ഏതെങ്കിലും ഒരാളോട് കടുത്ത ശാരീരികാകര്‍ഷണം(Physical Attraction) തോന്നുക. അതിന്റെ പേരില്‍ അയാളെ പരിചയപ്പെട്ട്, കൂടുതല്‍ അടുത്ത ശേഷം അയാളുമായി രതി(sex)യില്‍ ഏര്‍പ്പെടുക.തൊട്ടടുത്ത നിമിഷം തൊട്ട്, അകാരണമായ ഒരു വിഷാദം(depression) മനസ്സിനെ മുള്‍വേലി പോലെ വരിഞ്ഞു മുറുക്കുക. ഈ ഒരു അനുഭവപരിസരങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ പലരുമുണ്ടാവാം നമുക്കിടയില്‍. ജീവിതത്തിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, സ്ത്രീയോ പുരുഷനോ ഒരാളുമായി സെക്സില്‍ ഏര്‍പ്പെട്ടു എന്ന ഒരൊറ്റക്കാരണം കൊണ്ടുമാത്രം ഇങ്ങനെ വിഷാദത്തിന്റെ കരകാണാകയങ്ങളിലേക്ക് വീണുപോവുന്നത് എന്തുകൊണ്ടാവും? വിഷമിക്കേണ്ടതില്ല. ഇത് ഒരു പ്രത്യേക ശാരീരികമാനസികാവസ്ഥയാണ്. വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്ന പേര്, Postcoital Dysphoria അഥവാ PCD എന്നാണ് ‘Post-Sex Blues’ എന്ന ചെല്ലപ്പേരിലും ഈ വിഷാദം അറിയപ്പെടുന്നുണ്ട്.

ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാല. 230 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, 2015 -ല്‍ നടത്തിയ ഒരു പഠനം പറയുന്നത് 46 ശതമാനം സ്ത്രീകളും തങ്ങളുടെ ജീവിതങ്ങളില്‍ ഒരിക്കലെങ്കിലും ഏറിയും കുറഞ്ഞും ഈ വിഷാദാവസ്ഥയിലൂടെ കടന്നു പോയവരാണ് എന്നാണ്. 2018 -ല്‍ അവര്‍ തന്നെ 1208 പുരുഷന്മാരില്‍ നടത്തിയ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് 41 ശതമാനം പുരുഷന്മാര്‍ക്കും സമാനമായ വിഷാദങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സെക്സ് എന്നത് സ്വാഭാവികമായ അവസ്ഥയില്‍ ഏതൊരാളും ആശ്വാസവും, സംതൃപ്തിയും, ആനന്ദവും ഉത്പാദിപ്പിക്കേണ്ടുന്ന ഒരു പ്രക്രിയയാണ്. വളരെ ആസ്വദിച്ചുതന്നെ ഏര്‍പ്പെട്ട ഒരു രതിക്ക് ശേഷം ഒരാള്‍ക്ക് അകാരണമായ വിഷാദം അനുഭവപ്പെടുമ്ബോള്‍ അത് അയാളുടെ മനസ്സില്‍ ഉത്പാദിപ്പിക്കുക വല്ലാത്തൊരു ആശയക്കുഴപ്പവും ഉലച്ചിലുമാണ്. വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പക്കുറവല്ല ഡിസ്‌ഫോറിയക്ക് കാരണം എന്നതും ശ്രദ്ധേയമാണ്. തന്റെ പങ്കാളിയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന, അയാളുമായി അങ്ങേയറ്റം ആസ്വദിച്ചുതന്നെ ബന്ധപ്പെട്ട ഒരാള്‍ക്ക് അതിനു ശേഷം ഡിസ്‌ഫോറിയ ശരീരത്തെയും മനസ്സിനെയും പ്രവേശിക്കുമ്ബോള്‍ അഞ്ചു മിനിട്ടു മുതല്‍, മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന കൊടിയ വിഷാദം അനുഭവവേദ്യമായേക്കാം.

എന്തൊക്കെയാണ് ഈ രത്യാനന്തര വിഷാദത്തിന്റെ പ്രകടമായ ലക്ഷണങ്ങള്‍? അകാരണമായ സങ്കടം, മനസ്സിനുള്ളില്‍ വല്ലാത്തൊരു ശൂന്യത, കടുത്ത ഉത്കണ്ഠ, ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ഉണ്ടാവുന്ന അടക്കാനാവാത്ത ഈര്‍ഷ്യ, പശ്ചാത്താപം, കുറ്റബോധം, ലജ്ജ, കടുത്ത ക്ഷീണം തുടങ്ങി ലക്ഷണങ്ങള്‍ പലതുണ്ടിതിന്. രതിമൂര്‍ച്ചയോടു കൂടിയതോ അല്ലാത്തതോ ആയ സെക്‌സിന് ശേഷം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകുന്ന പല സ്ത്രീകളും പുരുഷന്മാരും തുടര്‍ച്ചയായി കരഞ്ഞുകൊണ്ടേയിരിക്കാനും നിര്‍ബന്ധിതരാകും.

എന്തുകൊണ്ട് പിസിഡി?

എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥയിലൂടെ മനുഷ്യര്‍ കടന്നു പോവുന്നത് എന്നതിന് കൃത്യമായ വിശദീകരണങ്ങള്‍ ഇനിയും ശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. എന്നാലും ചില സാധ്യതകളെപ്പറ്റി പഠനങ്ങള്‍ പറയുന്നുണ്ട്. ചില കാരണങ്ങള്‍ ഇനി പറയുന്നവയാണ്.

നിലവില്‍ ഉത്കണ്ഠയോ, മാനസിക സമ്മര്‍ദ്ദമോ, വിഷാദരോഗമോ അനുഭവിക്കുന്നവര്‍ക്ക് സെക്സ് എന്ന പ്രക്രിയക്ക് ശേഷം അത് ട്രിഗര്‍ ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഭൂതകാലത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങള്‍ക്ക് ഇരയായിട്ടുള്ളവര്‍ക്ക്, ആ അനുഭവത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോള്‍ സെക്സില്‍ ഏര്‍പ്പെട്ടതുകാരണം ഉണ്ടായാലും വിഷാദം ഉണ്ടാകാം. പ്രസവാനന്തര വിഷാദം അനുഭവിക്കുന്ന സ്ത്രീകള്‍ക്കും പിസിഡി അനുഭവവേദ്യമാകാറുണ്ട്. സെക്സിനെക്കുറിച്ച്‌ പലര്‍ക്കും ഉള്ള മുന്‍ധാരണകള്‍ ഇങ്ങനെ ഒരു വിഷാദാവസ്ഥയ്ക്ക് കാരണമാവാം. മനോഹരമായ ഒരു ആനന്ദാനുഭവമാണ് രതി എന്ന ബോധ്യമില്ലാതെ, അത് എന്തോ വൃത്തികേടാണ് എന്ന ധാരണ മനസ്സില്‍ വെച്ചുകൊണ്ട് അതിനിറങ്ങിപ്പുറപ്പെട്ടാല്‍, സെക്സ് കഴിഞ്ഞാലുടന്‍ കടുത്ത വിഷാദമുണ്ടായി എന്നുവരാം.

കാഷ്വല്‍ ആയി സെക്സില്‍ ഏര്‍പ്പെട്ടാലും ഇതേ മനോനിലയിലേക്ക് എത്തിപ്പെടാം. ഒരുവ്യക്തിയെ അടുത്തറിഞ്ഞ്, അയാളോട് തികഞ്ഞ മാനസികമായ അടുപ്പം സ്ഥാപിച്ച ശേഷം സെക്സില്‍ ഏര്‍പ്പെടുന്നവരുണ്ട്. അല്ലാതെ, വെറും താത്കാലികമായ വൈകാരികവേലിയേറ്റങ്ങളുടെ പ്രേരണയാല്‍ നൈമിഷിക സുഖം മാത്രം തേടി അപരിചിതരോട് പോലും ബന്ധപ്പെടാന്‍ തയ്യാറാവുന്നവര്‍ ഉണ്ട്. ഇത്തരത്തിലുള്ള ബന്ധങ്ങളില്‍ പലപ്പോഴും ബന്ധപ്പെട്ട ശേഷം പൊന്തിവരാന്‍ സാധ്യതയുള്ള പാപബോധം ഇത്തരമൊരു വിഷാദത്തിലേക്ക് പലരെയും നയിച്ചെന്നു വരാം.

അതിനു പുറമെ, ബന്ധത്തില്‍ വേണ്ടത്ര സംതൃപ്തി കിട്ടാതെ വരിക, സെക്സ് ചെയ്യുന്ന വേളയില്‍ പങ്കാളിയില്‍ നിന്നുണ്ടായ പെരുമാറ്റങ്ങളുടെ വെളിച്ചത്തില്‍ താന്‍ അപമാനിക്കപ്പെട്ട എന്ന തോന്നല്‍ ഉണ്ടായാല്‍ ഒക്കെ സമാനമായ സങ്കടങ്ങള്‍ക്ക് അത് തിരികൊളുത്താം. സെക്‌സിന് ശേഷം വിഷാദം ഉണ്ടായിട്ടുള്ള ആളാണ് നിങ്ങള്‍ എങ്കില്‍ ചില ചോദ്യങ്ങളിലൂടെ സ്വന്തം മാനസികാവസ്ഥ വിലയിരുത്തുന്നത്, ആ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. അത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ ചുവടെ:

സെക്സിനെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് എന്താണ്?

എപ്പോഴാണ് നിങ്ങള്‍ക്ക് സെക്സില്‍ വിഷാദം തോന്നുന്നത്?

സെക്‌സിന് മുമ്ബ്, സെക്സിനിടയില്‍, സെക്‌സിന് ശേഷം?

മുന്‍കാലങ്ങളില്‍ സെക്സില്‍ ഏര്‍പ്പെടാതെ ഇരുന്ന കാലത്ത് സമാനമായ വിഷാദം അനുഭവിച്ചിട്ടുണ്ടോ?

നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയോട് ശാരീരികാകര്‍ഷണം ഇല്ലേ?

നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും സങ്കടമുണ്ടോ?

ജീവിതത്തില്‍, പഴയ ട്രോമകള്‍ വല്ലതും കരടായി കിടപ്പുണ്ടോ?

നിങ്ങള്‍ക്ക് അസംതൃപ്തി എന്തെങ്കിലും കാര്യത്തില്‍ ഉണ്ടോ?

സെക്സില്‍ ഏര്‍പ്പെടാന്‍ നിങ്ങള്‍ അവനവനെ നിര്‍ബന്ധിക്കുന്നുണ്ടൊ?

മറ്റുള്ളവരുമായി ശാരീരിക അടുപ്പം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും വിഷമതകള്‍ ഉണ്ടോ?

പരിചരിച്ച്‌, പരിഹരിക്കാതെ വിട്ടാല്‍ പിസിഡി എന്ന അവസ്ഥ, സെക്സെന്നു മനോഹരമായ അനുഭൂതിക്ക് ഒരു വിലങ്ങുതടിയായി ആജീവനാന്തം നിങ്ങള്‍ക്കുമുന്നില്‍ വന്നുനിന്നേക്കാം. അത് നിലവിലെ നിങ്ങളുടെ മാനസിക പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കും. നിങ്ങള്‍ ഇതിന്റെ പേരില്‍ പങ്കാളിയുമായി വഴക്കിട്ടു എന്നുവരാം. നിങ്ങള്‍ക്കിടയില്‍ ബന്ധത്തെ വരെ അത് ബാധിച്ചെന്ന് വരാം.

ഏതൊരു രോഗാവസ്ഥയെയും പോലെ ഇതും ശാരീരികവും മാനസികവുമായ പരിചരണം ഒന്നുകൊണ്ടുമാത്രമാണ് പരിഹരിക്കപ്പെടുക. ഏറ്റവും പ്രധാനമായി ചെയ്യേണ്ടത്, ഈ അവസ്ഥ ഉണ്ട് എന്നുള്ള കാര്യം നിങ്ങളുടെ പങ്കാളിയെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നതാണ്. ഈ രോഗാവസ്‌റ്റയുടെ മാനിഫെസ്റ്റേഷനുകളെ പറ്റി പരമാവധി ധാരണ നിങ്ങളുടെ പങ്കാളിയില്‍ ഉണ്ടാക്കാന്‍ സാധിച്ചാല്‍ അത് നിങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യും. നിങ്ങളുടെ മനസ്സിലേക്ക് നെഗറ്റീവ് ആയ ചിന്തകളെ കൊണ്ടുവരുന്ന ഘടകങ്ങളെ, സാഹചര്യങ്ങളെ ഒഴിവാക്കി നിര്‍ത്തുക, നിങ്ങളുടെ ദൈനംദിന ചിന്തകളെ ഒരു ഡയറിയില്‍ പകര്‍ത്തി അതിനെ വിശകലനം ചെയ്യാന്‍ ശ്രമിക്കുക, വിഷാദം ഉള്ള അവസരത്തില്‍ ഹാസ്യസിനിമകളോ നാടകങ്ങളോ ഒക്കെ കാണുക, പ്രാണായാമം പോലുള്ള ശ്വസന വ്യായാമങ്ങള്‍ ചെയ്ത് സമ്മര്‍ദ്ദം കുറക്കുക, മ്യൂസിക് തെറാപ്പിയുടെ സഹായം തേടുക, എന്തെങ്കിലുമൊക്കെ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടു നേരം കളയുക തുടങ്ങിയവയാണ് ഇക്കാര്യത്തില്‍ ചെയ്യാനാവുന്ന പരിഹാര മാര്‍ഗ്ഗങ്ങള്‍.

ഇത്രയൊക്കെ ചെയ്തിട്ടും നിങ്ങള്‍ക്ക് കടുത്ത വിഷാദം മാത്രമാണ് ഓരോ സെക്സ് സെഷനും നല്‍കുന്നത് എങ്കില്‍, ഇക്കാര്യത്തില്‍ പരിശീലനം സിദ്ധിച്ച മികച്ചൊരു സൈക്യാട്രിസ്റ്റിന്റെ സഹായം തേടുക എന്നതാണ് അടുത്ത വഴി. അവര്‍ക്ക് കൗണ്‍സലിംഗ്, സൈക്കോ തെറാപ്പി തുടങ്ങിയ പല മാര്‍ഗങ്ങളിലൂടെയും നിങ്ങള്‍ക്ക് മനഃശാന്തി പകര്‍ന്നു തരാനാവും. ഏതിനും, രതി അഥവാ സെക്സ് എന്ന സുഖാനുഭൂതിയുടെ രസംകൊല്ലിയായി അവതരിക്കുന്ന പിസിഡി അഥവാ രത്യാനന്തരവിഷാദത്തെ ശ്രദ്ധിക്കാതെ വിടുന്നത് അപകടകരമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക