തിരുവനന്തപുരം: ട്രെയിന്‍ തട്ടി എല്‍ ഐ സി ഏജന്റ് മരണപ്പെട്ടത് കൊലപാതകമെന്ന് പോലീസ് കണ്ടെത്തി. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറല്‍ വീട്ടില്‍ 53 കാരിയായ ജെസ്സി യുടെ മരണം ആണ് ആസൂത്രിത കൊലപാതകം ആണെന്ന് കടയ്ക്കാവൂര്‍ പോലീസിന്‍റെ അന്വേഷണത്തില്‍ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ജെസ്സിയുടെ സുഹൃത്തായ മോഹനന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ റെയില്‍വേ ട്രാക്കില്‍വെച്ച്‌ ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

ജെസ്സി എല്‍ ഐ സി ഏജന്റ് ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ജെസ്സിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കടയ്ക്കാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഡിസംബര്‍ 18 ന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്ന് രാത്രി 10.30ഓടെ ആണ് വര്‍ക്കല അയന്തി പാലത്തിന് സമീപം ഇവരുടെ മൃതദേഹം ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടെത്തിയത്. ജെസ്സി തന്നെയാണ് മരണപ്പെട്ടത് എന്ന് പോലീസ് സ്ഥിതികരിക്കുകയും പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെ ഉള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലേക്ക് പോലീസ് നീങ്ങുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്ബോള്‍ ജെസ്സി ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഒന്നും തന്നെ ശരീരത്തില്‍ ഇല്ലായിരുന്നു. പോലീസ് അന്വേഷണത്തില്‍ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയില്‍ ഇവര്‍ സഞ്ചരിച്ചത് ആയി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സമീപവാസിയും സുഹൃത്ത് കൂടിയായ മോഹനനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.

ജെസ്സിയും മോഹനനും തമ്മില്‍ മൂന്ന് വര്‍ഷമായി സൗഹൃദത്തില്‍ ആയിരുന്നു. വര്‍ക്കല അയന്തി പാലത്തിന് സമീപത്തെ ഒരു വീട്ടില്‍ നിന്നും പോളിസി എടുത്തു നല്‍കാം എന്ന് വിശ്വസിപ്പിച്ചു ആണ് മോഹനന്‍ ഇവരെ ഓട്ടോറിക്ഷയില്‍ ആളൊഴിഞ്ഞ ഭാഗമായ അയന്തി പലത്തിന് സമീപം കൊണ്ട്‌ പോയത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിലൂടെ നടക്കുമ്ബോള്‍ തൂവാല വച്ചു വാ പൊത്തുകയും റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് ജെസ്സിയുടെ സാരി തന്നെ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

ജെസ്സിയുടെ മരണം ഉറപ്പിച്ച ശേഷം മോഹനന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത ശേഷം മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇന്‍ക്വസ്റ്റ് സമയത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കാണാത്തത് പോലീസിനും സംശയം ഉളവാക്കുകയും അന്വേഷണം കൊലപാതകം എന്ന രീതിയില്‍ മുന്നോട്ട് പോവുകയും ചെയ്തു എന്ന് വര്‍ക്കല ഡി.വൈ.എസ്.പി നിയാസ് പി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക