍ നിന്ന് നേരത്തെ ഇറങ്ങിയിരുന്നു. 27 ന് തന്നെ ഇറങ്ങിയിരുന്നു. അതില്‍ പറഞ്ഞിരുന്നത് നേരത്തെ അനുവദിച്ച 22.5 ലക്ഷം രൂപയുടെ ബില്ലും വൗച്ചറും ഹാജരാക്കിയാല്‍ മാത്രമേ ഈ ഏഴു ലക്ഷം രൂപ അവകാശപ്പെടാന്‍ പാടുള്ളു എന്നായിരുന്നു ക്ലോസ്. ഈ വിവരം ഭാരവാഹികളോട് നേരത്ത പറഞ്ഞിരുന്നെങ്കിലും അവര്‍ വകവച്ചില്ല. സംഭവം നടക്കുന്ന അന്ന് ആറര ലക്ഷം രൂപയുടെ ബില്ലുകളും വൗച്ചറും സെറ്റില്‍ ചെയ്തു. ഇനി കുറെ ബില്‍ തരാനുണ്ട്..പക്ഷേ സര്‍വകലാശാല യുവജനോത്സവ തിരക്കായതുകൊണ്ട് ഒരു അണ്ടര്‍ടേക്കിങ് എഴുതി കൊടുക്കണം മാഡം അപ്പോള്‍ ഞങ്ങള്‍ക്കീ തുക ഇന്നു തന്നെ കിട്ടുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി, ഞാന്‍ ഒരു അണ്ടര്‍ടേക്കിങ് എഴുതി അതായത് ഈ തുകയുടെ ഉത്തരവാദിത്വം ഞാന്‍ ഏല്‍ക്കുന്നു എന്ന രീതിയില്‍ അണ്ടര്‍ടേക്കിങ് എഴുതി കൊടുത്ത് ബില്‍ സാങ്ഷന്‍ ചെയ്യാനുള്ള നടപടികള്‍ എന്റെ എസ്‌ഒയുടെ അടുത്ത് പറഞ്ഞ്… 10 മിനിറ്റിനകത്ത് എല്ലാം ശരിയാക്കി വയ്ക്ക്..ഞാന്‍ പ്രോവിസിയുടെ അടുത്ത് അപ്പല്ലേറ്റ് കമ്മിറ്റിയുമായി ബന്ധപ്പെട്ട മീറ്റിങ്ങിന്റെ കാര്യം പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞ് പിവിസിയുടെ റൂമിലേക്ക് പോയപ്പോഴാണ്..200 ഓളം എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ എ.എ.റഹീമിന്റെ നേതൃത്വത്തില്‍ അവിടെ വന്നത്.’

എ.എ.റഹീം നേരേ പിവിസിയുടെ മുറിയില്‍ പോയി നിറയെ ചീത്തയാണ് സാറിനെ വിളിച്ചത്. പിന്നീട് എന്റെ നേര്‍ക്ക് വന്നിട്ട് പറയുകാ..ഡയറക്ടര്‍ എന്ന് പറഞ്ഞാ താന്‍ എന്തെന്നാ വിചാരിച്ചത്..വെറുമൊരു ശിപായിയാണ് എന്ന് 10 പ്രാവശ്യം എങ്കിലും പറഞ്ഞുകാണും.സ്ത്രീയായി പോയി ..കൊന്നു കളയും എന്തോന്നാ വിചാരിച്ചിരിക്കുന്നെ..ഇന്ന് ഈ ബില്ലും ചെക്കും ഒപ്പിട്ടില്ലെങ്കില്‍ താന്‍ ജീവനോടെ പുറത്തുപോകില്ല. എന്നെ പിടിച്ചിരുത്തിയിട്ട്.. മൂന്നു മണിക്കൂര്‍ എന്നെ അനങ്ങാന്‍ അനുവദിച്ചില്ല. ചുറ്റും പെണ്‍കുട്ടികളെ കൊണ്ടുനിര്‍ത്തി..എന്നെ ഈച്ചകളെ പോലെ പൊതിഞ്ഞു. എന്നിട്ട് ചെവിക്ക് അകത്ത് വന്ന് തെറി വിളിക്കുക. എനിക്കറിയില്ല ഇങ്ങനെയൊക്കെ പെണ്‍കുട്ടികള്‍ക്ക് ചീത്ത വിളിക്കാന്‍ കഴിയുമെന്ന്…ഞാന്‍ ഷോക്കായി പോയി.

ആദ്യം പറഞ്ഞത് ഒപ്പിട്ടില്ലെങ്കില്‍, ജീവനോടെ പുറത്തു പോകില്ല എന്ന്. പുറകിലിരുന്ന പെണ്‍കുട്ടികള്‍ എല്ലാം പറഞ്ഞത് ഉടുത്തിരിക്കുന്ന സാരിയെല്ലാം വലിച്ചൂരിയിട്ടായിരിക്കും പുറത്തുപോകേണ്ടി വരിക എന്ന രീതിയിലാണ്. പിന്നെ പറഞ്ഞത് ഡയറക്ടറായി തുടരുകയാണെങ്കില്‍,,മതി നിന്റെ സേവനം, ഇനി തുടരുകയാണെങ്കില്‍ വച്ചേക്കത്തില്ല.

എനിക്കും വൈസ് ചാന്‍സലര്‍ക്കും അവിഹിതമാണെന്ന് വരെയാണ് അവര്‍ പറഞ്ഞത്. പറഞ്ഞിട്ട് ചുറ്റുമുള്ള പെണ്‍കുട്ടികളെ കൊണ്ട് പാട്ട് പാടിച്ചിട്ട്…എന്‍ മനസ്സില്‍ താമസിച്ചാല്‍ മാപ്പ് തരാം രാക്ഷസി.. പിണങ്ങല്ലേ. പിണങ്ങല്ലേ മുത്തേ എന്ന് പാട്ടൊക്കെ പാടി. ഇതിനെയെല്ലാം എഎ റഹീം മറ്റുള്ളവരും പ്രോത്സാഹിപ്പിക്കുകയായിരുന്നു.

എനിക്കും വിസിക്കും തമ്മില്‍ അവിഹിതമുണ്ടെന്ന് പറഞ്ഞത് ചെയര്‍പേഴ്സണ്‍ എസ്.അഷിതയാണ്..എനിക്ക് വിഷമം എന്റെ ഒരുമോളെ പോലെ പോലെ കണ്ട് ഇവരുമായി സഹകരിച്ച എന്നെ എങ്ങനെയാഅ് ഇവര്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുക. പിന്നീട് ബലമായി ചെക്ക് ഒപ്പിടീച്ച്‌ നിയമവിരുദ്ധമായി പാസാക്കി കൊണ്ടുപോയി. ഇവര് പറഞ്ഞത് ഇത് ഞങ്ങളുടെ രീതിയാണ് എന്നാണ്..മൈന്‍ഡ് ചെയ്യേണ്ട എന്നാണ്. ഒപ്പിട്ടില്ലായിരുന്നെങ്കില്‍ എന്നെ കൈകാര്യം ചെയ്യാന്‍ തന്നെയാണ് അവര്‍ വന്നത്. പൊലീസുകാര് വന്നപ്പോള്‍ റഹീം വിരട്ടിയോടിക്കുകയാണ് ചെയ്തത്- ടി. വിജയലക്ഷ്മി പറഞ്ഞു.

എന്നാല്‍, ടീച്ചര്‍ പറയുന്നതില്‍ കഴമ്ബില്ലെന്നും, യൂണിയന് അര്‍ഹതപ്പെട്ട തുകയാണ് തടഞ്ഞുവച്ചതെന്നും, അവിടെ അന്ന് നടന്നത് സമരമാണെന്നും ടീച്ചറെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു യൂണിയന്‍ ഭാരവാഹികളുടെ പ്രതികരണം.

കേസ് ഇങ്ങനെ

2017 മാര്‍ച്ച്‌ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേരളാ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അനുവദിക്കേണ്ടതിന്റെ ചുമതല വിജയലക്ഷ്മിക്കായിരുന്നു. 2017 ലെ യൂണിവേഴ്‌സിറ്റി കലോല്‍സവ സമയത്ത് പ്രതികള്‍ ഏഴു ലക്ഷം രൂപ ആവശ്യപ്പെട്ട് ഇവരെ സമീപിച്ചു. എന്നാല്‍ യൂണിവേഴ്സിറ്റി ചട്ട പ്രകാരം മുന്‍പ് ഫണ്ടില്‍ നിന്നും നല്‍കിയ തുകയുടെ ചിലവഴിക്കല്‍ രേഖകളായ ബില്ലുകള്‍ അടക്കമുള്ള പത്രിക ഹാജരാക്കിയാല്‍ മാത്രമേ ബാക്കി തുക അനുവദിക്കാന്‍ പാടുള്ളുവെന്ന് പ്രൊഫസര്‍ പറഞ്ഞതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് ഇരുനൂറോളം വിദ്യാര്‍ത്ഥികളെ ഒപ്പം കൂട്ടി പ്രതികളുടെ നേതൃത്വത്തില്‍ സംഘം ചേര്‍ന്ന് പ്രൊഫസറെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച്‌ ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു.

അദ്ധ്യാപികയെ തെറി വിളിക്കുകയും കസേരയില്‍ നിന്ന് എണീക്കാന്‍ അനുവദിക്കാതെ തടഞ്ഞു വെച്ച്‌ മുടിയില്‍ പിടിച്ചു വലിക്കുകയും ഓരോ മുടിയിഴകളായി പിഴുതെടുക്കുകയും എസ് എഫ് ഐ വിദ്യാര്‍ത്ഥിനികള്‍ പേന കൊണ്ട് കുത്തുകയുും ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതെയും കുടിവെള്ളം പോലും നല്‍കാതെയും മൂന്നു മണിക്കൂറുകള്‍ മാനസികമായും ശാരീരികമായൂം പീഡിപ്പിക്കുകയും ചെയ്തു. ഇനി ജോലിക്ക് വന്നാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എസ്‌എഫ്‌ഐക്കാരുടെ ഭീഷണി ഭയന്ന് പ്രാണഭയത്താല്‍ പ്രൊഫസര്‍ തുടര്‍ന്ന് കുറച്ചു ദിവസം ജോലിക്ക് ഹാജരായില്ല. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിനു സമീപത്തുള്ള കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല.

കേസെടുക്കാതിരിക്കാന്‍ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നുള്ള സ്വാധീനവുമുണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. പൊലീസില്‍ നിന്നും നീതി ലഭിക്കാത്തതിനാല്‍ അദ്ധ്യാപിക മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. എന്നാല്‍ നീതിയുടെ വാതില്‍ അവിടെയും കൊട്ടിയടക്കപ്പെട്ടതോടെ അവസാന ആശ്രയമായി ഗവര്‍ണ്ണറെ നേരില്‍ കണ്ട് സങ്കടം ബോധിപ്പിച്ചു. തുടര്‍ന്നാണ് അദ്ധ്യാപികയുടെ മൊഴി വാങ്ങി കേസെടുക്കാന്‍ കന്റോണ്‍മെന്റ് പൊലീസ് തയ്യാറായത്. എന്നാല്‍ ഉന്നത സ്വാധീനത്താല്‍ എഫ് ഐ ആറില്‍ വെള്ളം ചേര്‍ത്ത് സുപ്രധാന വകുപ്പുകള്‍ ഒഴിവാക്കി പ്രതികള്‍ക്കെതിരെ നിസ്സാര വകുപ്പുകളിട്ട് നാമ മാത്രമായി ഒരു കേസ് എടുക്കുകയായിരുന്നു.

സത്രീയുടെ മാനത്തെ അധിക്ഷേപിക്കുന്നതിന് ചുമത്തേണ്ട ജാമ്യമില്ലാ വകുപ്പായ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പായ 354 ബോധപൂര്‍വ്വം കന്റോണ്‍മെന്റ് പൊലീസ് എഫ് ഐ ആറിലും കുറ്റപത്രത്തിലും ഒഴിവാക്കിയതും വിവാദമായി. യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിന്‍ഡിക്കേറ്റംഗവും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ. എ. റഹീം , ഡി വൈ എഫ് ഐ നേതാക്കളും മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകരുമായ എസ്. അഷിദ , ആര്‍. അമല്‍ , പ്രദിന്‍ സാജ് കൃഷ്ണ , അബു. എസ്. ആര്‍ , ആദര്‍ശ് ഖാന്‍ , ജെറിന്‍ , അന്‍സാര്‍ . എം , മിഥുന്‍ മധു , വിനേഷ് .വി .എ , അപരന്‍ ദത്തന്‍ , ബി. എസ്. ശ്രീന എന്നിവരാണ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്കാലത്തു സഹയാത്രികയായി നിന്ന അദ്ധ്യാപികയെ മണിക്കൂറുകളോളം അന്യായ തടങ്കലില്‍ വച്ച്‌ ദേഹോപദ്രവം ഏല്‍പ്പിച്ച കേസിലെ ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള പ്രതികള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക