തിരുവനന്തപുരം: കോടഞ്ചേരിയിലെ മിശ്ര വിവാഹിതരായ ജോയ്‌സ്‌നയും ഷെജിനും ഡിവൈഎഫ്‌ഐ ആസ്ഥാനമായ യൂത്ത് സെന്റര്‍ സന്ദര്‍ശിച്ചു. സംസ്ഥാന സെക്രട്ടറി വികെ സനോജും സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമും ചേര്‍ന്നായിരുന്നു ഇരുവരേയും ഇവിടെ സ്വീകരിച്ചത്. ഷെജിന്‍ തന്നെയാണ് ഇതിന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിനും ജോയ്‌സ്‌നയും വിവാഹം കഴിഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ ഷെജിന്‍ ഇതരമതസ്ഥയായ ജോയ്‌സ്‌നയെ വിവാഹം ചെയ്തത് ലവ് ജിഹാദാണെന്ന ആരോപണമുയര്‍ത്തി പ്രദേശത്ത് ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച്‌ ഉള്‍പ്പെടെ നടന്നിരുന്നു. ഇരുവരുടേയും വിവാഹം ലവ് ജിഹാദാണെന്നായിരുന്നു തീവ്രസംഘടനകളുടെ ആരോപണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവര്‍ക്കുമെതിരെ സിപിഐഎമ്മും പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതാവായ ഷെജിന്‍ പാര്‍ട്ടിയെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും ഇരുവരുടേയും വിവാഹം പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന് വഴിവെക്കും എന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ്ജ് എം തോമസ് പരാമര്‍ശം. കേരളത്തില്‍ ലവ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും മിശ്ര വിവാഹം നടത്തിയ ഷെജിനെതിരെ നടപടി ഉണ്ടാവുമെന്നും ജോര്‍ജ്ജ് എം തോമസ് പറഞ്ഞിരുന്നു. എന്നാല്‍, ജോര്‍ജ്ജ് എം തോമസിനെ തിരുത്തി ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയിരുന്നു.

ജോര്‍ജ്ജ് എം തോമസിനെ പൂര്‍ണ്ണമായും തള്ളുന്നതായിരുന്നു ഡിവൈഎഫ്‌ഐയുടെ നിലപാട്. ലവ് ജിഹാദ് ഒരു നിര്‍മ്മിത കള്ളം ആണെന്ന് പ്രസ്താവനയിറക്കിയ ഡിവൈഎഫ്‌ഐ ഷെജിനും ജോയ്‌സ്‌നയ്ക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സ്ഥാപിത ശക്തികള്‍ മനഃപൂര്‍വം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം എന്നുമായിരുന്നു ഡിവൈഎഫ്‌ഐ നിലപാട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക