ലണ്ടന്‍: ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമും മുന്‍ ഭാര്യയും തമ്മിലുള‌ള കേസില്‍ റെക്കാ‌ഡ് തുക വിധിയുമായി ലണ്ടനിലെ കോടതി. സ്വത്തിന്റെ അവകാശത്തിന്റെ പേരിലെ കേസില്‍ ഷെയ്‌ഖ് മുഹമ്മദിന്റെ ആറാം ഭാര്യയായിരുന്ന ഹയ ബിന്‍ത് അല്‍ ഹുസൈന്‍ രാജകുമാരിക്ക് 554 മില്യണ്‍ പൗണ്ട് (ഏകദേശം 733 മില്യണ്‍ ഡോളര്‍) ഷെയ്‌ഖ് നല്‍കാനാണ് കോടതി വിധിച്ചത്.

രാജകുമാരിക്കും ഇവരുടെ രണ്ട് മക്കള്‍ക്കും ആജീവനാന്ത സുരക്ഷ ഉറപ്പാക്കാനാണ് ഇത്രയും തുക നല്‍കേണ്ടി വരിക. സുരക്ഷയ്ക്കായുള‌ള തുകയല്ല വിവാഹബന്ധം തകര്‍ന്നതിലൂടെ ലഭിക്കേണ്ട നഷ്‌ടപരിഹാരമാണ് ഷെയ്‌ഖ് നല്‍കേണ്ടതെന്ന് കോടതിയില്‍ വിധി പ്രഖ്യാപിച്ച ജഡ്ജി ഫിലിപ് മൂര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുകയില്‍ 251.5 മില്യണ്‍ പൗണ്ട് മൂന്ന് മാസത്തിനകം ഹയയ്‌ക്ക് നല്‍കണം. ഹയയുടെ ബ്രിട്ടീഷ് മാളികകള്‍ സംരക്ഷിക്കാനും ആഭരണങ്ങള്‍ക്കും ഓട്ടപന്തയത്തിനുപയോഗിക്കുന്ന കുതിരകള്‍ക്കുമായി അവര്‍ പറഞ്ഞ തുക അടയ്‌ക്കണമെന്നും കോടതി പറഞ്ഞു. ഈ തുക ഒറ്റ തവണയായി തന്നെ നല്‍കണം.

മക്കളായ ജലീല (14), സയിദ്(9) എന്നിവര്‍ക്ക് മൂന്ന് മില്യണ്‍ പൗണ്ട് വിദ്യാഭ്യാസത്തിനായി നല്‍കണം. കൊടുക്കാനുള‌ള 9.6 മില്യണ്‍ പൗണ്ടും നല്‍കണം. കുട്ടികള്‍ വളരുമ്ബോള്‍ അവരുടെ പരിപാലനത്തിനും സുരക്ഷയ്‌ക്കും വര്‍ഷം 11.2 മില്യണ്‍ പൗണ്ട് നല്‍കണം. എച്ച്‌എസ്‌ബിസി ബാങ്കിന്റെ 290 മില്യണ്‍ പൗണ്ട് സെക്യുരിറ്രി നിക്ഷേപം വഴി ഇത് ഉറപ്പാക്കണം.

റെക്കാഡ് തുക നല്‍കണമെന്നാണ് കോടതി വിധിച്ചതെങ്കിലും ഹയ ആവശ്യപ്പെട്ട 1.4 ബില്യണ്‍ പൗണ്ടിന്റെ പകുതി മാത്രമാണ് നല്‍കാന്‍ കോടതി വിധിച്ചത്. തനിക്കും മക്കള്‍ക്കും മേലുള‌ള ഷെയ്‌ഖ് മുഹമ്മദിന്റെ സ്വാധീനത്തില്‍ നിന്നും തങ്ങള്‍ക്ക് പുറത്തുകടക്കണമെന്നും ഹയ കോടതിയില്‍ ആവശ്യപ്പെട്ടു.

തന്റെ അംഗരക്ഷകരില്‍ ഒരാളുമായി ഹയയ്‌ക്ക് ബന്ധമുണ്ടായതിനെ തുടര്‍ന്നുള‌ള പ്രശ്‌നങ്ങള്‍ കാരണമാണ് ഇവര്‍ മക്കളുമൊത്ത് ലണ്ടനിലെത്തിയത്. ഈ പ്രശ്‌നത്തില്‍ ഷെയ്‌ഖ് മുഹമ്മദിനോട് ഹയ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഷെയ്‌ഖില്‍ നിന്ന് സുരക്ഷാ ഭീഷണിയുണ്ടായതായാണ് ഹയ വെളിപ്പെടുത്തുന്നത്. ഹയയുടെയും അഭിഭാഷകരുടെയും ഫോണ്‍കോളുകള്‍ പെഗാസസ് സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ച്‌ ചോ‌ര്‍ത്താന്‍ ഷെയ്‌ഖ് മുഹമ്മദ് ആവശ്യപ്പെട്ട വിവരം കുറച്ചുനാള്‍ മുന്‍പ് പുറത്തുവന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക