കീവ്: എല്ലാ യുദ്ധങ്ങളും സ്ത്രീകള്‍ക്ക് നേരെയുള്ള കൊടിയ അതിക്രമങ്ങളായാണ് അവസാനം മാറുക. ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലുമൊക്കെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ സംഖ്യ പതിനായിരങ്ങളാണ്. ഇപ്പോള്‍ യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിലും, കണ്ണില്ലാത്ത ക്രൂരതയുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. റഷ്യന്‍ സൈന്യം ഒഴിച്ചുപോയ ബുച്ച നഗരത്തില്‍ നിന്നെല്ലാം ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്തതിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.

ബലാത്സംഗത്തെ കേവലം പട്ടാളക്കാരുടെ ആനന്ദത്തിന് മാത്രമല്ല, യുക്രെയിനെ മാനസികമായി തകര്‍ക്കാനും പേടിപ്പെടുത്താനുമുള്ള ഒരു തന്ത്രം കൂടിയായാണ് റഷ്യ ഉപയോഗിക്കുന്നത് എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. എല്ലാവിധ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് സിവിലിയന്മാരെ ബലാത്സംഗം ചെയ്യാന്‍ സൈനിക ജനറല്‍മാര്‍ തന്നെ അനുമതി നല്‍കുകയും അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നിര്‍ദ്ദേശം കൊടുത്തതായും ബ്രിട്ടീഷ് പത്രമായ ഡെയിലി മെയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തള്‍. യുക്രെയിന്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതിനായി അനുമതി നല്‍കുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയുടെ ഓഡിയോ ലോകത്തെ ഞെട്ടിക്കുന്നതാണ്. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ ഇത്തരം ക്രൂരതകള്‍ ചെയ്യുമെന്ന് സത്രീകള്‍ക്ക് പോലും അറിയാമെന്നും എന്നിട്ടും അവര്‍ തടയുന്നില്ല എന്നതും ഞെട്ടിപ്പിക്കുന്നതാണെന്ന് ഇത് പുറത്തുവിട്ട മാധ്യമമായ റേഡിയോ ഫ്രീ യൂറോപ്പ് ചൂണ്ടിക്കാട്ടുന്നു. യുക്രെയിനി സ്ത്രീകളെ തങ്ങളുടെ പട്ടാളക്കാരായ ഭര്‍ത്താക്കന്മാര്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഭാര്യമാരെക്കൊണ്ട് കരുതിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മാറുകയാണ്. യുക്രെയിനികള്‍ ഇങ്ങനെ അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണെന്ന് സാമാന്യ ജനതയെക്കൊണ്ട് വിശ്വസിപ്പിക്കാന്‍, റഷ്യന്‍ പ്രൊപ്പഗന്‍ഡ മീഡിയക്ക് കഴിഞ്ഞുവെന്നും മീഡിയാ അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

കോളിളക്കം സൃഷ്ടിച്ച്‌ ഒരു ഓഡിയോ

കഴിഞ്ഞ ആഴ്ച യുക്രെയിന്‍ രഹസ്യാന്വേഷണ ഏജന്‍സി റഷ്യയില്‍ നിന്നും അവരുടെ സൈനികര്‍ക്ക് വന്ന ചില കോളുകള്‍ ചോര്‍ത്തി പുറത്തുവിട്ടിരുന്നു. അതിലൊരു കോള്‍ ഒരു ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതായിരുന്നു. റഷ്യയില്‍ യുദ്ധത്തിന് വന്ന ഭര്‍ത്താവിനോട് ഭാര്യ സംസാരിക്കുന്ന കോള്‍ ആണ് പുറത്തുവിട്ടത്. യുക്രെയിന്‍ സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ താന്‍ അനുമതി ഭര്‍ത്താവ് ചോദിക്കുകയാണ്. എന്നാല്‍, ‘ബലാല്‍സംഗം ചെയ്യാന്‍ സമ്മതം. പക്ഷേ, ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കണം’ എന്നായിരുന്നു ഭാര്യയുടെ മറുപടി.

ഇത് പുറത്തുവന്നതോടെ ഇങ്ങനെ ഒരു സംഭവം ഇല്ലെന്നും യുക്രെയിന്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന, അവകാശവാദവുമായി റഷ്യന്‍ മാധ്യമങ്ങളും രംഗത്ത് എത്തി. അതിനിടെയാണ് ബലാത്സംഗം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിന് അനുവാദം നല്‍കിയ റഷ്യന്‍ യുവതിയെ റേഡിയോ ഫ്രീ യൂറോപ്പ് കണ്ടെത്തിയത്.

യുഎസ് ഗവണ്‍മെന്റ് ഫണ്ട് ചെയ്യുന്ന റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി എന്ന മാധ്യമസ്ഥാപനമാണ് സംഭവം അന്വേഷിച്ചത്. റോമന്‍ ബൈകോവ്സ്‌കി എന്ന 27 -കാരനായ റഷ്യന്‍ സൈനികനാണ് റഷ്യയില്‍ നിന്നും കോള്‍ വന്നതെന്നാണ് ഈ സ്ഥാപനം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇയാളെ വിളിച്ച്‌ ബലാല്‍സംഗത്തിന് അനുമതി നല്‍കിയത് ഭാര്യ ഓള്‍ഗ ബൈക്കോവ്‌സ്‌കിയയാണെന്നും റേഡിയോ ഫ്രീ യൂറോപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനഭംഗപ്പെടുത്തി സ്വസ്തിക ചിഹ്നം പൊള്ളിക്കുന്നു

യുക്രെയിന്‍ സ്ത്രീകളെ റഷ്യന്‍ സൈനികര്‍ ബലാത്സംഗം ചെയ്തതായി വ്യാപക ആരോപണം ഉയരുന്നതിനിടയിലാണ് ഈ സംഭവം പുറത്ത് വന്നത്. തന്റെ രാജ്യത്ത് ചെറിയ കുട്ടികള്‍ അടക്കം പലരും റഷ്യന്‍ സൈനികരില്‍ നിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിടുന്നതായി യുക്രെയിന്‍ പ്രസിഡന്റ്് വൊളോദിമര്‍ സെലെന്‍സ്‌കി ആരോപിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളോടൊന്നും റഷ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ബലാത്സംഗം ഒരു യുദ്ധക്കുറ്റമായിട്ടാണ് കണക്കാക്കുന്നത്. കുറ്റവാളികളായ സൈനികര്‍ പിടിക്കപ്പെട്ടാല്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ നേരിടേണ്ടി വരും. ബലാത്സംഗം നടക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, പ്രതികരിക്കാതെ ഇരിക്കുന്ന കമാന്‍ഡര്‍മാരും നിയമത്തിന് മുന്നില്‍ തെറ്റുകാരാണ്. റഷ്യ പിന്തിരിഞ്ഞുപോയ യുക്രൈനിലെ ബുച്ച നഗരത്തില്‍നിന്ന് ഒക്കെ ക്രൂരമായ ബലാത്സംഗത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ലെസിയ വാസിലെങ്കോ എന്ന യുക്രെയിന്‍ എം പി പറയുന്നത് സ്ത്രീകളെ ക്രൂരമായ ബലാത്സംഗത്തിന് വിധേയരാക്കുന്ന റഷ്യന്‍ സൈനികര്‍ പിന്നീട് അവരുടെ ദേഹത്ത് സ്വസ്തിക ചിഹ്നത്തിന്റെ രൂപത്തില്‍ പൊള്ളല്‍ ഉണ്ടാക്കുമായിരുന്നത്രെ. ഇങ്ങനെയുള്ള മൃതദേഹങ്ങളും കിട്ടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക