എറണാകുളം: കിഴക്കമ്ബലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ക്രിസ്മസ് ആഘോഷത്തിനിടെ അക്രമം. കുന്നത്തുനാട് സി.ഐ വി.ടി ഷാജന്‍ അടക്കം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അക്രമത്തില്‍ ഗുരുതര പരിക്കേറ്റു. അക്രമികള്‍ ഒരു പൊലീസ് ജീപ്പ് തകര്‍ക്കുകയും മറ്റൊന്ന് പൂര്‍ണമായി കത്തിക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഉദ്യോഗസ്ഥര്‍ കോലഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

പുലര്‍ച്ചെ നാലു മണിയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം നൂറോളം വരുന്ന അക്രമികളെ കസ്റ്റഡിയിലെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ സംഘം ക്യാമ്ബ് ചെയ്യുന്നു. എ.ആര്‍. ക്യാമ്ബില്‍ നിന്ന് 500 പൊലീസുകാരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
അഗ്നിക്കിരയാക്കിയ പൊലീസ് ജീപ്പ്

ശനിയാഴ്ച അര്‍ധരാത്രിയോടെ കിഴക്കമ്ബലം കിറ്റെക്സ് കമ്ബനിയില്‍ ജോലി ചെയ്യുന്ന മണിപ്പൂര്‍, നാഗാലന്‍ഡ് സ്വദേശികളായ തൊഴിലാളികളാണ് താമസസ്ഥലത്ത് അക്രമം നടത്തിയത്. ക്രിസ്മസ് കരോള്‍ സംബന്ധിച്ച തൊഴിലാളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷം നേരില്‍കണ്ട പ്രദേശവാസിയാണ് വിവരം കുന്നത്തുനാട് പൊലീസിനെയും പൊലീസ് കണ്‍ട്രോള്‍ റൂമിനെയും അറിയിച്ചത്.

ഇതേതുടര്‍ന്ന് പ്രശ്നം ഒത്തുതീര്‍പ്പാക്കാനെത്തിയ പൊലീസുകാരെ നൂറോളം വരുന്ന തൊഴിലാളികള്‍ തടഞ്ഞുവെച്ച്‌ ആക്രമിക്കുകയായിരുന്നു. പൊലീസ് ജീപ്പുകള്‍ക്ക് നേരെ കല്ലെറിഞ്ഞ തൊഴിലാളികള്‍ ഒരു വാഹനം തകര്‍ക്കുകയും മറ്റൊന്ന് അഗ്നിക്കിരയാക്കുകയും ചെയ്തു. പൊലീസ് വാനിനും പ്രദേശവാസികള്‍ക്കും നേരെയും തൊഴിലാളികള്‍ കല്ലെറിഞ്ഞെന്ന് ദൃക്സാക്ഷി സരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തിന് ശേഷം താമസസ്ഥലത്തെ മുറികളില്‍ കയറി തൊഴിലാളികള്‍ ഒളിച്ചിരുന്നു. പുറത്തിറങ്ങി വരാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികള്‍ തയാറായില്ല. ഇതേതുടര്‍ന്ന് പുലര്‍ച്ചെ നാലിന് കൂടുതല്‍ പൊലീസിനെ സ്ഥലത്തെത്തി ബലം പ്രയോഗിച്ചാണ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച ഇതര സംസ്ഥാന തൊഴിലാളികളാണ് പ്രശ്നം ഉണ്ടാക്കിയതെന്ന് ആലുവ റൂറല്‍ എസ്.പി കെ. കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്.പി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക