കരിപ്പൂര്‍ സ്വര്‍ണ്ണ കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.മെയ് ഒന്നാം തീയ്യതി പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നുവെന്നും താല്പര്യമുള്ള ചാനലുകാര്‍ ബന്ധപ്പെടാന്‍ ഫോണ്‍ നമ്ബര്‍ സഹിതമാണ് അര്‍ജുന്റെ പോസ്റ്റ്.

https://m.facebook.com/story.php?story_fbid=3064693507104218&id=100006907953252

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മെയ് ഒന്നാം തീയ്യതി ഞാനൊരു പത്രസമ്മേളനം നടത്താന്‍ ആലോചിക്കുന്നു, താല്പര്യമുള്ള ചാനലുകാര്‍ ബന്ധപ്പെടുക 9497667789 ’- ഈ പോസ്റ്റിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ഇടത് പക്ഷത്തെ പ്രതിരോധത്തിലാക്കുന്ന അര്‍ജ്ജുന്റെ വെളിപ്പെടുത്തല്‍ എന്തെല്ലാമാണെന്നാണ്. കാരണം, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ല പ്രസിഡന്‍്റും ആയ മനു തോമസിനെതിരായി നവമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമായ പോസ്റ്റ് ഇട്ടതിന് അര്‍ജ്ജുന്‍ ആയങ്കിയ്‌ക്കെതിരെ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍ അസി. കമ്മീഷണര്‍ക്ക് പരാതി നല്കിയിരുന്നു.

ലഹരി ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘങ്ങള്‍ക്കതിരായി ഡിവൈഎഫ്‌ഐ ക്യാമ്ബയിന്‍ സംഘടിപ്പിച്ചതിന്റെ വിരോധത്തില്‍, സംഘടനയ്ക്കും നേതാക്കള്‍ക്കും നേരേ സോഷ്യല്‍മീഡിയയിലൂടെ നിരന്തരമായി അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നതായും നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. ഇതിനു പിന്നാലെയാണ് തനിക്ക് വെളിപ്പെടുത്തല്‍ നടത്താനുണ്ടെന്ന തരത്തില്‍ ഒരു ഭീഷണിയുമായി അര്‍ജ്ജുന്‍ രംഗത്തെത്തിയത്.

ഡി.വൈ. എഫ്. ഐ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നും പുറത്തായ മനുതോമസിനെ പോലുള്ളവരാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡി.വൈ.എഫ്.ഐ ജില്ലാസമ്മേളനത്തില്‍ നടന്ന ചര്‍ച്ചയെ കുറിച്ചുള്ള വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നുവെന്നും ഇവന്റെയൊക്കെ കോള്‍ ലിസ്റ്റ് തപ്പിനോക്കിയാല്‍ ഇക്കാര്യം മനസിലാകേണ്ടവര്‍ക്ക് മനസിലാകുമെന്നാണ് ആകാശ് തില്ലങ്കേരി പോസ്റ്റ് ചെയ്തിരുന്നു. ഇതിനു സമാനമായ പോസ്റ്റ് കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നയാളുമായ അര്‍ജുന്‍ ആയങ്കിയിടുകയും ആകാശിനെ പിന്‍തുണയ്ക്കുകയും ചെയ്തുവെന്നാണ് ഷാജര്‍ നല്‍കിയ പരാതി.

ആകാശ് തില്ലങ്കേരിയുടെ അതിവിശ്വസ്തനായ അര്‍ജുന്‍ ആയങ്കിയുടെ തുറന്നു പറച്ചിലിനെ ഇടതുപക്ഷവും നേതാക്കന്മാരും ഭയക്കുന്നുണ്ടോ? തില്ലങ്കേരിക്കും ആയങ്കിക്കും എതിരെ സിപിഎം ഔദ്യോഗിക നേതൃത്വം ചില തീരുമാനങ്ങള്‍ എടുത്തതായും ഇതിന് പിന്നാലെയാണ് പത്രസമ്മേളന ഭീഷണിയുമായി ആയങ്കി എത്തിയതെന്നുമാണ് സൈബര്‍ ലോകത്തെ ചര്‍ച്ച. സിപിഎം വിരുദ്ധത പറയുകയാകും ലക്ഷ്യമെന്നാണ് പൊതുവേ ഉയരുന്ന വിലയിരുത്തല്‍.

സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി ചില നേതാക്കള്‍ക്കുള്ള ബന്ധം പാര്‍ട്ടിക്ക് കളങ്കമായി എന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ പാര്‍ട്ടി പ്രവര്‍ത്തകരായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവര്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണക്കടത്ത്- ക്വട്ടേഷന്‍ ആരോപണങ്ങളില്‍ ഇവര്‍ക്ക് സംരക്ഷണം ഒരുക്കുന്നത് സിപിഎം പ്രാദേശിക നേതാക്കളാണെന്ന് നേരത്തെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ, സിപിഐയും സ്വര്‍ണ്ണക്കടത്ത്- ക്വട്ടേഷന്‍ ബന്ധങ്ങളില്‍ പാര്‍ട്ടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ‘രാമനാട്ടുകര ക്വട്ടേഷന്‍ സംഘം പാര്‍ട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാല്‍ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചര്‍ച്ച ചെയ്യണം ‘ എന്നെല്ലാം പാര്‍ട്ടി മുഖപത്രത്തില്‍ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക