ഇടുക്കി: ജില്ലയില്‍ സിഎച്ച്‌ആര്‍ മേഖലയില്‍നിന്ന് അനധികൃതമായി മരംവെട്ടി കടത്തിയ സംഭവത്തില്‍ സിപിഐ നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി ആര്‍ ശശി ഉള്‍പ്പടെയുള്ളവരെയാണ് കേസില്‍ പ്രതിചേര്‍ത്തത്.

അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്. വി ആര്‍ ശശി, സ്ഥലമുടമ മോഹനന്‍, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കുമളി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറാണ് കേസെടുത്തിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വി ആര്‍ ശശിയുടെ ഏലം സ്‌റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടുകയായിരുന്നു. സംഭവത്തില്‍ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതിചേര്‍ത്തിരുന്നില്ല.

സംഭവം വിവാദമായതിനെത്തുടര്‍ന്ന് പ്രതികള്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താനുപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.


ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക