കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദിലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ പക്കലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സഹോദരന്‍ അനൂപിനാണ് അന്വേഷണ ഉദ്യോഗസ്ഥനെ എങ്ങനെ കൊല്ലണമെന്ന നിര്‍ദേശം ദിലീപ് നല്‍കിയത്. ഈ സംഭാഷണം താന്‍ ഉടന്‍ പുറത്തുവിടുമെന്നും ബാലചന്ദ്രകുമാര്‍ കൂട്ടിച്ചേര്‍ത്തു. ”തന്റേത് ശാപ വാക്കെന്നാണ് ദിലീപ് പറയുന്നത്. ഒരാളെ എങ്ങനെ കൊല്ലണമെന്ന് വരെ ദിലീപ് പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്. ഒരാളെ കൊല്ലുമ്പോള്‍ തെളിവില്ലാതെ ഏത് രീതിയില്‍ കൊല്ലണമെന്നാണ് ദിലീപ് പറയുന്നത്. സഹോദരന്‍ അനൂപിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ ഓഡിയോ ഞാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. അത് നിങ്ങള്‍ കേള്‍ക്കാത്തത് കൊണ്ടാണ് പറഞ്ഞത് ശാപ വാക്കുകളാണെന്ന് പറയുന്നത്. ദിലീപിന്റേത് ശാപ വാക്കുകളാണോയെന്ന് ഓഡിയോ പുറത്തുവരുമ്പോള്‍ മനസിലാകും,” അദ്ദേഹം പറഞ്ഞു. വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നതെന്നും താന്‍ എന്തെല്ലാം തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമന്‍ പിള്ളയ്ക്ക് അറിയില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

‘താന്‍ എന്തെല്ലാം തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് പോലും രാമന്‍ പിള്ളയ്ക്ക് അറിയില്ല. ഹാജരാക്കേണ്ട ഡിവൈസുകളെല്ലാം കൃത്യസമയത്ത് കൈമാറിയിട്ടുണ്ട്. അതൊന്നും അറിയാത്തത് കൊണ്ടാണ് ടാബിന്റെയും ലാപ്പിന്റെയും കാര്യങ്ങള്‍ പറഞ്ഞു കൊണ്ട് ദിലീപ് നടക്കുന്നത്. വ്യാജ ആരോപണങ്ങളിലൂടെ ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി നേരത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്ന ആരോപണത്തിന് ദിലീപ് തെളിവുകള്‍ ഹാജരാക്കണമെന്നും പരാതി നല്‍കിയ ശേഷം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഞാന്‍ ബന്ധപ്പെട്ടതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഞാന്‍ നവംബര്‍ 25നാണ് പരാതി നല്‍കിയത്. ഡിസംബര്‍ 25ന് ഒരു മാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27ന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നെ ബന്ധപ്പെട്ടത്. അതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. നാളെ 1.45 ന് വാദം പുനരാരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം ഇന്ന് പൂര്‍ത്തിയായിട്ടുണ്ട്. നാളെ പ്രോസിക്യൂഷന്റെ വാദമാണ് ഉണ്ടാവുക.

വളരെ ഗൗരവമുള്ള ഒരു കേസിനെ വളരെ ലളിതമായി അവതരിപ്പിക്കുകയാണ് പ്രതിഭാഗമെന്ന് പ്രോസിക്യൂഷന്‍ ഇതിനിടെ പറഞ്ഞിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും എഫ്.ഐ.ആര്‍ തന്നെ നിലനില്‍ക്കില്ലെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദത്തിനെതിരെയാണ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്.

അനാവശ്യമായി കേസ് നീട്ടിവെക്കുന്നു എന്ന രീതിയില്‍ പുറത്ത് ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതിനിടെ കോടതി ചൂണ്ടിക്കാട്ടി. കേസ് നാളെ പരിഗണിക്കുമെന്നും വാദം പൂര്‍ത്തിയാക്കാമെന്നും കോടതി വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്റെ മൊഴി മാത്രം വിശ്വസിച്ച് മുന്നോട്ട് പോകരുതെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ പറഞ്ഞത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയ ആളാണ് ബാലചന്ദ്രകുമാറെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

തനിക്കെതിരായ എഫ്.ഐ.ആറില്‍ ഏറെ വൈരുദ്ധ്യമുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വസിക്കരുത്. തന്റെ കക്ഷിയുടെ ദേഹത്ത് അന്വേഷണ സംഘം കൈവെച്ചിട്ടില്ല. പിന്നെ എന്തിനാണ് വൈരാഗ്യം തീര്‍ക്കുന്നത്. ഇത്തരമൊരു കേസ് തന്നെയില്ല. എഫ്.ഐ.ആര്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക