തിരുവനന്തപുരം: എ.ഡി.ജി.പി അനിൽകാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചു. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഇദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചത്. സുധേഷ്‌കുമാറിനെയും, ബി.സന്ധ്യയെയും ഒഴിവാക്കിയാണ് ഇപ്പോൾ ഇദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

വൈകുന്നേരം നാലരയോടെ പൊലീസ് ആസ്ഥാനത്തെത്തുന്ന പുതിയ പൊലീസ് മേധാവി പൊലീസ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ബെഹ്‌റയിൽനിന്ന് ചുമതല ഏറ്റെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സന്ധ്യയ്ക്കായിരുന്നു തുടക്കത്തിൽ മുൻതൂക്കം. എന്നാൽ അനിൽ കാന്തിന് വേണ്ടിയുള്ള ചരടു വലികൾ ശക്തമായിരുന്നു. മുഖ്യമന്ത്രിയുമായി ഏറെ അടുപ്പമുള്ള രമൺ ശ്രീവാസ്തയാണ് അനിൽകാന്തിന് വേണ്ടി ചരടു വലിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

വയനാട്ടിൽ എഎസ് പിയായി അനിൽ കാന്ത് എത്തുമ്പോൾ മുതൽ ശ്രീവാസ്തവയുമായി അടുത്ത ബന്ധമുണ്ട്. ഏഴു മാസമാണ് അനിൽ കാന്തിന് വിരമിക്കാനുള്ളത്. ഈ സമയം അനിൽ കാന്തിനെ ചുമതല ഏൽപ്പിക്കുക. അതിന് ശേഷം വീണ്ടും ടോമിൻ തച്ചങ്കരിയെ എത്തിക്കാൻ സർക്കാർ ശ്രമം നടത്തും. ബെഹ്റ വിരമിച്ചാൽ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസുകാരൻ ഋഷിരാജ് സിംഗാണ്. ഋഷിരാജ് സിങ് അടുത്ത മാസം വിരമിക്കും. അതു കഴിഞ്ഞാൽ തച്ചങ്കരിയാണ് സീനിയർ.

രണ്ട് ഘട്ടങ്ങളിലായി അഞ്ചുവർഷത്തെ സേവനത്തിനു ശേഷമാണ് പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നത്. ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലൻസ് ഡയറക്ടർ, ജയിൽ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് 1985 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റ.

ഒഡിഷയിലെ ബെറാംപുർ സ്വദേശിയായ അദ്ദേഹം എൻ.ഐ.എ.യിൽ അഞ്ചുവർഷവും സിബിഐ.യിൽ 11 വർഷവും പ്രവർത്തിച്ചു. 1995 മുതൽ 2005 വരെ എസ്പി., ഡി.ഐ.ജി. റാങ്കുകളിലാണ് സിബിഐ.യിൽ ജോലിചെയ്തത്. സുപ്രീംകോടതിയുടെ പ്രത്യേക ഉത്തരവനുസരിച്ചാണ് അദ്ദേഹത്തിന് സിബിഐ.യിൽനിന്ന് വിടുതൽ നൽകിയത്. പുരുലിയ ആയുധവർഷക്കേസ്, മുംബൈ സ്‌ഫോടന പരമ്പര കേസ്, ഹരേൻ പാണ്ഡ്യ കൊലപാതക കേസ് തുടങ്ങിയവയുൾപ്പെടെ രാജ്യശ്രദ്ധ നേടിയ കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, കലാപം, ഭീകരവാദം തുടങ്ങി വിവിധ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചു.

ആലപ്പുഴ എ.എസ്പി.യായാണ് കേരള പൊലീസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സ്തുത്യർഹ സേവനത്തിനും വിശിഷ്ടസേവനത്തിനുമുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക