തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവരുമ്ബോള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെബി മേത്തര്‍ കോടീശ്വരിയാണെന്ന് റിപ്പോര്‍ട്ട്. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്നും 87 ലക്ഷം രൂപയിലധികം വില വരുന്ന സ്വര്ണാഭരണങ്ങളുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം വിലയുള്ള മെഴ്സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷവും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്.
അതേസമയം ദേശീയ നേതാവായിട്ടു കൂടി ഒരു കേസു പോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സാധാരണ നിലയില്‍ പ്രതിപക്ഷത്ത് സമരം നയിക്കുമ്ബോള്‍ നേതാക്കള്‍ക്കെതിരെ നിരവധി കേസുകള്‍ ഉണ്ടാകാറുണ്ട്. ജെബിയുടെ കാര്യത്തില്‍ ഇത് തീര്‍ത്തും വ്യത്യസ്തമാണ്. അതേസമയം, വിവിധ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ എ റഹീമിനും സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിനുമെതിരെ കേസുകളുണ്ട്.
സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി എഎ റഹീമിന് സ്വന്തമായുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമാണുള്ളതെന്ന രേഖകളില്‍ പറയുന്നു. 37 ക്രിമിനല്‍ കേസുകളും റഹീമിന്റെ പേരിലുണ്ട്.
സിപിഐ സ്ഥാനാര്‍ത്ഥി പി സന്തോഷ് കുമാറിന്റെ കൈവശം 10,000 രൂപയും 10 ലക്ഷം രൂപ വിലവരുന്ന കൃഷിഭൂമിയും സ്വന്തം പേരിലുണ്ട്. ഭാര്യയുടെ കൈവശം 15,000 രൂപയും നാല് ലക്ഷത്തിന്റെ ആഭരണങ്ങളും നാല് ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ്് ഭൂമിയും വീടുമുണ്ടെന്ന് രേഖകളില്‍ പറയുന്നു. സന്തോഷിന് രണ്ട് ലക്ഷത്തിന്റെയും ഭാര്യക്ക് 19 ലക്ഷത്തിന്റെയും ബാധ്യതയുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.