കണ്ണൂര്‍: മാഹിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസില്‍ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് ജാമ്യം. ഹരിദാസ് കൊലക്കേസ് പ്രതിയെ ഒളിവില്‍ താമസിക്കാന്‍ സഹായിച്ച കേസില്‍ ഇന്നലെയാണ് രേഷ്മയെ അറസ്റ്റ് ചെയ്തത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതി നിജിലിനെ ഒളിവില്‍ പാര്‍പ്പിച്ചതിനായിരുന്നു കേസ്. രേഷ്മയുടെ പിണറായിലെ വീട്ടിലായിരുന്നു പ്രതി ഒളിച്ച്‌ താമസിച്ചത്.

ഹരിദാസ് വധക്കേസിലെ പ്രതി നിജിന്‍ ദാസിനെ ഇന്നലെയാണ് പൊലീസ് പിടികൂടിയത്. നിജില്‍ ദാസ് പിടിയിലായതിന് പിന്നാലെ ഈ വീടിന് നേരെ ഇന്നലെ ബോംബേറും ഉണ്ടായിരുന്നു. വീട് അടിച്ച്‌ തകര്‍ത്ത ശേഷമായിരുന്നു ബോംബേറ്. ബോംബാക്രമണം സ്വാഭാവിക പ്രതികരണം ആകാമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്‍റെ പ്രതികരണം. സിപിഎം രാഷ്ട്രീയമായി അത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും സിപിഎമ്മിന് ഏറെ സ്വാധീനമുള്ള സ്ഥലം ഒളിവില്‍ കഴിയാന്‍ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷില്ലെന്നും കക്കോത്ത് രാജന്‍ പറഞ്ഞു. പ്രശാന്തിന്‍്റെ കുടുംബവുമായി ഇനിയും സഹകരിക്കുമെന്നും സിപിഎം പ്രാദേശിക നേതൃത്വം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) പിണറായിയിലെ വീടിന് തൊട്ടടുത്തുള്ള സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണെന്നത് വലിയ ഞെട്ടലാണ് കണ്ണൂരിലെ പാര്‍ട്ടി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയത്. ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജില്‍ ദാസ് സിപിഎം പ്രവര്‍ത്തകന്‍ പ്രശാന്തിന്റെ വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. പാര്‍ട്ടിയുമായി സഹകരിക്കുന്ന കുടുംബം ആയിരുന്നു പ്രശാന്തിന്റേതെന്ന് സിപിഎം പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ ഈ വീട്ടിലേക്ക് പ്രതി എത്തിയത്. സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മ. രേഷ്മയുടെ ഭ‍ര്‍ത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നല്‍കി വരാറുണ്ട്. എന്നാല്‍ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ രേഷ്മ നിജില്‍ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആര്‍എസ്‌എസുകാരന്‍ ഒളിവിലായത് എന്ന വാര്‍ത്ത പരന്നതിന് പിന്നാലെ ഇന്നലെ രാത്രി വീടിന് നേരെ ബോംബേറുണ്ടായി.

രേഷ്മ എസ്‌എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും ഭര്‍ത്താവ് പ്രശാന്തിന് സിപിഎമ്മുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത് എന്നും പിണറായി ലോക്കല്‍ സെക്രട്ടറി കക്കോത്ത് രാജന്‍ പറഞ്ഞു. എന്നാല്‍ രേഷ്മയും പ്രശാന്തും ആര്‍എസ്‌എസുമായി സഹകരിക്കുന്നവര്‍ എന്നാണ് ജില്ലാ സെക്രട്ടറിയുടെ തിരുത്ത്. രേഷ്മയും പ്രതി നിജില്‍ ദാസും തമ്മിലുള്ള ദുരൂഹമായ ബന്ധം കാരണമാണ് പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതെന്നാണ് വിശദീകരണം.

മുഖ്യന്ത്രിയുടെ വീടിന് 200 മീറ്റര്‍ മാത്രം അകലെ കൊലക്കേസ് പ്രതി ഒളിച്ചുകഴിഞ്ഞതും ബോംബേറുണ്ടായതും പൊലീസിന്റെ വീഴ്ചയായി. സമൂഹമാധ്യമങ്ങളില്‍ ഇടത് ഗ്രൂപ്പുകളില്‍ രേഷ്മയെ സൈബര്‍ അറ്റാക്ക് ചെയ്യുന്ന പോസ്റ്റുകള്‍ നിറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക