ത്തനംതിട്ട: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സ്കൂള്‍ കുട്ടികളെ നിര്‍ബന്ധിച്ച്‌ ബാബറി മസ്ജിദ് ബാഡ്ജ് ധരിപ്പിച്ചതില്‍ പത്തനംതിട്ട എസ്പിയോട് വിശദീകരണം തേടി ദേശീയ ബാലവകാശ കമ്മീഷന്‍.ശബരിമലയ്ക്ക് പോകാന്‍ മാല അണിഞ്ഞിരുന്ന കുട്ടികളെ വരെ ഇങ്ങനെ നിര്‍ബന്ധിച്ച്‌ ബാഡ്ജ് ധരിപ്പിച്ചെന്നാണ് ആരോപണം.ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തിലായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ഈ നടപടി. സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി ബാഡ്ജ് ധരിപ്പിച്ചു എന്നാണ് പരാതി. 

പ്രതിഷേധവുമായി ബിജെപി:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

വിഷയം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പൊലീസോ സര്‍ക്കാരോ നടപടികള്‍ സ്വീകരിക്കാത്തതിനെ വിമര്‍ശിച്ച്‌ ബിജെപി സംസ്ഥാന നേതൃത്വം രംഗത്തുവന്നിരുന്നു. പിണറായി വിജയന്റെ സര്‍ക്കാര്‍ ഇസ്ലാമിക തീവ്രവാദികളുടെ അജണ്ട നടപ്പിലാക്കുന്ന ഏജന്‍സിയായി അധപതിച്ചിരിക്കുന്നവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി. സുധീര്‍ പ്രതികരിച്ചു.

ഞാന്‍ ബാബര്‍ എന്ന ബാഡ്ജ് പതിപ്പിച്ചത് വര്‍ഗീയ കലാപത്തിനുള്ള കോപ്പുകൂട്ടലാണ്. കുട്ടികളെ പോലും തീവ്രവാദത്തിന് ഇരയാക്കുന്ന രീതിയിലേക്ക് ഇസ്ലാമിക തീവ്രവാദികള്‍ മാറിയിട്ടും സര്‍ക്കാര്‍ അവര്‍ക്ക് ഓശാന പാടുകയാണെന്ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കൊച്ചുകുട്ടികളുടെ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണിത്. കേരളം മറ്റൊരു സിറിയയായി മാറി കൊണ്ടിരിക്കുകയാണ്. ഇത് താലിബാനിസമാണ്. ഇതിനോട് ബിജെപി കൈയുംകെട്ടി നോക്കിയിരിക്കില്ല.

തെറ്റായ പ്രചാരണമെന്ന് ക്യാംപസ് ഫ്രണ്ട്

ബാബറി മസ്ജിദ് തകര്‍ത്തതിന്റെ ഓര്‍മ്മ ദിനത്തില്‍ കാംപസുകള്‍ കേന്ദ്രീകരിച്ച്‌ സംഘടിപ്പിച്ച ബാഡ്ജ് വിതരണത്തെ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ച്‌ സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര ചേരികളുടെ ശ്രമത്തെ പൊതു സമൂഹം തിരിച്ചറിയണമെന്നും വ്യാജ പ്രചരണത്തെ തള്ളിക്കളയണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അജ്മല്‍ പി എസ് ആവശ്യപ്പെട്ടു.

ബാബറിയെ മറവിക്ക് വിട്ടുകൊടുക്കരുത് എന്നത് കാംപസ് ഫ്രണ്ടിന്റെ പ്രഖ്യാപിത നിലപാടാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് ബാബറി മസ്ജിദ് തകര്‍ത്തത്. അതിന്റെ സ്മരണ പോലും നില നിര്‍ത്താതിരിക്കാനുള്ള സംഘപരിവാര അജണ്ടയെ ജനകീയമായി ചെറുത്ത്, മസ്ജിദ് പുനര്‍ നിര്‍മ്മാണത്തിലൂടെ രാജ്യത്തിന്റെ മതേതരത്വം തിരിച്ചു പിടിക്കേണ്ടത് പുതു തലമുറയുടെ ബാധ്യതയാണ്.

ബാബറി കാംപയിന്റെ ഭാഗമായി ബാഡ്ജ് വിതരണം ചെയ്യുകയും ആവശ്യപ്പെട്ടവര്‍ക്ക് കുത്തിനല്‍കുകയുമാണ് ചെയ്തത്. ഒരാളെയും നിര്‍ബന്ധിച്ച്‌ ബാഡ്ജ് ധരിപ്പിച്ചിട്ടില്ല. ബിജെപി ഉള്‍പ്പെടെയുള്ള സംഘപരിവാര സംഘടനകള്‍ കുറച്ചുനാളുകളായി കേരളത്തില്‍ വര്‍ഗീയമായി ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം ശ്രമങ്ങളെ തള്ളിക്കളയണമെന്നും ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക