തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകളുമായി നടന്‍ ഫഹദ് ഫാസിലും. സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം നേരില്‍ സന്ദര്‍ശിച്ചാണ് ആശംസകള്‍ അറിയിച്ചത്. മാരി സെല്‍വരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരും സ്റ്റാലിനെ സന്ദര്‍ശിച്ച ചിത്രം പങ്കുവെച്ചത്.

സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിന്റേയും ഭാര്യ ദുര്‍ഗ സ്റ്റാലിന്റേയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും സന്ദര്‍ശനം. ബഹുമാനപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ജന്മദിനാശംസകള്‍. സാമൂഹിക നീതിയുടെ ഉന്നതി താങ്കളുടെ ഭരണ കാലത്തായിരിക്കട്ടെ എന്ന തലക്കെട്ടോടുകൂടിയാണ് മാരി സെല്‍വരാജ് ചിത്രം പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫഹദ് ഫാസിലിന്റെ വരാനിരിക്കുന്ന ചിത്രം മാരി സെല്‍വരാജിനൊപ്പമുള്ള പേരിടാത്ത ചിത്രമാണെന്നാണ് സൂചന. ‘പരിയേറും പെരുമാള്‍’, ‘കര്‍ണന്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകന്‍. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.

‘വേലൈക്കാരന്‍’ എന്ന ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ഫാസില്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. കമല്‍ഹാസന്‍ നായകനാകുന്ന ചിത്രം വിക്രമിലും ഫഹദ് അഭിനയിക്കുന്നുണ്ട്. അതേസമയം, അല്ലു അര്‍ജുന്‍ നായകനായ പുഷ്പയാണ് ഫഹദിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ബന്‍വാര്‍ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തിയത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക