തിരുവനന്തപുരം: ലക്ഷങ്ങള്‍ കോഴ നല്‍കി ഒരാഴ്‌ചയ്ക്കിടെ 12 പേരാണ് ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിയമനം നേടിയതായി റിപ്പോര്‍ട്ട്. നിയമനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഭക്ഷ്യ സുരക്ഷാ കമ്മിഷണറേറ്റിലെ സര്‍വീസ് സംഘടനാ നേതാവിന്‍റെ നേതൃത്വത്തിലുള്ള ഒരു ലോബിയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മന്ത്രിയോ സര്‍ക്കാരോ അറിയാതെയും ഒഴിവുകള്‍ എംപ്ലോയ്‌മെന്‍റ് എക്‌സ്ചേഞ്ചുകളിലോ പി എസ് സിക്കോ റിപ്പോര്‍ട്ട് ചെയ്യാതെയും ലക്ഷങ്ങള്‍ കോഴ വാങ്ങിയായിരുന്നു നിയമനം. തിരുവനന്തപുരം ജില്ലാ ഓഫീസിലും കാട്ടാക്കട ഭക്ഷ്യ സുരക്ഷാ ഓഫീസിലും പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്‌തികയില്‍ ഇന്നലെയും സമാനരീതിയില്‍ നിയമനം നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ രണ്ടാഴ്‌ചക്കകം നേമം, കാട്ടാക്കട, അരുവിക്കര നിയോജക മണ്ഡലങ്ങളിലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിലാണ് ഒരു ഡസനോളം പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയത്. പാര്‍ട്ട് ടൈം സ്വീപ്പര്‍, ലാബ് അസിസ്റ്റന്‍റ്, കമ്ബ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്‌തികകളിലായിരുന്നു ഇത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മൊബൈല്‍ ലാബിലെ ഡ്രൈവറുടെ ഭാര്യയെയാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസില്‍ കഴിഞ്ഞ ദിവസം പാര്‍ട് ടൈം സ്വീപ്പറായി നിയമിച്ചത്.

ഭക്ഷ്യസുരക്ഷാ കമ്മിഷണറോ സര്‍ക്കാരോ തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്‍റ് ഓഫീസറോ അറിയാതെയാണ് ഈ നിയമനങ്ങളെല്ലാം നടന്നത്. സ്ഥിര ജീവനക്കാരേക്കാള്‍ അധികം താത്ക്കാലിക ജീവനക്കാരാണ് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ ജോലി നോക്കുന്നത്. ജില്ലയിലെ വിവിധ ഫുഡ് സേഫ്റ്റി ഓഫീസുകളിലേക്ക് നടത്തിയ നിയമനങ്ങള്‍ക്കെതിരെ പരാതിയോ ആക്ഷേപമോ ഇല്ലാത്ത സാഹചര്യത്തില്‍ അനലറ്റിക്കല്‍ ലാബിലേക്ക് ഒമ്ബത് ലാബ് അസിസ്റ്റന്‍റുമാരെ പിന്‍വാതില്‍ വഴി നിയമിക്കാനുള്ള ശ്രമങ്ങളും അണിയറയില്‍ കൊണ്ടുപിടിച്ച്‌ നടന്നുവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക