പാലാ നഗരസഭയിലെ അരുണാപുരം വാർഡിൽ ഉപതെരഞ്ഞെടുപ്പ് വന്നേക്കാനുള്ള സാധ്യതകൾ മുന്നിൽ കണ്ട് കേരള കോൺഗ്രസിൽ ഉൾപ്പാർട്ടി ചരടുവലികൾ ശക്തം. നിലവിൽ വാർഡ് പ്രതിനിധിയായ ജിമ്മി ജോസഫ് യു ഡി എഫിന് പിന്തുണ നൽകുന്ന സ്വതന്ത്ര അംഗമാണ്. അദ്ദേഹം വിദേശത്തേക്ക് സ്ഥിരമായി താമസം മാറുന്നു എന്ന ശക്തമായ പ്രചരണമാണ് കേരളാകോൺഗ്രസ് കേന്ദ്രങ്ങൾ അഴിച്ചുവിടുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള കോൺഗ്രസിൽ ഉപജാപ നീക്കങ്ങൾ ശക്തമായത്.

പാർട്ടി മണ്ഡലം പ്രസിഡൻറും നിലവിൽ എൻ ജയരാജിൻറെ പേഴ്സണൽ സ്റ്റാഫ് അംഗവും ആയ ബിജു പാലൂർപടവിൽ സ്ഥാനാർഥിയായി വരണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് ചരടുവലികൾ ശക്തമാക്കുന്നത്. ഇതിനായി മുൻ നഗരസഭ ചേർപേഴ്സൺ ആയ ഒരു വനിതാ കൗൺസിലറുടെ വീട്ടിൽ യോഗം ചേരുകയും ബിജുവിനെ സ്ഥാനാർത്ഥിയായി അവതരിപ്പിക്കണമെന്ന് തീരുമാനമെടുക്കുകയും ചെയ്തു എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നത്. നിലവിൽ കൗൺസിലറായ മറ്റൊരു മുൻ ചെയർപേഴ്സൺ തന്നെയാണ് നീക്കങ്ങൾക്ക് മുൻകൈയെടുക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മറ്റൊരു വാർഡിൽ തോറ്റ സ്ഥാനാർത്ഥിക്ക് വീണ്ടും സീറ്റ്- പാർട്ടിക്കുള്ളിൽ അമർഷം

കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പിൽ പാലാ അരമന വാർഡിൽ നിന്ന് പരാജയപ്പെട്ട സ്ഥാനാർത്ഥിയാണ് ബിജു പാലൂർപടവിൽ. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന ആളു കൂടിയാണ് ഇദ്ദേഹം. ഇദ്ദേഹം പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നിലവിലെ ചെയർമാൻ ആൻറ്റോ ജോസിന് അവസരം ലഭിച്ചത്. പരാജയത്തിനു ശേഷം പാർട്ടി മണ്ഡലം പ്രസിഡൻറ് പദവിയിലിരുന്ന് ഇദ്ദേഹം നഗര ഭരണത്തിൽ ഇടപെടുന്നുവെന്നും, ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫ് പദവിയിലിരുന്ന് പതിനായിരങ്ങൾ ശമ്പളം കൈപ്പറ്റുമ്പോൾ പോലും പാലാ നഗരസഭയിൽ സ്ഥിരം സാന്നിധ്യമായി ഇദ്ദേഹം പിൻസീറ്റ് ഡ്രൈവിംഗിലൂടെ ഭരണം നിയന്ത്രിക്കുക ആണെന്നും ഭരണമുന്നണിയിൽ തന്നെ ആക്ഷേപമുണ്ട്.

ലക്ഷ്യം ചെയർമാൻ പദവി?

ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നതിനു വേണ്ടിയിട്ടാണ് ഇദ്ദേഹം ഇപ്പോൾ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ ഉപജാപങ്ങൾ നടത്തുന്നത് എന്ന ആക്ഷേപവും കേരളാ കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. നിലവിലെ ചെയർമാൻ ആൻറ്റോ പടിഞ്ഞാറേക്കരക്ക് രണ്ടുവർഷമാണ് ചെയർമാൻ പദവിയിൽ കാലാവധി നിശ്ചയിച്ചിരിക്കുന്നത്. അതിനുശേഷം ഒരു വർഷം സിപിഎം അംഗത്തിനും, പിന്നീടുള്ള രണ്ടു വർഷങ്ങളിൽ ഓരോ വർഷം വീതം കേരള കോൺഗ്രസിലെ തന്നെ 2 അംഗങ്ങൾക്കും പദവി വീതിയ്ക്കാൻ ആണ് ധാരണ. ഈ രണ്ടുവർഷങ്ങളിൽ പരിഗണിക്കുന്ന ആളുകൾക്കും,അവസാന രണ്ടു വർഷവും വീണ്ടും ചെയർമാൻ പദവിയിൽ എത്താൻ ആഗ്രഹിക്കുന്ന നിലവിലെ ചെയർമാനും ബിജുവിൻറെ സ്ഥാനാർഥിത്വത്തോട് എതിർപ്പ് എന്ന വിവരവും പുറത്തു വരുന്നുണ്ട്.

എല്ലാ പദവിയും ഒരാൾക്ക്

പാർട്ടി ചെയർമാനോട് അടുത്തുകൂടി എല്ലാ പദവികളും ഒരാൾ തന്നെ കൈവശം വയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പാർട്ടിക്കുള്ളിൽ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. മണ്ഡലം പ്രസിഡൻറ് പദവിക്ക് പുറമേ, പതിനായിരങ്ങൾ ശമ്പളം കിട്ടുന്ന ചീഫ് വിപ്പിൻറെ പേഴ്സണൽ സ്റ്റാഫ് അംഗം കൂടിയാണ് ഇദ്ദേഹം. ശമ്പളം പൊതുഖജനാവിൽ നിന്നാണെങ്കിലും ഇദ്ദേഹം ഒരു മുഴുവൻ സമയ പാർട്ടി പ്രവർത്തകനാണ്.

ഭരണമുന്നണി നടത്തുന്നത് സത്യ വിരുദ്ധ പ്രചരണം:

നഗരസഭയിലെ ഭരണമുന്നണി നടത്തുന്നത് ജനിക്കാത്ത കുഞ്ഞിനു ജാതകം എഴുതുന്ന പ്രവർത്തിയാണെന്ന് കോൺഗ്രസ് പരിഹസിച്ചു. നഗരസഭാ ഭരണസമിതിയെ അറിയിച്ചിട്ടു തന്നെയാണ് കൗൺസിലർ ജിമ്മി ജോസഫ് വിദേശത്തേക്ക് പോയത്. അദ്ദേഹത്തെ അയോഗ്യനാക്കി ജനം തിരസ്കരിച്ച സ്ഥാനാർത്ഥിയെ വീണ്ടും മത്സരിപ്പിച്ച് ചെയർമാൻ പദവിയിൽ എത്തിക്കുന്നതിനു വേണ്ടി ഭരണ മുന്നണി നടത്തുന്ന വ്യാജ പ്രചരണം ആണ് നടക്കുന്നതെന്നാണ് പ്രതിപക്ഷം പറയുന്നത്. ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ ഭരണമുന്നണിയിലെ പടലപ്പിണക്കങ്ങൾ ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക