ഇടുക്കി: കാരവാന്‍ ടൂറിസത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് 353 കാരവാനുകളും 120 കാരവാന്‍ പാര്‍ക്കും ഉടന്‍ സജ്ജമാകുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ ആദ്യത്തെ കാരവാന്‍ പാര്‍ക്ക് വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിട്രിന്‍ ഹോസ്പിറ്റാലിറ്റി വെഞ്ച്വേഴ്സ് ലിമിറ്റഡിന്‍റെ വാഗമണിലെ അഥ്രക് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ടാണ് കാരവാന്‍ മെഡോസ് എന്ന പാര്‍ക്ക് ആരംഭിച്ചിരിക്കുന്നത്.

വാഗമണില്‍ നിന്ന് കാരവാനിലാണ് മന്ത്രി പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഏലപ്പാറ റോഡിലെ നല്ലതണ്ണിയിലെ സ്ഥലത്തേക്കെത്തിയത്. സംസ്ഥാനത്തുടനീളം 120 കാരവാന്‍ പാര്‍ക്കുകളും 388 കാരവനാനുകളും തുടങ്ങാന്‍ വിവിധ വ്യക്തികളും സ്ഥാപനങ്ങളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 3 രണ്ട് ലക്ഷം മുതല്‍ ഏഴര ലക്ഷം വരെ സബ്സിഡി നല്‍കിയതും, മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ ഇളവുകളും കാരവാനുകള്‍ വാങ്ങാന്‍ സംരംഭകരെ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുരവഞ്ചി ടൂറിസത്തിനു ശേഷം കേരളം അവതരിപ്പിച്ച ടൂറിസം ഉത്പന്നമാണ് കാരവാന്‍. കൊവിഡിന്‍റെ പ്രതിസന്ധിയില്‍ അന്ധാളിച്ച് നില്‍ക്കാതെ ഏറ്റവുമധികം പ്രതിസന്ധി നേരിട്ട ടൂറിസം വ്യവസായത്തെ എങ്ങിനെ തിരിച്ചു കൊണ്ടുവരാമെന്ന ചിന്തയില്‍ നിന്നാണ് കാരവാന്‍ ടൂറിസമെന്ന ആശയം വന്നത്. ഇത് ഈ വ്യവസായത്തിന് പുതിയ ഊര്‍ജ്ജം പകരും. സംസ്ഥാനത്തെ അറിയപ്പെടാത്ത ടൂറിസം കേന്ദ്രങ്ങളെ സഞ്ചാരികളിലേക്കെത്തിക്കാന്‍ ഇതിലൂടെ കഴിയും. ഇതില്‍ ഏറ്റവുമധികം ഗുണം ലഭിക്കുന്നത് ഇടുക്കി ജില്ലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. അറിയപ്പെടാത്ത സ്ഥലങ്ങളെ വലിയ നിക്ഷേപങ്ങളില്ലാതെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്താനും കാരവാന്‍ ടൂറിസത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം വികസനത്തിന് എല്ലാവരും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത ഇടുക്കി എം പി ശ്രീ ഡീന്‍ കുര്യാക്കോസ് പറഞ്ഞു. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ടൂറിസം വ്യവസായത്തിന്‍റെ തിരിച്ചുവരവ് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയിലെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ക്ക് കാരവാന്‍ ടൂറിസം ഉണര്‍വ് പകരുമെന്ന് ചടങ്ങില്‍ പങ്കെടുത്ത പീരുമേട് എം എല്‍ എ ശ്രീ വാഴൂര്‍ സോമന്‍ പറഞ്ഞു. കേരള ടൂറിസം ഡയറക്ടര്‍ ശ്രീ വി ആര്‍ കൃഷ്ണ തേജ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി നിത്യ എഡ്വിന്‍, അഥ്രക് ഗ്രൂപ്പ് ഡയറക്ടര്‍ എസ് നന്ദകുമാര്‍, സിഇഒ പ്രസാദ് മാഞ്ഞാലി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ആദ്യപടിയെന്നോണം രണ്ട് കാരവാനുകള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഭാവിയില്‍ എട്ട് കാരവാനുകള്‍ വരെ ഇവിടെ ഉള്‍ക്കൊള്ളാനാകും. ബെന്‍സിന്‍റെ നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന കാരവാനും ഇവിടെയുണ്ട്. സഞ്ചാരികള്‍ക്ക് കാരവാനില്‍ ചുറ്റിനടന്ന് സമീപപ്രദേശങ്ങള്‍ ആസ്വദിക്കാനും പുതിയ വിനോദസഞ്ചാര രീതി അനുഭവിച്ചറിയാനും സാധിക്കും.

നാല് സോഫ, ടിവി, മെക്രോവേവ് അവന്‍, ഇന്‍ഡക്ഷന്‍ അടുപ്പ്, കബോര്‍ഡുകള്‍, ജനറേറ്റര്‍ സംവിധാനം, ഫ്രിഡ്ജ്, ഹീറ്റര്‍ സംവിധാനത്തോടു കൂടിയ കുളിമുറി, കിടക്കാനുള്ള ബെര്‍ത്തുകള്‍ എന്നിവ കാരവാനിലുണ്ടാകും.

വിപുലമായ സൗകര്യങ്ങളാണ് കാരവാന്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുള്ളത്. ഗ്രില്ലിംഗ് സംവിധാനത്തോടെയുള്ള റസ്റ്റോറന്‍റ് സംവിധാനം, സ്വകാര്യ വിശ്രമ കേന്ദ്രം, ഹൗസ്കീപ്പിംഗ് സംവിധാനം, 24 മണിക്കൂറും ലഭിക്കുന്ന വ്യക്തിഗത സേവനം, ക്യാമ്പ് ഫയര്‍, എന്നിവ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

രണ്ട് പേര്‍ക്കോ, അതിലധികമോ ആളുകള്‍ക്ക് യാത്ര ചെയ്യാവുന്നതും ഹോട്ടലുകളില്ലാതെ രാത്രി തങ്ങാനും സാധിക്കുന്ന വാഹനങ്ങളാണ് കാരവാനുകള്‍. അടുക്കള, കിടക്ക, കുളിമുറി തുടങ്ങിയ സൗകര്യങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. സംസ്ഥാനത്തിന്‍റെ പുതിയ കാരവാന്‍ നയമനുസരിച്ച് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കാരവാനുകള്‍ സ്വന്തമാക്കാനാകും. നിരവധി ഇളവുകള്‍ കാരവാന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ നയത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക