തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളില്‍ ഡിസ്ചാര്‍ജ് മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. നേരിയ രോഗ ലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെയാണ് പോളിസി പുതുക്കിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗികള്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴു ദവസം നിരീക്ഷണത്തില്‍ കഴിയണം. അതോടൊപ്പം തുടര്‍ച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താല്‍ ഗൃഹനിരീക്ഷണം നിര്‍ത്താം. ഈ സമയത്ത് അപായസൂചനകളുണ്ടോയെന്ന് നിരീക്ഷിക്കണം. ദിവസവും ആറ് മിനിട്ട് നടക്കണം. അപായ സൂചനകള്‍ കാണുകയോ, വിശ്രമിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 94 ശതമാനത്തില്‍ കുറയുകയോ ആറ് മിനിട്ട് നടന്നതിന് ശേഷം ഓക്‌സിജന്റെ അളവ് ബേസ് ലൈനില്‍ നിന്ന് മൂന്ന് ശതമാനത്തില്‍ കുറയുകയോ ചെയ്താല്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ സാഹചര്യങ്ങളില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ സി.എഫ്.എല്‍.ടി.സിയിലേക്കോ സി.എസ്.എല്‍.ടി.സിയിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാം.

ഗുരുതര രോഗം, എച്ച്.ഐ.വി. പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ രോഗികള്‍, ഇമ്മ്യൂണോ സപ്രസന്റ്‌സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവരെ രോഗലക്ഷണങ്ങള്‍ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവായാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്‌സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

ആരോഗ്യസ്ഥിതി മോശമാണെങ്കില്‍ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങള്‍ അനുസരിച്ച് കോവിഡ് ഐ.സി.യുവിലോ നോണ്‍ കോവിഡ് ഐ.സി.യുവിലോ പ്രവേശിപ്പിക്കുക. റാപ്പിഡ് ആന്റിജന്‍ പരിശോധനാഫലം പോസിറ്റീവാണെങ്കില്‍ നെഗറ്റീവാകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്പോള്‍ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്യും.

നേരിയ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നപക്ഷം 48 മണിക്കൂറുകള്‍ക്കുള്ളില്‍ പനി ഇല്ലാതിരിക്കുകയും ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുകയാണെങ്കില്‍ അപായ സൂചനകള്‍ നിരീക്ഷിക്കാനുള്ള നിര്‍ദ്ദേശത്തോടുകൂടി വീട്ടില്‍ നിരീക്ഷണം നടത്താനായി ഡിസ്ചാര്‍ജ് ചെയ്യാം. ഗുരുതര രോഗികള്‍ക്ക് 14 ദിവസത്തിനു മുമ്പായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കില്‍ രോഗിയെ സി.എസ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിക്കാവുന്നതും പതിനാലാംദിവസം അവിടെ നിന്ന് ആന്റിജന്‍ പരിശോധന നടത്താവുന്നതുമാണ്.

എല്ലാ വിഭാഗത്തിലുമുള്ള ആളുകളും ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം അടുത്ത ഏഴ് ദിവസത്തേക്കു കൂടി എന്‍ 95 മാസ്‌ക് ധരിക്കുകയും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ചെയ്യണം. 20 ദിവസങ്ങള്‍ക്കു ശേഷവും ആന്റിജന്‍ പരിശോധന പോസിറ്റീവായി തുടരുന്ന രോഗികളുടെ സാമ്പിള്‍ ജനിതക ശ്രേണീകരണത്തിനായി നല്‍കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക