തിരുവനന്തപുരം: പൂവാര്‍ ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൂടുതല്‍ ശക്തമാക്കുന്നു. കൂടുതല്‍ പേരെ ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. സംഭവത്തില്‍ പൊലീസിനെതിരേയും ആരോപണം ശക്തമാണ്. പല തവണ പരാതിപ്പെട്ടെങ്കിലും പൊലീസ് വേണ്ടവിധം ഇടപെടല്‍ നടത്തിയ്യില്ലെന്നാണ് നാട്ടുകാരും ആരോപിക്കുന്നത്. പുറത്ത് നിന്നും വലിയ തോതില്‍ ആളുകള്‍ എത്തിയിട്ടും സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയോ അന്വേഷിക്കുകയോ ചെയ്തിരുന്നില്ല.

പൊലീസിനെതിരെ ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് എക്സൈസിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നത്. ബംഗളൂരുവില്‍ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘം വേഷം മാറി റിസോര്‍ട്ടിലെത്തി പരിശോധന നടത്തിയത്. പുതുവത്സരാഘോഷം മുന്നില്‍കണ്ട് തലസ്ഥാനത്ത് വന്‍തോതില്‍ ലഹരി പാര്‍ട്ടികള്‍ നടത്താന്‍ സംഘം ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂവാറിലെ റിസോര്‍ട്ടില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഹരിപ്പാര്‍ട്ടികള്‍ നടത്തിയതെന്നാണ് അന്വേഷണ സംഘം വിലയിരുത്തപ്പെടുന്നത്. പിടിക്കപ്പെടാതിരിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വില്‍പ്പന നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ മുഖ്യപ്രതിയും ഡിജെ സംഘാടകനുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ ലഹരി മരുന്ന് കച്ചവടം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരില്‍ കേരളത്തിനകത്തും പുറത്തുമായി അക്ഷയ് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതേപേരിലാണ് പൂവാറിലും പരിപാടി നടത്തിയത്. തലസ്ഥാനത്തെ ഒരു ഹോട്ടലിലും ഇവര്‍ ഡിജെ പരിപാടി നടത്തിയതായി സൂചനയുണ്ട്. പാര്‍ട്ടിക്ക് എത്തിയവര്‍ക്ക് ബോട്ട് സൌകര്യം ഉള്‍പ്പടെ ഒരുക്കിയ റിസോര്‍ട്ട് അധികൃതരും സംശയനിഴലിലാണ്.

അതേസമയം തലസ്ഥാനത്തെ പ്രമുഖ സിനിമാ നടിയും മോഡലുമായ ഒരു യുവതിക്കും പാര്‍ട്ടിയുമായി ബന്ധമുള്ളതായി സൂചനയുണ്ടെന്നുമാണ് ‘മംഗളം’ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഖ്യപ്രതികള്‍ ഉള്‍പ്പെടെ 19 പേരെ എക്സൈസ് കസ്റ്റഡയില്‍ എടുത്തിരുന്നു. ഇന്‍ഡോ‍ര്‍ സ്വദേശിയായ ഒരു സ്ത്രീയും കസ്റ്റഡയിലെടുക്കപ്പെട്ടവരിലുണ്ടായിരുന്നു. എന്നാല്‍ മൂന്നുപേരൊഴികെ മറ്റുള്ളവരെല്ലാം പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരായതിനാല്‍ ജാമ്യം നല്‍കി വിട്ടയക്കുകയായിരുന്നു. പൂവ്വാറിലെ കാരക്കാട് റിസോര്‍ട്ടില്‍ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളും ഹാഷിഷ് ഓയിലും ഉപയോഗിച്ചായിരുന്നു പാര്‍ട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക