നോയിഡ: മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വസതിയില്‍ ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കോടികളുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം നടന്നത്. പരിശോധന സര്‍വേ ഓപ്പറേഷന്‍ ആണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.

2000 ത്തിന്റെയും 500 ന്റെയും നോട്ടുകളാണ് പരിശോധനയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. വീടിന്റെ ബേസ്മെന്റിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 650 ലോക്കറുകളുള്ള ബേസ്മെന്റില്‍ ഒരു സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍ എന്നാണ് വിവരം. സംഭവത്തിന് ബിനാമി ഇടപാടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരുകയാണ്. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി ഐപിഎസ് ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്നുള്ള സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച വൈകിട്ടോടെയാണ് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ നോയിഡയിലെ സെക്ടര്‍ 50ല്‍ എത്തിയത്. ഇന്ന് രാവിലെ ഉത്തര്‍പ്രദേശിലെ വാരണാസിയിലും ജാന്‍പൂരിലും ഉള്‍പ്പടെ പത്ത് സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയിഡ് നടത്തിയിരുന്നു. നിരവധി ജൂവലറി ഉടമകളുമായി ബന്ധപ്പെട്ടും റെയിഡ് നടന്നതായി സൂചനകളുണ്ട്. പന്ത്രണ്ടോളം ടീമുകള്‍ രൂപീകരിച്ചാണ് വ്യാപക പരിശോധനകള്‍ നടത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ജൂവലറി ഉടമകള്‍ ഹവാല പണം ഇടപാടുകള്‍ നടത്തുന്നതായി ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. സംശയാസ്പദമായ ചില ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഹവാല ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില ജൂവലറി ഉടമകളുടെ പേരുകള്‍ ഉള്‍പ്പെട്ട പട്ടിക അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതായാണ് പുറത്ത് വരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ഹവാല പണം ലഭ്യമാക്കുന്നതെന്നാണ് ആദായനികുതി വകുപ്പിന്റെ നിഗമനം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഈ തുക ഉപയോഗിക്കുമെന്നും അന്വേഷണ സംഘം സംശയിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക