കൊച്ചി: എറണാകുളത്ത് മാളിലെ ഷോപ്പില്‍ അനധികൃതമായി വില്‍പ്പനയ്ക്ക് വച്ചിരുന്ന കളിപ്പാട്ടങ്ങള്‍ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ആയിരത്തില്‍പ്പരം ഉല്‍പ്പന്നങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് കൊച്ചി ശാഖ പിടിച്ചെടുത്തത്. കൂടുതല്‍ ശാഖകള്‍ നിരീക്ഷണത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ഒബ്‌റോണ്‍ മാളില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിസ്ബീ എന്ന സ്റ്റോറില്‍ നിന്നാണ് നിയമവിരുദ്ധമായി വില്‍പ്പനയ്ക്ക് വച്ചിരുന്ന 1100 കളിപ്പാട്ടങ്ങള്‍ പിടികൂടിയത്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് കളിപ്പാട്ടങ്ങളില്‍ ഐഎസ്‌ഐ മാര്‍ക്ക് വേണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച്‌ വില്‍പ്പന നടത്തിയിരുന്ന കടയില്‍ നിന്നാണ് കളിപ്പാട്ടങ്ങള്‍ കൂട്ടത്തോടെ പിടിച്ചെടുത്തത്. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത വിവിധ കളിപ്പാട്ടങ്ങളുടെ വമ്ബിച്ച സ്‌റ്റോക്കാണ് കണ്ടെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. കുറ്റക്കാര്‍ക്കെതിരെ കേസെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐഎസ്‌ഐ മാര്‍ക്ക് ഉള്ള കളിപ്പാട്ടങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്ന് കാണിച്ച്‌ പത്രങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നോട്ടീസ് നല്‍കിയിരുന്നു. ഫ്രിസ്ബീയില്‍ നിന്ന് പിടികൂടിയ കളിപ്പാട്ടങ്ങളില്‍ മുഖ്യമായി ടോയ് കാറുകളും ട്രക്കുകളും മറ്റു വാഹനങ്ങളുമായിരുന്നു. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത കളിപ്പാട്ടങ്ങളാണ് വില്‍ക്കുന്നത് എന്ന് അന്വേഷണത്തില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റോറില്‍ റെയ്ഡ് നടത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയെ കരുതി ഇത്തരത്തിലുള്ള റെയ്ഡുകള്‍ ഇനിയും നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാതെ കളിപ്പാട്ടങ്ങള്‍ വിറ്റാല്‍ രണ്ടു വര്‍ഷം വരെ തടവോ രണ്ടുലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ കിട്ടാവുന്ന കുറ്റമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക