കോട്ടയം: ടയര്‍ റീട്രേഡിങ് സ്ഥാപനത്തിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എന്‍വയണ്‍മെന്റ് എന്‍ജിനീയറുടെ ആലുവായിലെ ഫ്ളാറ്റില്‍ നിന്നും വിജിലന്‍സ് സംഘം കണ്ടെടുത്തത് 16.50 ലക്ഷം രൂപ. ഇതു വരെ കൈക്കൂലി വാങ്ങിയ പണമെല്ലാം താമസ സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് ഇയാള്‍ വിജിലന്‍സ് സംഘത്തോട് സമ്മതിച്ചു. കെട്ടുകളാക്കി വീട്ടിലെ അലമാരയിലും കിടപ്പുമുറിയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

പന്തളം മങ്ങാരം മദീനയില്‍ എ എം ഹാരിസി(51) നെയാണ് കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ യൂണിറ്റ് ഡിവൈഎസ്‌പിമാരായ കെഎ വിദ്യാധരന്‍, എകെ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഓഫീസില്‍ വച്ച്‌ അറസ്റ്റ് ചെയ്തത്. പാലാ പ്രവിത്താനത്ത് പ്രവര്‍ത്തിക്കുന്ന പിജെ ട്രെഡ് എന്ന ടയര്‍ റീട്രേഡിങ് സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു വിജിലന്‍സിന്റെ കെണിയില്‍ അകപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ഥാപനത്തിനെതിരേ അയല്‍വാസി ശബ്ദമലിനീകരണത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി ഉന്നയിച്ചിരുന്നു. റീട്രേഡിങിനുള്ള മെഷിനറികള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണെന്നായിരുന്നു പരാതി. പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്ബില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലില്‍ താഴെയായിരുന്നു സ്ഥാപനത്തിലെ യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുക്കാമായിരുന്നു.

നേരത്തേയുള്ള ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പരാതിക്കാരന്‍ പറയുന്നു. അവര്‍ക്ക് ശേഷം വന്ന ഹാരീസ് 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു. സ്ഥാപനം ഉടമ വിജിലന്‍സ് എസ്‌പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം ഡിവൈഎസ്‌പിമാരും ഇന്‍സ്‌പെക്ടര്‍മാരായ റെജി എംകുന്നിപ്പറമ്ബില്‍, നിസാം, രതീന്ദ്രകുമാര്‍ എന്നിവരും ചേര്‍ന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ മാര്‍ക്ക് ചെയ്ത പണം ഇന്ന് രാവിലെ ഓഫീസില്‍ വച്ച്‌ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അനധികൃത സമ്ബാദ്യത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പന്തളത്തുകാരനായ ഇയാള്‍ നേരത്തേ എറണാകുളത്ത് ജോലി ചെയ്തിരുന്നു. അന്ന് വാടകയ്ക്ക് എടുത്ത ഫ്ളാറ്റാണിത്. കൈക്കൂലിയായി കിട്ടുന്ന പണം ചെലവഴിക്കാതെ ഫ്ളാറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഹാരിസ് അവിവാഹിതനാണെന്നും വിജിലന്‍സ് സംഘം പറയുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. വലിയ തുക കണ്ടെടുത്ത സാഹചര്യത്തില്‍ ഇന്‍കം ടാക്സും ഇഡിയും കേസില്‍ ഇടപെടാന്‍ സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക