തിരുവനന്തപുരം: നടന്‍ രാജന്‍ പി ദേവിന്റെ മരുമകള്‍ ഭര്‍തൃവീട്ടിലെ പീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരട്ടത്താപ്പ് കളിച്ച്‌ പൊലീസ്. ഹര്‍ഷിത അട്ടല്ലൂരിയും മന്ത്രി വീണാജോര്‍ജ്ജും മറ്റും കൊല്ലത്ത് ആത്മഹത്യ ചെയ്തു എന്ന് പറയപ്പെടുന്ന വിസ്മയയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി നിയമ സഹായം ചെയ്യുമ്ബോള്‍ പ്രിയങ്കയുടെ വീട്ടിലേക്ക് ആരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ഇതിന് കാരണം ഉണ്ണി പി രാജന്റെ കുടുംബത്തിന്റെ പാര്‍ട്ടീ ബന്ധമാണെന്നാണ് പ്രിയങ്കയുടെ ബന്ധുക്കളുടെ ആരോപണം. അതിനാലാണ് ഇയാളുടെ മാതാവ് ശാന്തമ്മയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് അവരെ അറസ്റ്റ് ചെയ്യാത്തത്.

ശാന്തമ്മയുടെ മകളുടെ ഭര്‍ത്താവ് അറിയപ്പെടുന്ന ബാര്‍ മുതലാളിയും കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ അധ്യക്ഷനുമായ എലഗൻസ് ബിനോയ് ആണ്. ഇയാളാണ് ഇടതു മുന്നണി മീറ്റിങ്ങുകളില്‍ കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്റെ പ്രതിനിധിയായി പങ്കെടുക്കുന്നത്. അതിനാല്‍ ഭരണപക്ഷത്ത് ഉന്നത സ്വാധീനമുണ്ട്. ഈ സ്വാധീനമുപയോഗിച്ചാണ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ആത്മഹത്യയ്ക്ക് മാത്രമേ എഫ് ഐ ആര്‍ ഇടുകയുള്ളൂവെന്ന നിലപാടിലാണ് വട്ടപ്പാറ പൊലീസ്. മര്‍ദ്ദന കേസ് അങ്കമാലിയിലേക്ക് നല്‍കിയെന്നാണ് വിശദീകരണം. എന്നാല്‍ ആത്മഹത്യാ കേസിനൊപ്പം ഇതും അന്വേഷിക്കാം എന്ന നിലപാടിലാണ് അങ്കമാലി പൊലീസ്. രേഖാ മൂലം എഴുതി നല്‍കിയാലേ അന്വേഷിക്കൂവെന്നും പറയുന്നു. ഇതിനെല്ലാം പിന്നില്‍ ഇടതു രാഷ്ട്രീയത്തില്‍ എലഗൻസ്ബിനോയിക്കുള്ള സ്വാധീനമാണെന്ന് തന്നെയാണ് കുടുംബം ആരോപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് കേസില്‍ ഒത്തുകളിച്ചതിന്റെ പ്രധാന തെളിവായി ചൂണ്ടിക്കാട്ടുന്നത് പഴയ പ്രണയകഥ കേസ് ഡയറിയില്‍ എഴുതിച്ചേര്‍ത്തതാണ്. മരണപ്പെട്ട പ്രിയങ്ക 5 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തലസ്ഥാനത്തെ അനവധി ക്രിമിനല്‍ കേസ് പ്രതിയായ ഗുണ്ട കാട്ടാക്കട വിഷ്ണുവുമായി ഒളിച്ചോടിപ്പോയി 4 മാസം ലീവ് ഇന്‍ ടുഗതര്‍ റിലേഷന്‍ഷിപ്പില്‍ പാര്‍ത്തതായിട്ടാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഇക്കാര്യം മറച്ചു വച്ചാണ് എറണാകുളം ലുലു മാളിലും സ്‌കൂളിലും ജോലി ചെയ്ത പ്രിയങ്കയുമായുള്ള വിവാഹം നടത്തിയതെന്നും ഉണ്ണി തന്റെ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ ബോധിപ്പിച്ചു. ഇക്കാര്യം കേസ് ഡയറിയില്‍ മുന്‍കൂര്‍ എഴുതിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്.

കാക്കനാട്ടെ ഫ്‌ളാറ്റില്‍ വച്ച്‌ മുന്‍ കാമുകനായ കുപ്രസിദ്ധ ഗുണ്ട വിഷ്ണുവുമായുള്ള പ്രിയങ്കയുടെ ചാറ്റിങ് ഫേസ് ബുക്ക് അക്കൗണ്ടില്‍ നിന്ന് ഉണ്ണി ഏപ്രില്‍ മാസത്തില്‍ കണ്ടെത്തിയതായും പ്രതി കോടതിയെ ബോധിപ്പിച്ചു. ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പ്രിയങ്ക അക്രമാസക്തയാവുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അങ്കമാലി കറുകുറ്റി വീട്ടിലേക്ക് താമസം മാറ്റി. മുന്‍ കാമുകനുമായുള്ള എഫ് ബി അക്കൗണ്ട്ട്ട് ചാറ്റിങ് ചൊല്ലി കൂട്ട വഴക്കാകുകയായിരുന്നു. ഇതിനിടെയാണ് ശാന്തമ്മക്കും പ്രിയങ്കക്കും തനിക്കും പരിക്ക് പറ്റിയതെന്ന് ഉണ്ണി ബോധിപ്പിച്ചു. പരിക്കു പറ്റിയതില്‍ മൂവര്‍ക്കും തുല്യ പങ്കാളിത്തമാണുള്ളതെന്നും പറയുന്നു. ഇതേ തുടര്‍ന്ന് ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

ഇതിനൊപ്പം സ്ത്രീപീഡനത്തിന് കര്‍ശന നടപടിയെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുമ്ബോഴും കേസിലെ രണ്ടാംപ്രതി ശാന്തമ്മയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ശാന്തമ്മയ്ക്ക് കോവിഡിന്റെ മുട്ടാപ്പോക്ക് ന്യായം പറഞ്ഞാണ് പൊലീസ് അറസ്റ്റ് വൈകിക്കുന്നത്. ഇതും ബിനോയിയുടെ ഇടപെടലാണെന്നും കുടുംബം ആരോപിക്കുന്നു. ഭാര്യയുടെ അമ്മയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ബിനോയ് വലിയ ഇടപെടലുകള്‍ നടത്തിയെന്നാണ് പുറത്തു വരുന്നസൂചന.

മെയ് 12 ഉച്ചയ്ക്ക് 2 മണിക്കാണ് വെമ്ബായം തേക്കട കാരംകോട് കരിക്കകം വിഷ്ണുഭവനില്‍ ജയ മകള്‍ ജെ. പ്രിയങ്ക വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പ്രഭാത ഭക്ഷണം കഴിഞ്ഞ് വീട്ടുജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം 10.58 ന് റൂമില്‍ കയറി കതകടക്കുകയായിരുന്നു. മരണത്തിന് തലേദിവസം ഭര്‍ത്താവും ഭര്‍തൃ മാതാവും ചേര്‍ന്ന് തന്നെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുന്നുവെന്ന് കാണിച്ച്‌ തിരുവനന്തപുരം റൂറല്‍ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയുടെ മരണശേഷം സഹോദരന്‍ വിഷ്ണുവും പൊലീസില്‍ പരാതി നല്‍കി. പ്രിയങ്കയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ അടയാളങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ഉള്‍പ്പടെയാണ് പരാതി നല്‍കിയത്.

ആദ്യം അസ്വാഭാവിക മരണത്തിന് ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം രജിസ്റ്റര്‍ ചെയ്ത് കേസിന്റെ എഫ്.ഐ.ആര്‍. തിരുവനന്തപുരം സബ്ബ് ഡിവിഷണല്‍ മജിസ്‌ട്രേട്ട് ആയ ആര്‍.ഡി.ഒ.കോടതിയിലാണ് വട്ടപ്പാറ പൊലീസ് ഹാജരാക്കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആത്മഹത്യ പ്രേരണ , സ്ത്രീധന പീഡന മരണം എന്നിവ ചുമത്തിയുള്ള അഡീഷണല്‍ റിപ്പോര്‍ട്ട് ,ആര്‍.ഡി.ഒ കോടതിയില്‍ നിന്ന് തിരികെ വാങ്ങിയ കേസ് റെക്കോര്‍ഡുകള്‍ എന്നിവ നെടുമങ്ങാട് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഉണ്ണിയെയും ഉണ്ണിയുടെ മാതാവ് ശാന്തമ്മയെയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കേസില്‍ അഡീഷണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മെയ് 25 നാണ് ഉണ്ണിയെ അങ്കമാലി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ വാടകക്ക് താമസിച്ചിരുന്ന കാക്കനാട് ഫ്‌ളാറ്റിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തി. അതേ സമയം അവിഹിത ബന്ധം ചോദ്യം ചെയ്തതിന് പ്രിയങ്ക തന്റെ മാതാവിനെ അകാരണമായി മര്‍ദ്ദിച്ചതിനാലാണ് താന്‍ പ്രിയങ്കയെ ഉപദ്രവിച്ചതെന്ന കുറ്റസമ്മത മൊഴിയാണ് ഉണ്ണി അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് നല്‍കിയിരിക്കുന്നത്. അങ്കമാലി സ്‌കൂളില്‍ കായിക അദ്ധ്യാപികയായിരുന്നു പ്രിയങ്ക. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബാംഗമാണ് പ്രിയങ്ക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക