എത്ര സുഖസൗകര്യങ്ങളുണ്ടെങ്കിലും കുപ്രസിദ്ധി നേടിയ വീടുകളുടെ വിൽപ്പന നടക്കാൻ ഉടമ നന്നേ കഷ്ടപ്പെടേണ്ടിവരും. അപ്പോൾ വീട് ലോകത്തെയാകെ ഭീകരപ്രവർത്തനങ്ങൾകൊണ്ടു വിറപ്പിച്ച ഉസാമ ബിൻ ലാദന്റെ കുടുംബത്തിന്റെയാണെങ്കിൽ പറയുകയും വേണ്ട. അതുതന്നെയാണ് ലൊസാഞ്ചലസിലെ ബെൽ എയറിൽ രണ്ടേക്കർ എസ്റ്റേറ്റിനു നടുവിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിന്റെ അവസ്ഥയും. വിൽപനയ്ക്കായി വിപണിയിലെത്തി അര വർഷം പിന്നിട്ടിട്ടും ആരും ഈ ബംഗ്ലാവ് സ്വന്തമാക്കാൻ തയ്യാറായി മുന്നോട്ടു വന്നിട്ടില്ല.

ഉസാമ ബിൻ ലാദന്റെ സഹോദരൻ ഇബ്രാഹിം ബിൻലാദന്റെ ഉടമസ്ഥതയിലുള്ള ബംഗ്ലാവാണ് ഇത്. ആറു മാസങ്ങൾക്കു മുൻപ് 28 മില്യൺ ഡോളർ ( 209 കോടി രൂപ) ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വീട് വിപണിയിലെത്തിയത്. കണ്ണായ സ്ഥലത്തായിട്ടുപോലും മനോഹരമായ ഈ ബംഗ്ലാവ് വാങ്ങാൻ ആളുകൾ മടിക്കുന്ന സ്ഥിതിയാണ്. വിൽപന നടക്കാത്തത് മൂലം വില 26 മില്യൺ ഡോളറായി (194 കോടി രൂപ) കുറച്ചിട്ടുണ്ട്. വിലയിൽ കുറവ് വരുത്തിയാലെങ്കിലും ആളുകൾ വാങ്ങാനായി മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഉടമസ്ഥരും ഇടനിലക്കാരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

1931 ൽ നിർമ്മിച്ച ബംഗ്ലാവ് 1983ലാണ് ഇബ്രാഹിം ബിൻ ലാദൻ വാങ്ങിയത്. 1,653,000 ഡോളറിനാണ് ഇബ്രാഹിം ബംഗ്ലാവ് സ്വന്തമാക്കിയത് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മുൻ ഭാര്യയായിരുന്ന ക്രിസ്റ്റീൻ ഹർതൂണിയനുമൊത്ത് ഇബ്രാഹിം ഏറെക്കാലം ഈ വീട്ടിൽ കഴിഞ്ഞിരുന്നു. സെപ്റ്റംബർ 11 ഭീകരാക്രമണം നടക്കുന്ന സമയത്ത് വിദേശരാജ്യങ്ങളിൽ വെക്കേഷൻ ആസ്വദിക്കാൻ പോയിരുന്ന ഇബ്രാഹിമിന് പിന്നെ അമേരിക്കയിലേക്ക് മടങ്ങിവരാൻ സാധിച്ചിട്ടില്ല. നിലവിൽ ആൾപ്പാർപ്പില്ലാത്ത ഒഴിഞ്ഞുകിടക്കുകയാണ് ബംഗ്ലാവ്.

7100 ചതുരശ്ര അടി വിസ്തീർണമുള്ള ബംഗ്ലാവിൽ ഏഴ് കിടപ്പുമുറികളും അഞ്ചു ബാത്ത് റൂമുകളുമുണ്ട്. വീടിനു മുറ്റത്തായി സ്ഥിതി ചെയ്യുന്ന പൂളും സ്പായും കേടുപാടുകളില്ലാതെ തുടരുന്നത് ഒഴിച്ചാൽ ഒഴിഞ്ഞുകിടക്കുന്ന ബംഗ്ലാവ് ഏറെക്കുറെ തകർന്ന നിലയിലാണ്. വീട് സ്വന്തമാക്കാൻ ആരെങ്കിലും മുൻപോട്ടു വന്നാലും ദശലക്ഷക്കണക്കിന് ഡോളറുകൾ അത് താമസ യോഗ്യമാക്കി തീർക്കുന്നതിനായി മുടക്കേണ്ടി വരും.

എസ്റ്റേറ്റിലെ പ്രധാന കെട്ടിടത്തിന് പുറമേ ഗസ്റ്റ് ഹൗസ്, ഗ്രീൻ ഹൗസ്, പൂൾ ഹൗസ് എന്നിവയും ഒരുക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് മടങ്ങാനാവാതെ വന്നതോടെ ആദ്യകാലങ്ങളിൽ ഇബ്രാഹിം വീട് വാടകയ്ക്ക് കൊടുത്തിരുന്നു. എന്നാൽ കുറച്ചു കാലത്തിനു ശേഷം അഡൾറ്റ് ചിത്രങ്ങളുടെ ചിത്രീകരണ ലൊക്കേഷനായി ബംഗ്ലാവ് ഉപയോഗിക്കപ്പെടുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക