
ന്യൂഡല്‍ഹി: താലിബാന്റെ ഭരണത്തിന് കീഴിലായ അഫ്ഗാനിസ്ഥാന് വികസന സഹായമായി നല്‍കിയിരുന്ന തുക ഇന്ത്യ വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം 350 കോടി രൂപ നല്‍കിയ സ്ഥാനത്ത് ഇക്കൊല്ലം 200 കോടി രൂപ മാത്രമാണ് നീക്കി വച്ചിരിക്കുന്നത്. മനുഷത്വപരമായ സമീപനം തുടരാന്‍ തീരുമാനിച്ചതിനാലാണ് സഹായം അവസാനിപ്പിക്കേണ്ടെന്ന നിലപാടെടുത്തത്.
യു.എന്‍. ഭക്ഷ്യ പരിപാടിയുമായി സഹകരിച്ച് അര ലക്ഷം ടണ്‍ ഗോതമ്പ് അഫ്ഗാനിലേക്ക് അയയ്ക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. അതേസമയം, ബംഗ്ലാദേശിനുള്ള സഹായത്തില്‍ വന്‍ വര്‍ധനയാണുള്ളത്. നടപ്പു സാമ്പത്തിക വര്‍ഷം 200 കോടി രൂപ നല്‍കിയ സ്ഥാനത്ത് വരുന്ന വര്‍ഷം 300 കോടിയാണ് അഫ്ഗാനിസ്ഥാന് നല്‍കുക. കഴിഞ്ഞ വര്‍ഷം 400 കോടി നല്‍കിയ മ്യാന്‍മറിന് ഇക്കുറി 600 കോടി രൂപ നല്‍കും.
അയല്‍ക്കാരെ സഹായിക്കാനായി മാറ്റി വയ്ക്കുന്ന തുകയുടെ മൂന്നിലൊന്നോളം ഭൂട്ടാന് നല്‍കുന്ന പതിവ് ഇക്കുറിയും തുടരും. ഏകദേശം 2,266 കോടി രൂപയാണ് അവര്‍ക്ക് നല്‍കുക. ഇതിന്റെ ഭാഗമായി ജലവൈദ്യുതി പദ്ധതികളും ഇ-ലൈബ്രററിയും നിര്‍മിച്ച് നല്‍കും. അവിടെ റുപ്പേ കാര്‍ഡുകള്‍ അവതരിപ്പിക്കുന്നുണ്ട്. അയല്‍രാജ്യങ്ങളുടെ വികസനത്തിന് സഹായിക്കാനുള്ള ഫണ്ടില്‍ പുതിയ ബജറ്റില്‍ കാര്യമായ വര്‍ധനയുണ്ട്. ചൈനയുടെ സ്വാധീന വലയത്തിന് തടയിടുകയാണ് ലക്ഷ്യം.