തിരുവനന്തപുരം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനും സിപിഐഎം നേതാവ് കാരായി രാജനുമെതിരെ പരാതി നല്‍കി പുന്നോല്‍ ഹരിദാസന്‍ കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട രേഷ്മ. മുഖ്യമന്ത്രിക്കാണ് രേഷ്മ പരാതി നല്‍കിയത്. എംവി ജയരാജന്‍ തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തി. തന്റേത് സിപിഐഎം അനുഭാവി കുടുംബമാണെന്നും രേഷ്മ പറഞ്ഞു.

കൊലക്കേസ് പ്രതിയെ അധ്യാപിക ഒളിവില്‍ താമസിപ്പിച്ചത് സംശയാസ്പദമാണെന്നും എംവി ജയരാജന്‍ ആരോപിച്ചിരുന്നു. ആള്‍താമസമില്ലാത്ത ഈ വീട്ടിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞത്. പലപ്പോഴും വാടകക്ക് കൊടുക്കാറുള്ള വീടാണിത്. അങ്ങനെ ഒരു വീട്ടില്‍ ആരുമറിയാതെ ഒരാളെ താമസിപ്പിക്കുകയും രഹസ്യമായി ഭക്ഷണം എത്തിക്കുകയും ചെയ്തതില്‍ ദുരൂഹതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിക്ക് അധ്യാപികയുമായുള്ള ബന്ധം, അധ്യാപികയ്ക്ക് അമൃത വിദ്യാലയത്തില്‍ ജോലി ലഭിച്ച സാഹചര്യം എന്നിവ പരിശോധിച്ചാല്‍ കൂടുംബത്തിന്റെ ആര്‍എസ്‌എസ് ബന്ധം വ്യക്തമാവും എന്നും എംവി ജയരാജന്‍ പ്രതികരിച്ചു. രേഷ്മയുടെ കുടുംബം സിപിഐഎം അനുഭാവമുള്ളവരാണെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്നും എംവി ജയരാജന്‍ പറഞ്ഞിരുന്നു. ബിജെപിയുടെ സ്ഥിരം അഭിഭാഷകനായ പി പ്രേമരാജനാണ് രേഷ്മയ്ക്ക് വേണ്ടി കോടതിയില്‍ ഹാജാരായത്. ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രേഷ്മയെ കൂട്ടികൊണ്ട് പോകാന്‍ എത്തിയതെന്നും എംവി ജയരാജന്‍ ചൂണ്ടിക്കാണിച്ചു.

”കേസില്‍ രേഷ്മയ്ക്ക് വേണ്ടി ഹാജരായത് ബിജെപിയുടെ സ്ഥിരം അഭിഭാഷകനാണ്. പ്രതിയായ സ്ത്രീയെ സ്വീകരിക്കാനെത്തിയത് ബിജെപി നേതാവ് അജേഷാണ്. അജേഷ് ലതേഷ് കൊലക്കേസിലെ പ്രതിയാണ്. കൊലക്കേസ് പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബിജെപി നേതാക്കള്‍ അടക്കമുള്ളവര്‍ എത്തിച്ചേര്‍ന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാല്‍ ഇക്കാര്യത്തില്‍ വേറെ സംശയത്തിന് അടിസ്ഥാനമില്ല. എന്തൊക്കെ വാര്‍ത്തകള്‍ വന്നാലും വസ്തുത എന്താണെന്ന് ഇപ്പോള്‍ വ്യക്തമാക്കപ്പെട്ടു. പ്രതിയെ ഒളിപ്പിച്ചത് ആര്‍എസ്‌എസ് ബന്ധം കൊണ്ടല്ലാതെ മറ്റെന്താണ്. എന്നിട്ടും ഈ സ്ത്രീയുടെ ജാതകം എന്താണെന്ന് ചോദിക്കുകയാണ്.”എംവി ജയരാജന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക