ജലന്ധര്‍: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേതാക്കളെക്കാള്‍ താരമാകുന്നത് ഒരു ജയില്‍പ്പുള്ളിയാണ്. കുറച്ചു ദിവസത്തേക്ക് പരോളിനെത്തിയ ഈ ജയില്‍പ്പുള്ളി എന്ത് തീരുമാനം എടുക്കും എന്നതിനെ ആശ്രയിച്ചാണ് പഞ്ചാബ് സംസ്ഥാനം അടുത്ത അഞ്ചു വര്‍ഷം ആര് ഭരിക്കണം എന്നത് നിര്‍ണയിക്കപ്പെടുക. ദേരാ സച്ചാ സൗദയുടെ തലവന്‍ ആയിട്ടുള്ള ഗുര്‍മീത് റാം റഹിം സിങ് ആണ് ജയിലില്‍ നിന്നെത്തിയ ആ പൊളിറ്റിക്കല്‍ വിവിഐപി.

കൊലക്കേസിലും ലൈംഗിക പീഡനക്കേസിലും ശിക്ഷ അനുഭവിക്കുന്ന വിവാദ ആത്മീയ നേതാവ് ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ഗുര്‍മീത് 21 ദിവസമാണ് പുറത്തുണ്ടാവുക. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സ്ഥിരമായി അനുഭാവം വെച്ചുപുലര്‍ത്താത്ത ​ഗുര്‍മീത് കോണ്‍​ഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രിയപ്പെട്ടവനാണ്. പഞ്ചാബില്‍ വലിയ തോതില്‍ അനുയായികളുള്ളതാണു ദേരാ സച്ചാ പ്രസ്ഥാനം. പത്രപ്രവര്‍ത്തകനെ കൊന്ന കേസിലാണു ഗുര്‍മീതിനും മറ്റു മൂന്നു പേര്‍ക്കും 2017ല്‍ സിബിഐ കോടതി ജീവപര്യന്തം വിധിച്ചത്. ദേരാ മാനേജരെ കൊലപ്പെടുത്തിയ കേസില്‍ 2021ല്‍ ഗുര്‍മീതിനും 4 അനുയായികള്‍ക്കും വീണ്ടും ജീവപര്യന്തം തടവ് വിധിച്ചു. ആശ്രമത്തിലെ ശിഷ്യകളെ പീഡിപ്പിച്ചതിന് 2017 മുതല്‍ 20 വര്‍ഷത്തെ ശിക്ഷയും ഗുര്‍മീത് അനുഭവിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2002-ലാണ് ഹരിയാനയിലെ ‘പുരാ സച്ച്‌’ പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേര സച്ചാ സൗദ തലവനായ റാം റഹീം സിങ് സ്ത്രീകളെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പ്രതികാരമായിരുന്നു കൊലപാതകത്തിന് കാരണം. ദേരാ സച്ച്‌ തലവനായ റാം റഹീം സിങിനെതിരേ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ആദ്യം പൊലീസ് അന്വേഷിച്ച കേസ് 2006-ല്‍ സിബിഐ. ഏറ്റെടുത്തു.

ഹരിയാനയിലെ റോത്തക്ക് ജയിലില്‍നിന്നാണു താല്‍ക്കാലിക മോചനം നേടി ഗുര്‍മീത് പുറത്തിറങ്ങിയത്. പ്രായാധിക്യ പ്രശ്നങ്ങളുള്ള മാതാവിനെ കാണാനും ചികിത്സയ്ക്കുമായി നേരത്തേ മൂന്നു തവണ അടിയന്തര പരോളും ഇയാള്‍ നേടിയിരുന്നു. ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ ഗുര്‍മീത് 21 ദിവസമാണ് പുറത്തുണ്ടാവുക. പഞ്ചാബില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്നു പുറത്താക്കാന്‍ ഉത്സാഹിക്കുന്ന ബിജെപിക്ക്, ഹരിയാനയിലെ ബിജെപി സര്‍ക്കാരിന്റെ സഹായമാണ് ഗുര്‍മീതിന്റെ ജയില്‍ അവധിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രോട്ടോക്കോള്‍ പ്രകാരമാണ് അവധി അനുവദിച്ചതെന്നാണു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രതികരണം.

ജയിലില്‍ പോകുന്നതിനു മുന്‍പ് 6 കോടിയോളം അനുയായികള്‍ ഉണ്ടെന്നായിരുന്നു ദേരാ സച്ചാ സൗദയുടെ അവകാശവാദം. ചിന്നിച്ചിതറി പോയെങ്കിലും വിശ്വാസിസമൂഹത്തിന്റെ ചുക്കാന്‍ ഇപ്പോഴും ഗുര്‍മീതിന്റെ കയ്യിലാണെന്നു രാഷ്ട്രീയക്കാര്‍ക്ക് അറിയാം. 117 സീറ്റുള്ള സംസ്ഥാനത്ത് 69 സീറ്റുള്ള മാള്‍വ മേഖലയാണു ഭരണത്തിലേക്കുള്ള വഴി. മാള്‍വയില്‍ നിര്‍ണായക സ്വാധീനമാണ് ഗുര്‍മീതിനുള്ളത്. മാള്‍വയില്‍നിന്നു നിയമസഭയിലേക്കും ലോക്സഭയിലേക്കും ആരു പോകണമെന്നു തീരുമാനിക്കുന്നതില്‍ ഗുര്‍മീതിനും അനുയായികള്‍ക്കും പങ്കുണ്ട്.

ദലിത് വിഭാഗക്കാരാണു ഗുര്‍മീതിന്റെ അനുയായികളില്‍ കൂടുതലും. ഇത്തവണ പതിവുവിട്ട് എല്ലാ പാര്‍ട്ടികളും ദലിത് വോട്ട് നേടാന്‍ കൂടുതല്‍ ശ്രമിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നുമുണ്ട്. ശിക്ഷിക്കപ്പെട്ടതിനു ശേഷം ആദ്യമായാണു ഗുര്‍മീതിനു ജയിലില്‍നിന്ന് ഇത്രയും നീണ്ട അവധി കിട്ടുന്നത്. ഫെബ്രുവരി 27ന് അവധി തീരുംവരെ ഗുരുഗ്രാം വിട്ടു പുറത്തു പോകരുതെന്നാണു നിബന്ധന. അതിനാല്‍ത്തന്നെ പതിവുപോലെ കാണാനും ‘അനുഗ്രഹം’ വാങ്ങാനും രാഷ്ട്രീയക്കാര്‍ ഗുര്‍മീതിന്റെ അരികിലേക്കു വന്നുകൊണ്ടിരിക്കുന്നു. ഗുര്‍മീതിന്റെ ആഹ്വാനങ്ങള്‍ ശിരസ്സാ വഹിക്കുന്നവരാണ് അനുയായികള്‍ എന്നതിനാല്‍ വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണു വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍.

ആരാണ് ഗുര്‍മീത് റാം റഹിം സിങ്:

1948ല്‍ മസ്താ ബാലോചിസ്താനി ആരംഭിച്ച ആത്മീയ സംഘടന ദേര സച്ചാ സൗദായുടെ തലവനാണ് ഗുര്‍മീത് റാം റഹിം സിങ്. ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് ദേര സച്ചാ സൗദായുടെ ആസ്ഥാനം നിലകൊള്ളുന്നത്. രാജ്യത്താകമാനം 46ഓളം ആശ്രമങ്ങള്‍ ഇവര്‍ക്കുണ്ട്. എന്നാല്‍ റാം റഹിം ഒരു സാധാരണ ആള്‍ ദൈവമല്ല. തന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരിക്കുന്നത് ‘ആത്മീയ വിശുദ്ധന്‍/ മനുഷ്യ സ്‌നേഹി/ ഗായകന്‍/ സിനിമ സംവിധായകന്‍/ നടന്‍/ കലാ സംവിധായകന്‍/ എഴുത്തുകാരന്‍/ സംഗീത സംവിധായകന്‍/ ഗാനരചയിതാവ്/ ആത്മകഥാകാരന്‍/ഛായാഗ്രഹകന്‍’ എന്നിങ്ങനെയാണ്. ‘എംഎസ്ജി: ദി മെസ്സെഞ്ചര്‍ ട്രിലോജി’ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ഗുര്‍മീത്, നടന്‍, സംവിധായകന്‍, സംഗീത സംവിധായകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഏഷ്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് പ്രകാരം ഒരൊറ്റ ചിത്രത്തില്‍ ഏറ്റവുമധികം കഥാപാത്രങ്ങളും ഉത്തരവാദിത്തങ്ങളും പ്രകടിപ്പിച്ചുവെന്ന റെക്കോര്‍ഡുകളും ഗുര്‍മീതിന് സ്വന്തമാണ്. സിനിമകള്‍ക്കു പുറമെ, യൂണിവേഴ്‌സല്‍ ലേബലിന്റെ കീഴില്‍ ആല്‍ബങ്ങളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ഗുര്‍മീതിന്റെ അവസാനത്തെ ആല്‍ബമായ ഹൈവേ ലൗ ചാര്‍ജര്‍ മൂന്നു ദിവസത്തിനുള്ളില്‍ 3 ദശലക്ഷം പകര്‍പ്പുകളാണ് വിറ്റഴിഞ്ഞത്. നൂറിലധികം റോക്ക് ഷോകളിലും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്.

‘ലോക ചാമ്ബ്യന്‍ യോഗികളെ’ വളര്‍ത്തിയെടുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഗുര്‍മീതിനെ ദ്രോണാചാര്യ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. തന്റെ ‘എംഎസ്ജി’യുടെ കീഴില്‍ ഓര്‍ഗാനിക്, സ്വദേശി ഉത്പന്നങ്ങളും 2015ല്‍ ഗുര്‍മീത് തുടക്കമിട്ടിരുന്നു. ദേരയിലെ യുവാക്കളായ അനുയായികളാണ് ഈ വ്യവസായം നോക്കി നടത്തുന്നത്.

ഗുര്‍മീത് ലക്ഷക്കളക്കിനു ആളുകളെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ ചെയ്യുന്നതിനായി പ്രേരിപ്പിച്ചുവെന്നാണ് ദേരാ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ ദേരയില്‍ രക്തദാനം, അവയവദാനം തുടങ്ങിയ നിരവധി മാനുഷിക പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും ഇവര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിവ അറിയാനും കണ്ടുപിടിക്കാനുമായി നിരവധി പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കൂടാതെ കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ ഭാരത് പ്രചാരണത്തിന് ഗുര്‍മീത് പിന്തുണ പ്രഖ്യാപിക്കുകയും 2016ല്‍ നിരവധി സംസ്ഥാനങ്ങളില്‍ ശുചിത്വ പരിപാടികള്‍ സംഘടിപ്പിക്കയും ചെയ്തുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2016ല്‍ ഗുര്‍മീതിന് ജിയാന്റ് ഇന്റര്‍നാഷണല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

ദേരാ സച്ചാ സൗദായ്ക്കു മുമ്ബുള്ള ജീവിതം

1967 ഓഗസ്റ്റ് 15ന് രാജസ്ഥാനില്‍, ശ്രീ ഗംഗാനഗര്‍ ജില്ലയിലെ മാദിയ ഗ്രാമത്തിലായിരുന്നു ഗുര്‍മീതിന്റെ ജനനം. മാതാപിതാക്കളുടെ ഒറ്റ മകന്‍. അച്ഛന്‍ ഒരു ഭൂപ്രഭുവായിരുന്നു. സ്വന്തം കൃഷിഭൂമിയില്‍ കാര്‍ഷികവൃത്തിയായിരുന്നു. ചെറുപ്പത്തില്‍ ഗുര്‍മീത് തന്റെ പിതാവിനെ കൃഷിയില്‍ സഹായിക്കുമായിരുന്നു. ഗുര്‍മീത് ചെറുപ്പം മുതലേ ആത്മീയതയുടെ പാതയിലായിരുന്നുവെന്നാണ് അനുയായികള്‍ പറയുന്നത്. ദേര സച്ചാ സൗദായുടെ മുന്‍ തലവനായിരുന്നു സത്‌നം സിങ്ങാണ് ഗുര്‍മീതിനെ തനിക്കൊപ്പം കൂട്ടുന്നത്. റാം റഹീം എന്ന പേരു നല്‍കിയതും സത്‌നം സിങ് ആയിരുന്നു. 1990ലാണ് സത്‌നം സിങ് രാജ്യത്താകമാനമുള്ള തന്റെ ശിഷ്യരെ വിളിച്ചു കൂട്ടുന്നതും, 23കാരനായ ഗുര്‍മീത് റാം റഹിം സിങ്ങിനെ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നതും.

ഗുര്‍മീത് റാം റമീഹിന്റെ ‘ജനപ്രിയത’

ലക്ഷക്കണക്കിന് അനുയായികളാണ് ഗുര്‍മീത് റാം റഹിം സിങ്ങിനുള്ളത്. 2015ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് ഏറ്റവും ശക്തരായ 100 ഇന്ത്യക്കാരില്‍ 96-ാമനായാണ് ഗുര്‍മീതിനെ കണ്ടെത്തിയത്. രാജ്യത്തെ വിവിഐപികളില്‍ ഒരാളായാണ് ദേരാ മേധാവി അറിയപ്പെടുന്നത്. ഏറ്റവുമുയര്‍ന്ന ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇയാള്‍ക്ക് നല്‍കുന്നത്. 2017 ഫെബ്രുവരിയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ ഗുര്‍മീതിനെ ബഹുമുഖ വ്യക്തിത്വമായി തിരഞ്ഞെടുത്തിരുന്നു.

ഗുര്‍മീതിനെതിരെയുള്ള ക്രിമിനല്‍ കേസുകള്‍

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നിരവധി വിവാദങ്ങളുടേയും ഭാഗമായിരുന്നു ഗുര്‍മീത് റാം റഹിം സിങ്. 2002 മുതല്‍ ബലാത്സംഗം, കൊലപാതകം, പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണം തുടങ്ങി നിരവധി പരാതികള്‍ ഗുര്‍മീതിനെതിരായി ഉയര്‍ന്നു വന്നിരുന്നു. 2002ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിക്ക് ഒരു അജ്ഞാത കത്ത് ലഭിച്ചിരുന്നു. ഗുര്‍മീത് രണ്ട് സന്യാസിനിമാരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു കത്തില്‍ ആരോപിച്ചിരുന്നത്. അന്ന് ഇയാള്‍ക്കെതിരെ ലൈംഗിക ചൂഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച്‌, സംഭവത്തെക്കുറിച്ച്‌ പുറത്തു പറയരുതെന്ന് ഗുര്‍മീത് ഈ സ്ത്രീയെ ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നു. 2002ല്‍ പത്രപ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും, 2015ല്‍ ഒരൂകൂട്ടം സന്യാസിമാരെ പ്രാകൃതവും അശാസ്ത്രീയവുമായ വന്ധ്യംകരണത്തിന് വിധേയരാക്കിയതിലും ഗുര്‍മീത് റാം റഹിം സിങ്ങിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു.

ഹണിപ്രീതുമായുള്ള ബന്ധം

പപ്പയുടെ മാലാഖക്കുട്ടി, എന്നാണ് ഹണിപ്രീത് സ്വയം വിശേഷിപ്പിക്കുന്നത്. പ്രിയങ്ക എന്നായിരുന്നു ആദ്യ പേര്. വിശ്വാസ് ഗുപ്തയെ വിവാഹം കഴിച്ച ശേഷമാണ് ഹണിപ്രീത് എന്ന പേരില്‍ ഇവര്‍ അറിയപ്പെടുന്നത്. അതുവരെ അവര്‍ പ്രിയങ്കയായിരുന്നു. 1999ലാണ് വിശ്വാസ് ഗുപ്തയെ ഹണിപ്രീത് വിവാഹം ചെയ്യുന്നത്. സ്ത്രീധനത്തിന്റെ പേരിലുണ്ടായ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2009ല്‍ ഗുര്‍മീത് ഹണിപ്രീതിനെ മകളായി ദത്തെടുക്കുകയായിരുന്നു. ഗുര്‍മീത് റാം റഹിം സിങ്ങിനെ കുറിച്ചുള്ള നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ട് ചിത്രങ്ങളില്‍ ഹണിപ്രീത് അഭിനയിച്ചിട്ടുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക