കോട്ടയം: പൊലീസ് സ്റ്റേഷനില്‍ എഎസ്‌ഐയും വനിതാ പൊലീസും തമ്മിലടിച്ച സംഭവത്തില്‍ ഇരുവരെയും സസ്പെന്‍ഡ് ചെയ്തു. എഎസ്‌ഐ സി.ജി സജികുമാര്‍, വനിതാ പൊലീസ് വിദ്യാരാജന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കോട്ടയം (Kottayam) ജില്ലയിലെ പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് (Kerala Police) സംഭവം. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി ബാബുക്കുട്ടന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡിഐജി നീരജ് കുമാര്‍ ഗുപ്തയാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്.

ഇക്കഴിഞ്ഞ 20ന് രാവിലെയാണ് ഇരുവരും സ്റ്റേഷനകത്ത് വെച്ച്‌ തമ്മിലടിച്ചത്. വനിതാ പൊലീസിന്‍റെ ഫോണ്‍ എഎസ്‌ഐ നിലത്തേക്ക് വലിച്ചെറിയുകയും തുടര്‍ന്ന് വനിതാ പൊലീസ് എ.എസ്.ഐയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. സംഭവം വിവാദമായതോടെ പിറ്റേദിവസം തന്നെ ഇരുവരെയും സ്ഥലംമാറ്റിയിരുന്നു. അതിന് പിന്നാലെയാണ് ശക്തമായ വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

മര്‍ദനമേറ്റ അഡീഷണല്‍ എസ്‌ഐയെ ചിങ്ങവനത്തേക്കും മര്‍ദിച്ച പൊലീസുകാരിയെ മുണ്ടക്കയത്തേക്കമാണ് സ്ഥലം മാറ്റിയിരുന്നത്. അഞ്ചു ദിവസത്തിനകം സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം. അഡീഷണല്‍ എസ്‌ഐയും വനിതാ പൊലീസുകാരിയും നേരത്തെ അടുപ്പത്തിലായിരുന്നതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച പ്രാഥമിക വിവരം. എഎസ്‌ഐയുടെ ഭാര്യയെ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ വിളിച്ച്‌ സംസാരിച്ചതാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഭാര്യയെ ഫോണില്‍ വിളിച്ചതോടെ പ്രകോപിതനായ എഎസ്‌ഐ പൊലീസ് ഉദ്യോഗസ്ഥയെ ഫോണില്‍ ബ്ലോക്ക് ചെയ്തു. ഇതിനിടെ എഎസ്‌ഐ പൊലീസുകാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചു.

ഞായറാഴ്ച സ്റ്റേഷനിലെത്തിയ പൊലീസുകാരി എഎസ്‌ഐയോട് ഇക്കാര്യം ചോദിച്ചത് വാക്കേറ്റത്തിലെത്തി. തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു. മറ്റു പൊലീസുകാര്‍ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്. അതേസമയം മര്‍ദനമേറ്റ എഎസ്‌ഐയ്ക്കെതിരെ നേരത്തെയും സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക