കൊച്ചി: ശരീരമാസകലം ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടര വയസ്സുകാരിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണ് കുട്ടി ചികിത്സയിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലുള്ള ബാലികയുടെ 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തലച്ചോറിനു ക്ഷതമേറ്റിട്ടുണ്ട്. ഇടതു കയ്യില്‍ 2 ഒടിവുണ്ട്. തലച്ചോറില്‍ രക്തസ്രാവം ഉണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീര്‍ക്കെട്ടുമുണ്ട്. രക്തധമനികളില്‍ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. തല മുതല്‍ കാല്‍പാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ മുറിവുകളുടെ പാടുണ്ട്. ഹൈപ്പര്‍ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണെന്നാണ് അമ്മ മൊഴി നല്‍കിയത്. എന്നാല്‍ പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. ചികിത്സ വൈകിപ്പിച്ചതിന് അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടിമുടി ദുരൂഹത തുടരുന്നു

അതേസമയം കുട്ടിക്ക് പരിക്കേറ്റതില്‍ ദുരൂഹത തുടരുകയാണ്. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേനയാണ് കുട്ടിക്കും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്ന ആന്റണി ടിജിന്‍ എന്നയാള്‍ കാക്കനാട് ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നത്. കുട്ടിയെ ആശുപത്രിയിലാക്കിയ ശേഷം ഇയാളും കുട്ടിയുടെ അമ്മയുടെ സഹോദരയും പുലര്‍ച്ചെ രണ്ടു മണിയ്ക്ക് ബാഗുകളുമെടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

കുട്ടിയുടെ അമ്മ പറഞ്ഞതുപോലെ, സഹോദരിയുടെ ഭര്‍ത്താവ് അല്ല ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. ഒരുമാസം മുമ്ബാണ് കൊച്ചി പുതുവൈപ്പ് സ്വദേശിയായ ആന്റണി ടിജിന്‍ കാക്കനാട് നവോദയ ജംഗ്ഷന് സമീപം ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നത്. ഭാര്യ, ഭാര്യാസഹോദരി, മക്കള്‍, അമ്മ എന്നിവര്‍ ഒപ്പമുണ്ടെന്നാണ് ഇയാള്‍ ഫ്ലാറ്റുടമയോട് പറഞ്ഞിരുന്നത്. സൈബര്‍ പൊലീസ് ജോലി രാജിവെച്ചെന്നും കാനഡയില്‍ ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് ഉടന്‍ പോകുമെന്നും ഇയാള്‍ പറഞ്ഞതായി ഫ്ലാറ്റ് ഉടമ അബ്ദുറഹ്മാന്‍ പറഞ്ഞു.

ഞായറാഴ്ച നടന്നത് സംശയാസ്പദ കാര്യങ്ങളെന്ന് സിസിടിവി ദൃശ്യങ്ങള്‍

രണ്ടര വയസ്സുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഞായറാഴ്ച വൈകീട്ടു മുതല്‍ സംശയാസ്പദമായ കാര്യങ്ങളാണ് നടന്നതെന്ന് ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നതായി പൊലീസ് പറയുന്നു. വൈകീട്ട് ആറുമണിയോടെ ആന്റണി കാറില്‍ പുറത്തുപോയി. പിന്നീട് ഒരു പായ്ക്കറ്റുമായി ഫ്ലാറ്റില്‍ തിരികെയെത്തി. അല്പസമയത്തിന് ശേഷം ആന്റണിയും മകനും കാറില്‍ വീണ്ടും പുറത്തേക്ക് പോയി. പിന്നീട് എട്ടരയോടെ കുഞ്ഞിനെ വാരിയെടുത്ത് അമ്മയും അമ്മൂമ്മയും പുറത്തേക്ക് വരുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

കുട്ടിയുടെ നെറ്റിയില്‍ ബാന്‍ഡേജ് ഒട്ടിച്ചതും കാണാം. പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. ബാലികയുടെ ആരോഗ്യനില ഗുരുതരമായതിനാല്‍ അവിടെ നിന്നും കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11 മണിയോടെയാണ് കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലെത്തിക്കുന്നത്. പിന്നീട് ആന്റണി കുട്ടിയുടെ അമ്മയുടെ സഹോദരിക്കും മകനുമൊപ്പം പുലര്‍ച്ചെ രണ്ടുമണിയ്ക്ക് ഫ്ലാറ്റില്‍ തിരിച്ചെത്തി. 20 മിനുട്ടിനകം സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ഇവര്‍ രക്ഷപ്പെടുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സംഭവം അറിഞ്ഞ് ഫ്ലാറ്റ് ഉടമ വിളിച്ചപ്പോള്‍ താന്‍ ആശുപത്രിയില്‍ ആണെന്നാണ് ആന്റണി പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ കുട്ടിയുടെ അമ്മയും അമ്മൂമ്മയും മാത്രമാണ് ഉള്ളതെന്ന് പൊലീസ് പറയുന്നു. കുറേ നാളായി ഭര്‍ത്താക്കന്മാരില്‍ നിന്നും വേര്‍പിരിഞ്ഞ് താമസിക്കുകയാണ് സഹോദരിമാര്‍. മൂത്ത സഹോദരിയുടെ പങ്കാളിയാണ് ആന്റണിയെന്നും പൊലീസ് സൂചിപ്പിച്ചു. മുമ്ബ് പള്ളിക്കരയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഫ്ലാറ്റുടമയുമായി വഴക്കിട്ടാണ് ഇവര്‍ കാക്കനാട്ടേക്ക് മാറിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക