കൊല്ലം: ബിവറേജസ് ഷോപ്പില്‍ നിന്ന് വാങ്ങിയ മദ്യം കഴിച്ചതിനെ തുടര്‍ന്ന് കാഴ്ച്ച നഷ്ടമായതായി പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച യുവാവിന്റെ കാഴ്ച്ച നഷ്ടമായതായിട്ടാണ് പരാതി. കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറാണ് യുവാവ്. ഇദ്ദേഹം നല്‍കിയ പരാതിയ്ക്ക് പിന്നാലെ എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി.
സാധാരണക്കാര്‍ കൂടുതലായി വാങ്ങുന്ന 9 ഇനം മദ്യങ്ങളുടെ സാമ്ബിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ മദ്യത്തിന് പ്രശ്‌നമുണ്ടോയെന്ന് വ്യക്തമാകൂ. പരാതിയെ തുടര്‍ന്ന് ഇന്നലെ വില്‍പനശാല തുറന്നില്ല.
കുറച്ച് ദിവസം മുമ്ബ് വാങ്ങിയ മദ്യമാണ് കഴിഞ്ഞ ദിവസം സുഹൃത്തിനോടൊത്ത് ഇയാള്‍ കുടിച്ചത്. അന്നു വൈകുന്നേരം തന്നെ കാഴ്ചക്ക് പ്രശ്‌നമായി. തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
എന്നാല്‍ ഒപ്പം മദ്യപിച്ച സുഹൃത്തിനോ ഇതേ ഷോപ്പില്‍ നിന്ന് മദ്യം വാങ്ങിയ മറ്റുള്ളവര്‍ക്കോ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായി ഇതുവരെ പരാതി ലഭിച്ചില്ലെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് കൊല്ലം ഡെപ്യൂട്ടി കമ്മിഷണര്‍ ബി സുരേഷ്, അസി. കമ്മീഷണര്‍ വി റോബര്‍ട്ട്, സിഐപി എ സഹദുള്ള, ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ ഉദയകുമാര്‍ ഇന്‍സ്‌പെക്ടര്‍ പോള്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.