എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്ബോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ പദ്ധതികളുമായി കോണ്‍ഗ്രസ്. സിറ്റിങ് സീറ്റായ തൃക്കാക്കര നിലനിര്‍ത്തുക എന്നത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള ഒന്നാണെന്ന വിലയിരുത്തല്‍ കൂടിയാണ് വിശാലമായ തെരഞ്ഞെടുപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ് കളം പിടിക്കാന്‍ ഒരുങ്ങുന്നതിന് പിന്നില്‍. തൃക്കാക്കര മണ്ഡലത്തെ 11 മേഖലകളായി തിരിച്ച്‌ മുതിര്‍ന്ന നേതാക്കളെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചുമതലക്കാരെ തീരുമാനിച്ചത്.

ചുമതലകള്‍ ഇങ്ങനെ: തൃക്കാക്കര നോര്‍ത്ത് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, തൃക്കാക്കര ഈസ്റ്റ്- അബ്ദുള്‍ മുത്തലിബ്, തൃക്കാക്കര സെന്‍ട്രല്‍ – കെബി മുഹമ്മദ്കുട്ടി, തൃക്കാക്കര വെസ്റ്റ് റോജി എം ജോണ്‍ എംഎല്‍എ, വെണ്ണല – കെപി ധനപാലന്‍, ഇടപ്പള്ളി- പി ജെ ജോയ്, കടവന്ത്ര- എന്‍ വേണുഗോപാല്‍, വൈറ്റില – ഡൊമനിക് പ്രസന്റേഷന്‍, പൂണിത്തുറ- വിപി സജീന്ദ്രന്‍, തമ്മനം – ടിജെ വിനോദ് എംഎല്‍എ, പാലാരിവട്ടം – ജയ്‌സണ്‍ ജോസഫ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവര്‍ പങ്കെടുക്കുന്ന ഈ മാസം 29 ന് നടക്കുന്ന യോഗത്തില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തും. പി ടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംബന്ധിച്ച്‌ ചര്‍ച്ചകള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പിടി തോമസിന്റെ ഭാര്യ ഉഷ തോമസിനാണ് കൂടുതല്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ മൂന്ന് മണിക്കൂറിനകം കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാവും എന്ന തരത്തിലായിരുന്നു സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ മറുപടി.

എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കരുതലോടെ നീങ്ങുകയാണ് സിപിഐഎം. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിഷയത്തില്‍ തിടുക്കം വേണ്ടെന്നാണ് സിപിഐഎം നേതൃത്വത്തിന്റെ നിലപാട്. ഇടത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതില്‍ നിര്‍ണായക തീരുമാനം ഈ മാസം 27 ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

അതേസമയം, തൃക്കാക്കരയില്‍ പാര്‍ട്ടിയെ സുസജ്ജമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഐഎം നീക്കം. ഒരോ ബൂത്തുകള്‍ക്കും ഒരോ ഏരിയ കമ്മിറ്റി അംഗത്തെ ചുമതല നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപ്പിക്കാനാണ് സിപിഐഎം പദ്ധതി. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഒരോരുത്തര്‍ക്കും നാല് മുതല്‍ ആറ് വരെ ബുത്തുകളുടെ ചുമതലയും വീതിച്ച്‌ നല്‍കും. ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ക്ക് ഒരോ ലോക്കല്‍ കമ്മിറ്റികളുടെ ചുമതലയാവും നല്‍കുക. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍, കേന്ദ്ര കമ്മിറ്റി അംഗം പി രാജീവ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നിവര്‍ക്കാണ് തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക