തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ചെയ്ത വോട്ട് അസാധുവായത് കൈയബദ്ധമല്ലെന്ന ചര്‍ച്ചകളും സിപിഎമ്മില്‍ സജീവം. സിപിഎം- കേരളാ കോണ്‍ഗ്രസ് എം ബന്ധത്തില്‍ കല്ലുകടിയായ പ്രവര്‍ത്തി ഉണ്ടായത് ഒരു മുതിര്‍ന്ന നേതാവില്‍ നിന്നായത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മന്ത്രിക്കാണ് അബദ്ധം പറ്റിയതെന്ന് മനോരമ വാര്‍ത്തയും നല്‍കി. ഏതായാലും അബദ്ധം പറ്റിയ നേതാവിന്റെ പേര് സിപിഎം പരസ്യമാക്കില്ല.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രഹസ്യ ബാലറ്റാണെങ്കിലും പാര്‍ട്ടിക്ക് വിപ്പ് നല്‍കാം. ബാലറ്റ് പേപ്പര്‍ പോളിങ്‌ ഏജന്റിനെ കാണിച്ച ശേഷമാണ് ബാലറ്റ് പെട്ടിയില്‍ ഇടുന്നത്. അതുകൊണ്ട്തന്നെ ആര്‍ക്കാണ് അബദ്ധം സംഭവിച്ചതെന്ന് സിപിഎം നേതൃത്വത്തിന് വ്യക്തമായി അറിയാം. പേര് പുറത്തു വന്നാല്‍ കോട്ടയത്തെ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുമെന്നുള്ളതു കൊണ്ട് തന്നെ അബദ്ധം പറ്റിയ എംഎല്‍എയുടെ പേര് പുറത്തു പറയില്ല. മാണി വികാരമുള്ള മണ്ഡലത്തില്‍ നിന്ന് ജയിച്ച നേതാവിനാണ് അബദ്ധം പറ്റിയതെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടിങിന് ശേഷം വോട്ട് തെറ്റിച്ച കാര്യം മുതിര്‍ന്ന നേതാവ് ചില സഹപ്രവര്‍ത്തകരോട് പങ്ക് വച്ചിരുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ ആ വോട്ട് അസാധുവായാലും ജോസിന് ജയിക്കാം. എന്നാല്‍ മുന്നണി തീരുമാനത്തിനെതിരെ വോട്ട് ചെയ്തത് ഗൗരവകരമായ അച്ചടക്കലംഘനമായാണ് സിപിഎം കണക്കാക്കുന്നത്. 

അസാധു വോട്ടിന്റെ പേരില്‍ വോട്ടെണ്ണല്‍ വേളയില്‍ കടുത്ത വാദപ്രതിവാദവുമുണ്ടായി. ബാലറ്റില്‍ വോട്ടു ചെയ്യുന്നവരുടെ നേര്‍ക്ക് ‘1’ എന്നാണ് രേഖപ്പെടുത്തേണ്ടത്. എന്നാല്‍ ഒരു വോട്ടില്‍ ‘1’ വ്യക്തമല്ലായിരുന്നു. ആദ്യം ടിക് ഇട്ട ശേഷം അത് ‘1’ ആയി മാറ്റിയ രീതിയിലായിരുന്നു ബാലറ്റ്. ഇതോടെ യുഡിഎഫിന്റെ ബൂത്ത് ഏജന്റുമാരായ മാത്യു കുഴല്‍നാടനും എന്‍.ഷംസുദ്ദീനും തര്‍ക്കം ഉന്നയിച്ചു.

ജോസ് കെ.മാണിക്കു വോട്ടു ചെയ്യാനുള്ള അംഗത്തിന്റെ ഉദ്ദേശ്യം ബാലറ്റില്‍ വ്യക്തമാണെന്നും വോട്ട് സാധുവാണെന്നും ഭരണപക്ഷത്തെ പ്രതിനിധീകരിച്ച്‌ കടകംപള്ളി സുരേന്ദ്രനും ആര്‍.രാജഗോപാലനും വാദിച്ചു. കേരള കോണ്‍ഗ്രസ് (എം) പോളിങ് ഏജന്റുമാരായ ജോബ് മൈക്കിള്‍, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവരും വോട്ട് അസാധുവാക്കാന്‍ പറ്റില്ലെന്നു ശഠിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ചട്ടങ്ങളും വ്യവസ്ഥകളും മാത്യു കുഴല്‍നാടന്‍ ഹാജരാക്കി. ഏതെങ്കിലും ഒരാളുടെ വോട്ട് തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലാണെന്നു വന്നാല്‍ അത് സാധുവല്ലെന്ന വ്യവസ്ഥ അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ട് അംഗീകരിക്കാനാണ് തീരുമാനമെങ്കില്‍ പ്രതിപക്ഷത്തിന്റെ വിയോജിപ്പ് വരണാധികാരി രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയില്‍ നിയമ പ്രശ്നങ്ങള്‍ക്ക് അതു കാരണമാകാമെന്നു വന്നതോടെ ആ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക