തിരുവനന്തപുരം: മാണി സി കാപ്പന്‍റെ വിമര്‍ശനത്തിന് പിന്നാലെ വ്യത്യസ്ത പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കാപ്പന്‍ പരസ്യമായി ഇത്തരം പരാമര്‍ശം നടത്തിയത് അനൗചിത്യമാണെന്നും പരാതിയുണ്ടെങ്കില്‍ അത് തന്നോടായിരുന്നു പറയേണ്ടിയിരുന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞപ്പോള്‍ പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്‍റെ പ്രതികരണം.

മാണി സി കാപ്പന്‍ ഇത് വരെ പരാതിയുമായി എന്‍റെ അടുത്ത് വന്നിട്ടില്ല, പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കേണ്ടത് തന്നോടായിരുന്നു പരസ്യമായി പറഞ്ഞത് അനൗചിത്യമാണ്. ഇനി അഥവാ പരാതിയുണ്ടെങ്കില്‍ പരിഹരിക്കും, ആര്‍എസ്പിയുടെ പരാതി പരിഹരിച്ചു. ഇതായിരുന്നു വി ഡി സതീശന്‍്റെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുഡിഎഫ് സംവിധാനത്തില്‍ മാണി സി കാപ്പന് പരാതി ഉണ്ടെങ്കില്‍ പരിഹരിക്കുമെന്നായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ പ്രതികരണം. മാണി സി കാപ്പന്‍ യുഡിഎഫിന്‍റെ അവിഭാജ്യഘടകമാണെന്നും കാപ്പന്‍ നിലപാടുള്ള ആളാണെന്നും എല്‍ഡിഎഫിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു. ഘടകകക്ഷികള്‍ പറയുന്നത് ന്യായമെങ്കില്‍ പരിഹരിക്കുന്ന മുന്നണിയാണ് യുഡിഎഫ് എന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

യുഡിഎഫ് ഭംഗിയായി പോകണമെന്ന നിലയിലാണ് കാപ്പന്‍ അങ്ങനെ പറഞ്ഞതെന്നാണ് തിരുവഞ്ചൂര്‍ പറയുന്നത്. വി ഡി സതീശന്‍ പറഞ്ഞത് കാപ്പന്‍ തെറ്റിധരിച്ചതാണ്. നിയമസഭയിലെ സ്വാഭാവിക നടപടിയെ കുറിച്ചാണ് സതീശന്‍ സൂചിപ്പിച്ചത്. ഓരോ ഘടകകക്ഷിക്കും വ്യക്തിത്വമുണ്ടെന്ന് തിരുവഞ്ചൂര്‍ അംഗീകരിക്കുന്നു.

മുന്നണി സംവിധാനത്തിലെ അസ്വാരസ്യങ്ങളെ പറ്റി മാണി സി കാപ്പന്‍ രാവിലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. യുഡിഎഫ് പരിപാടികളൊന്നും അറിയിക്കുന്നില്ലെന്നായിരുന്നു കാപ്പന്‍റെ പരിഭവം. മുന്നണിയില്‍ സംഘാടനം ഇല്ലാത്തതിനാല്‍ ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പന്‍ തുറന്നടിച്ചു. എന്നാല്‍ ഇടതു മുന്നണിയില്‍ ഇത്തരം പ്രതിസന്ധയില്ലെന്നും ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ലെന്നുമായിരുന്നു കാപ്പന്‍റെ പ്രതികരണം.

രമേശ് ചെന്നിത്തല സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്ബോള്‍ അത് ഉന്നയിക്കേണ്ടത് താനെന്ന് വി ഡി സതീശന്‍ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹമെന്നും കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക