ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കൊടുക്കുന്ന കീഴ്‌വഴക്കം ലോകത്ത് മറ്റൊരിടത്തുമില്ലെന്ന് പറഞ്ഞ കോടതി സര്‍ക്കാരിന് ഇത്രയും ആസ്തിയുണ്ടോയെന്ന ചോദ്യവുമുയര്‍ത്തി. കെഎസ്‌ആര്‍ടിസിയില്‍ പെന്‍ഷന്‍ മുടങ്ങുന്നതിലെ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ സംസ്ഥാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.

സംസ്ഥാനം വലിയ പ്രതിസന്ധിയിലാണെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചത്. വലിയ സാമ്ബത്തിക പ്രതിസന്ധിയിലാണെങ്കില്‍ എന്തുകൊണ്ടാണ് പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് ഈ രീതിയില്‍ പെന്‍ഷന്‍ അനുവദിക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ ശ്രദ്ധയില്‍ പെട്ട ഒരു വാര്‍ത്ത ശകലം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഈ പരാമര്‍ശം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയും പണം പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷനായി നല്‍കാന്‍ സര്‍ക്കാരിന്റെ കയ്യിലുണ്ടെങ്കില്‍ പിന്നെ എന്തിനാണ് കെഎസ്‌ആര്‍ടിസിയുടെ പെന്‍ഷന്‍ വിഷയത്തില്‍ കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു. ഈ വിഷയത്തിലെ കോടതിയുടെ അതൃപ്തി അറിയിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കോടതി നിര്‍ദ്ദേശവും നല്‍കി. കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കില്ലെന്നും, ഹൈക്കോടതിയെ സമീപിക്കണമെന്നും പറഞ്ഞതോടെ സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചു.

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി പാര്‍ട്ടിക്കാരെ നിയമിക്കുന്നതിനോടും രണ്ടുവര്‍ഷത്തെ സേവനത്തിനു ശേഷം അവര്‍ക്ക് ഖജനാവില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്നും പെന്‍ഷന്‍ നല്‍കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞുകൊണ്ട് വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയും ഗവര്‍ണറും കൊമ്ബു കോര്‍ത്തിരുന്നു. പേഴ്സണല്‍ സ്റ്റാഫായി നിയമനം കിട്ടുന്നവര്‍ രണ്ടു വര്‍ഷത്തിനു ശേഷം രാജിവച്ച്‌ പാര്‍ട്ടിയില്‍ തിരിച്ചെത്തും. ഇത്തരത്തില്‍ പാര്‍ട്ടി കേഡറുകളെ വളര്‍ത്തുന്നതിനോട് യോജിക്കാനാവില്ല.

സംസ്ഥാനത്തെ പേഴ്സണല്‍ സ്റ്റാഫ് നിയമന രീതിയെക്കുറിച്ച്‌ അടുത്തിടെയാണ് താന്‍ അറിഞ്ഞത്. രണ്ടു വര്‍ഷത്തെ സേവനത്തിനു ശേഷം പെന്‍ഷന്‍ നല്‍കുന്നത് നാണംകെട്ട ഏര്‍പ്പാടാണ്. പാര്‍ട്ടിക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കേണ്ടത് സര്‍ക്കാര്‍ ചെലവിലല്ലെന്നും ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അന്ന് തുറന്നടിച്ചിരുന്നു. പേഴ്സണല്‍ സ്റ്റാഫ് നിയമനവും പെന്‍ഷന്‍ നല്‍കുന്നതും പൊടുന്നനേ തുടങ്ങിയതല്ലെന്നും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക