കോട്ടയം: ഇടതിലും വലതിലുമുള്ള കേരള കോൺഗ്രസുകളിൽ കൂട്ടക്കുഴപ്പം തുടരുന്നു. കേരള കോൺഗ്രസ് എമ്മിൽ ജോസ് കെ.മാണിയുടെ ഏകാധിപത്യത്തെച്ചൊല്ലി അസംതൃപ്തി ശക്തമാകുമ്പോൾ ജോസഫ് വിഭാഗത്തിൽ നേരിട്ട് ഏറ്റുമുട്ടുന്നത് കോട്ടയം ജില്ലാ പ്രസിഡൻറ്സജി മഞ്ഞക്കടമ്പനും മോൻസ് ജോസഫുമാണ്. ഇതിനിടയിൽ തന്നെ ഇടതുമുന്നണി ജോസഫിനെ അടുപ്പിക്കാൻ നടത്തുന്ന നീക്കങ്ങളും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

പാർട്ടി കൊണ്ടുനടക്കുന്നത് കോർപ്പറേറ്റ് കമ്പനി പോലെ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എം പൊട്ടിത്തെറിയുടെ വക്കിലാണ്. കേരള കോൺഗ്രസ് എമ്മിനുള്ളിൽ അസ്വസ്ഥതകൾ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുകയാണ്. ആരും പരസ്യമായി ഒന്നും പ്രകടിപ്പിക്കാത്തതിനാൽ അസംതൃപ്തി പുറത്തു വരുന്നില്ലെന്നു മാത്രം. ജോസ് കെ മാണി പാർട്ടി കൊണ്ടുനടക്കുന്നത് കോർപ്പറേറ്റ് കമ്പനി പോലെയാണെന്നും, പാർട്ടി ലീഡർ പോലെയല്ല കമ്പനി സി ഇ ഓ യെ പോലെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ആണ് പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഉയരുന്ന വിമർശനം. പുതുതായി വന്നു ചേർന്ന സ്തുതിപാടക സംഘത്തെ ഒപ്പംനിർത്തി പാർട്ടിയെ പ്രൊഫഷണൽ ആക്കുന്നു എന്ന് പറയുമ്പോൾ പാർട്ടിക്കുവേണ്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചവർ തിരസ്കരിക്കപ്പെടുന്നു എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന ആരോപണം. പാർട്ടിക്ക് ലഭിച്ച പല സുപ്രധാന സ്ഥാനങ്ങളിലേക്ക് നിയമനം നടത്തിയപ്പോൾ പാർട്ടിയുമായി ബന്ധമില്ലാത്ത ഇത്തരം പുതുമുഖങ്ങളാണ് പ്രൊഫഷണലിസം എന്ന പേരിൽ കടന്നുവന്നത് എന്ന ആക്ഷേപം ശക്തമായി ഇപ്പോഴും നിലനിൽക്കുകയാണ്

കഴിഞ്ഞ ആഴ്ചകളിൽ കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങൾ സോഷ്യൽ മീഡിയ വഴി സജീവമായി പ്രചരിച്ചിരുന്നു. ജോസ് കെ.മാണിയ്‌ക്കെതിരെ കേരള കോൺഗ്രസിലെ ഒരു വിഭാഗം എം.എൽ.എമാർ ഒന്നിക്കുന്നവെന്നായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണം. ഇതിനിടെ കേരള കോൺഗ്രസിന് ലഭിച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാരുടെ പട്ടിക പുറത്ത് വിട്ടതിന് ശേഷം കടുത്ത അമർഷമാണ് പാർട്ടിക്കുള്ളിൽ നിന്ന് ഉയരുന്നത്. പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളോട് പോലും അലോചിക്കാതെയാണ് കേരള കോൺഗ്രസിന് ലഭിച്ച ചെയർമാൻ സ്ഥാപനങ്ങളിൽ ജോസ് കെ.മാണി തീരുമാനം എടുത്തതെന്നാണ് വിമർശനം ഉയരുന്നത്.

നിയമസഭയിലേയ്ക്കു മത്സരിച്ചു പരാജയപ്പെട്ടവരെയും, പാർട്ടി വിട്ട് പുറത്തു പോയതിനു ശേഷം തിരികെ വന്നവരെയുമാണ് ചെയർമാൻ സ്ഥാനത്തേയ്ക്കു പരിഗണിച്ചതെന്ന വിമർശനമാണ് പ്രധാനമായും ഉയരുന്നത്. കാൽനൂറ്റാണ്ടിലേറെയായി, പാർട്ടിയ്‌ക്കൊപ്പം ഉറച്ചു നിന്ന പല നേതാക്കളെയും തള്ളിക്കളഞ്ഞ് പാർട്ടിയെയും, ജോസ് കെ.മാണിയെയും മുൻപ് വിമർശിച്ചവരെ ഒപ്പം നിർത്തി സ്ഥാനം നൽകുകയാണ് എന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം. ഇത് കൂടാതെ നിലവിൽ കേരള കോൺഗ്രസിന്റെ എം.എൽ.എമാരുടെ മണ്ഡലങ്ങളിൽ നിന്നുള്ള ആരെയും ചെയർമാൻ സ്ഥാനത്തേയ്ക്കു പരിഗണിക്കാതിരുന്നതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

എറണാകുളം കോട്ടയം ജില്ലയിൽ നിന്നുള്ള ബോർഡ് ചെയർമാന്മാരുണ്ടെങ്കിലും എം.എൽ.എമാരുടെ നോമിനിയായി ഒരാളെ പോലും അവരുടെ മണ്ഡലങ്ങളിൽ നിന്ന് നിയമിച്ചിട്ടില്ല. തൃശൂരിലെ സ്പിന്നിംഗ് മിൽ കോർപ്പറേഷൻ ചെയർമാനായി നിയമിച്ചയാളും പാർട്ടിയുമായി എന്ത് ബന്ധം ആണുള്ളത് എന്ന വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
മറ്റു കേരള കോൺഗ്രസുകളെല്ലാം ദുർബലമായത് കൊണ്ടു മാത്രമാണ് ഇവരിൽ പലരും ഇപ്പോഴും പാർട്ടി വിട്ടു പോകാതെ പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്നത്. ഈ സാഹചര്യത്തിൽ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതമായി കേരള കോൺഗ്രസ് മാറിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.

ജോസഫിൽ പുതിയ പോര് മോൻസ് ജോസഫും സജി മഞ്ഞക്കടമ്പിനും തമ്മിൽ?

മെഡിക്കൽ കോളേജ് വികസന സമിതിയെച്ചൊല്ലി കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയിൽ ആരംഭിച്ച പോര് അതിരൂക്ഷമായി തുടരുകയാണ്. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെ മെഡിക്കൽ കോളേജ് വികസന സമിതിയിൽ ഉൾപ്പെടുത്താൻ നടത്തിയ നീക്കം മോൻസ് ജോസഫും, ജോയി എബ്രഹാമും ഇടപെട്ട് വെട്ടിയതോടെയാണ് അകൽച്ച ആരംഭിച്ചത്. സജി മഞ്ഞക്കടമ്പനെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കാൻ ഒരു വിഭാഗം രഹസ്യ നീക്കം നടത്തിയിരുന്നു. എന്നാൽ, ഈ നീക്കം പരാജയപ്പെടുകയായിരുന്നു.

എന്നാൽ മെഡിക്കൽ കോളേജ് വിവാദം ജോസഫ് വിഭാഗത്തിൽ കത്തിപ്പടർന്ന് ഗ്രൂപ്പ് പോര് മൂർച്ഛിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. പത്തു വർഷത്തിലേറെയായി ജോസഫ് വിഭാഗം പ്രതിപക്ഷത്ത് തന്നെയാണ്. ഈ സാഹചര്യത്തിൽ ഇടത് പക്ഷത്ത് എത്താനുള്ള ശ്രമവും ജോസഫ് വിഭാഗത്തിൽ ഒരു കൂട്ടർ നടത്തുന്നുണ്ട്. ഇതിന് ഇടത് നേതൃത്വവും അനുകൂലമാണെന്നും വാർത്തകളുണ്ട്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനു നേതൃത്വം നൽകാൻ പി ജെ ജോസഫിന് ഇപ്പോൾ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസിന്റെ നേതൃത്വം ജോസഫിൽ നിന്നും തട്ടിയെടുക്കാനും ഗ്രൂപ്പ് കളി ശക്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക