കശ്മീരില്‍ അതിര്‍ത്തിയില്‍ തീ പിടിച്ച ടെന്‍റില്‍ നിന്നും രക്ഷപെടാനായി 15 അടി താഴ്ചയിലേക്ക് ചാടിയ മലയാളി ബി.എസ്.എഫ് ജവാന്‍ മരിച്ചതറിഞ്ഞ് കണ്ണീരണിഞ്ഞ് ജന്മനാട്. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി അനീഷ് ജോസഫ് ആണ് മരിച്ചത്. ഇന്നലെ രാത്രി ആണ് സംഭവം. അനീഷ് ജോസഫ് കാവല്‍ നിന്നിരുന്ന ടെന്‍റിന് തീ പിടിച്ചു. രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയപ്പോള്‍ പരിക്കേറ്റാണ് മരിച്ചത്. വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അനീഷ് കണ്ണടയ്ക്കുന്നത്. ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കുകയായിരുന്നു. ചെറുപ്പംമുതല്‍ കായികമത്സരങ്ങളില്‍ മികവു പുലര്‍ത്തിയിരുന്ന അനീഷ് കബഡി താരമായിരുന്നു. പട്ടാളത്തില്‍ ചേരണമെന്നായിരുന്നു കുഞ്ഞിലേ തൊട്ടുള്ള ആഗ്രഹം. ഇരുപത്തേഴാം വയസ്സില്‍ പട്ടാളത്തില്‍ ചേര്‍ന്നു. പിന്നീട് നാടിനെ കാക്കുന്നവരില്‍ ഒരാളായി മാറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിരമിച്ച്‌ നാട്ടിലെത്താനൊരുങ്ങിയ അനീഷിന് വലിയ സ്വീകരണം ഒരുക്കാനായിരുന്നു കുടുംബത്തിന്റെ പദ്ധതി. നാട്ടിലെത്തുന്നതിന് മുന്നോടിയായി കൊച്ചുകാമാക്ഷിയിലെ വീടെല്ലാം മോടി പിടിപ്പിച്ചു. രണ്ടാംനില പണിതുകൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബറില്‍ ആയിരുന്നു അവസാനമായി നാട്ടിലെത്തിയത്. ആന്നു വീടിന്റെ ബാക്കി പണികള്‍ക്കെല്ലാം മേല്‍നോട്ടം വഹിച്ചിട്ടായിരുന്നു അനീഷ് തിരികെ യാത്രയായത്. ഗുജറാത്തില്‍ സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥയായ സീനയാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി എലന മരിയയും ആറാം ക്ലാസ് വിദ്യാര്‍ഥിനി അലോണ മരിയയുമാണ് മക്കള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക