ആലപ്പുഴ : സംസ്ഥാനത്തെ അറിയപ്പെട്ടുന്ന രണ്ട് യുവ ഐ.എ.എസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു എസ്.രാജും ഒരുമിച്ചുള്ള ജീവിത യാത്ര ആരംഭിക്കുന്നു. അടുത്ത ഞായറാഴ്ച എറണാകുളം ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ വച്ച്‌ താലിക്കെട്ട് നടക്കുമെന്നാണ് വിവരം. ഇരുവരുടെയും അടുത്ത ബന്ധുക്കള്‍മാത്രാണ് ചടങ്ങിലേക്ക് ക്ഷണമുള്ളത്. ശ്രീറാമിന്റെയും രേണുവിന്റെയും കുടുംബങ്ങള്‍ തമ്മിലെടുത്ത തീരുമാനമാണ് ഇപ്പോള്‍ വിവാഹത്തിലെത്തിയത്.

മാധ്യമപ്രവര്‍ത്തകന്‍ ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായി സസ്പെന്‍ഷനിലായ ശേഷം മടങ്ങിയെത്തിയ ശ്രീറാം ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനില്‍ എം.ഡിയുമാണ്. ആലപ്പുഴ ജില്ലാ കളക്ടറാണ് രേണു രാജ്. ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. ശ്രീറാമിന്റെ പ്രശ്നങ്ങള്‍ മനസിലാക്കി രേണുവിന്റെ കുടുംബം വിവാഹത്തിന് താത്പര്യം പ്രകടപ്പിക്കുകയായിരുന്നു. സര്‍വ്വീസിലെ സുഹൃത്തുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എം.ബി.ബി.എസിന് ഒപ്പം പഠിച്ച ഭഗതുമായായിരുന്നു രേണുവിന്റെ ആദ്യവിവാഹം. എം.ബി.ബി.എസ് ബിരുദത്തിന് ശേഷമാണ് ഇരുവരും സര്‍വീസിലെത്തുന്നത്. ദേവികുളം സബ്കളക്ടായി ആദ്യം ശ്രീറാമും പിന്നീട് രേണുവും അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ സ്വീകരിച്ച നടപടികളും രാഷ്ട്രീയ നേതൃത്വങ്ങളുമായുള്ള ഏറ്റമുട്ടലും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാര്‍ കൈയേറ്റങ്ങളൊഴുപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസറെന്ന നിലയിലായിരുന്നു ശ്രീറാമിന് കേരളം കൈയടിച്ചത് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു.

സുവോളജി പ്രൊഫസറായ ഡോ. പി ആര്‍ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂര്‍ത്തിയുടെയും മകനായി 1986 നവംബര്‍ 28ന് എറണാകുളത്തെ പനമ്ബിള്ളിനഗറില്‍ ജനനം. നാഷണല്‍ മെഡിക്കല്‍ എന്‍ട്രന്‍സില്‍ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് പ്രവേശനം നേടിയത്. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി. 2013ല്‍ രണ്ടാം റാങ്ക് തിളക്കത്തോടെ സിവില്‍ സര്‍വ്വീസില്‍ എത്തി. പിന്നീട് പത്തനംതിട്ടയില്‍ അസിസ്റ്റന്റ് കളക്ടറായി ഒരു വര്‍ഷം. തിരുവല്ല ആര്‍ഡിഒ ആയി പ്രവര്‍ത്തിച്ചു. ഡല്‍ഹിയില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പില്‍ അസിസ്റ്റന്റ് സെക്രട്ടറിയായി മൂന്നു മാസം. 2016 ജൂലൈ 22ന് ഇടുക്കി ജില്ലയില്‍ ദേവികുളം സബ്കലക്ടറായി ചുമതലയേറ്റു.

മൂന്നാര്‍ സംഭവത്തില്‍ പ്രദേശത്തെ രണ്ട് എംഎല്‍എമാരും ഒരു എംപിയും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. അദ്ദേഹത്തെ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭരണകക്ഷിയായ സിപിഎമ്മിന്റെ പ്രാദേശിക യൂണിറ്റ് ആര്‍ഡിഒ ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. മൂന്നാര്‍ വിഷയം വിവാദമായതിനു ശേഷം ശ്രീറാമിന് സ്ഥാന ചലനം ഉണ്ടാകുകയും തുടര്‍ന്ന് എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഈ സ്ഥാനത്ത് ഇരിക്കുമ്ബോഴാണ് ഉന്നത പഠനത്തിനായി വിദേശത്ത് പോയത്. പഠനാവധി കഴിഞ്ഞ് തിരികെ എത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായാണ് നിയമിച്ചു. പ്രൊജക്‌ട് ഡയറക്ടര്‍-കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന്‍, ഹൗസിങ് കമ്മീഷണര്‍, സെക്രട്ടറി-കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ് എന്നീ അധിക ചുമതലകളും നല്‍കി. ചുമതലയേറ്റതിനു പിന്നാലെയാണ് വഫ ഫിറോസിനൊപ്പമുള്ള യാത്രക്കിടെയുണ്ടായ വാഹനാപകടം ജീവിതം മാറ്റി മറിച്ചത്.

ഒറ്റ രാത്രികൊണ്ടാണ് ഹീറോയില്‍ ശ്രീറാം വില്ലന്‍ വേഷത്തിലേക്ക് മാറി. തിരുവനന്തപുരത്ത് വച്ച്‌ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ സിറാജ് ദിനപത്രത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബഷീര്‍ മരിക്കുകയും ചെയ്തു. കോട്ടയം ചങ്ങനാശേരി ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എം കെ രാജശേഖരന്‍ നായരുടെയും വി എന്‍ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന്‍.

പ്രൈമറി തലം മുതല്‍ പഠനത്തില്‍ മിടുക്കിയായിരുന്ന രേണു രാജ് ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളില്‍ നിന്നും 10-ാം ക്ലാസ്സില്‍ നിന്ന് 11-ാം റാങ്കോടെ വിജയിച്ചു. തൃശൂരില്‍ ഹയര്‍സെക്കണ്ടറി പഠനത്തിന് ശേഷം തൃശൂരില്‍ പി സി തോമസിന്റെ എന്‍ട്രന്‍സ് ട്രെയിനിങ് സെന്ററില്‍ ചേര്‍ന്നു. സംസ്ഥാനത്തെ 60-ാം റാങ്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടിയ രേണു 2014 ല്‍ മികച്ച വിജയത്തോടെ പഠനം പൂര്‍ത്തിയാക്കി. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഉന്നതനിലവാരം പുലര്‍ത്തിയ രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും ജില്ലാ തലത്തില്‍ സമ്മാനങ്ങള്‍ നേടി. 2012ല്‍ പേള്‍ ഓഫ് സെന്റ് തെരേസാസ് അവാര്‍ഡും മികച്ച പ്രാസംഗികയും കൂടിയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന രേണു 2008-09 കോളേജ് യൂണിയനില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആയിരുന്നു.

എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്. ഐഎഎസ് പ്രൊബേഷണര്‍മാരുടെ ജില്ലാ പരിശീലനത്തില്‍ അസി. കളക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തില്‍ ഒന്നാം റാങ്കും കിട്ടിയിരുന്നു. ആദ്യ നിയമനം തൃശൂരില്‍. തൃശൂര്‍ ഡെപ്യൂട്ടി കളക്ടറായിരിക്കെ ക്വാറി മാഫിയകളുടെ കണ്ണിലെ കരടായി. പിന്നീട് മൂന്നാറില്‍ സബ് കളക്ടറായി എത്തിയപ്പോഴും അനീതിക്കെതിരെ ശബ്ദമുയര്‍ത്തി.

മുതിരപ്പുഴയാറിന്റെ തീരത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിനു സ്റ്റോപ് മെമോ കൊടുത്തു. നേരിട്ടെത്തി പരിശോധിക്കുന്നതിനിടയില്‍ ദേവീകുളം എംഎ‍ല്‍എ. രാജേന്ദ്രന്‍ സ്ഥലത്തെത്തുകയും കളക്ടറോട് കയര്‍ക്കുകയും അവരെ അവഹേളിക്കുകയും ചെയ്തു. അദ്ദേഹം രേണുവിനെക്കുറിച്ച്‌ നടത്തിയ മോശമായ പരാമര്‍ശങ്ങള്‍ സമൂഹത്തിന്റെ വിമര്‍ശനത്തിനു കാരണമായി. അതിന്റെ പേരില്‍ അദ്ദേഹം പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക