അഗര്‍ത്തല: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബി.ജെ.പി. തെരഞ്ഞെടുപ്പ് നടന്ന സീറ്റുകളില്‍ ബഹുഭൂരിപക്ഷവും ബി.ജെ.പി സ്വന്തമാക്കി. 13 മുനിസിപ്പല്‍ കൗണ്‍സിലുകള്‍, അഗര്‍ത്തല കോര്‍പ്പറേഷനിലെ 51 വാര്‍ഡുകള്‍, ആറ് നഗര പഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടെ 334 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 329 സ്ഥലങ്ങളിലാണ് ബി.ജെ.പി വിജയിച്ചത്.

സി.പി.ഐ.എം 3 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും മറ്റുള്ളവരും ഓരോ സീറ്റ് വീതവും സ്വന്തമാക്കി. കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായില്ല. 51 അംഗ അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മുഴുവന്‍ സീറ്റിലും ബി.ജെ.പി വിജയിച്ചു. 15 അംഗ ഖോവായ് മുനിസിപ്പല്‍ കൗണ്‍സില്‍, 17 സീറ്റുള്ള ബെലോണിയ മുനിസിപ്പല്‍ കൗണ്‍സില്‍, 15 അംഗ കുമാര്‍ഘട്ട് മുനിസിപ്പല്‍ കൗണ്‍സില്‍, ഒമ്പത് അംഗ സബ്‌റൂം നഗര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ തന്നെ തെരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ടും ബൂത്തുപിടിത്തവും ബി.ജെ.പി നടത്തിയതായി തൃണമൂല്‍ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെട്ടിരുന്നു. അഗര്‍ത്തല അടക്കം അഞ്ച് നഗരസഭകളിലെ തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് സി.പി.ഐ.എമ്മും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

സി.പി.ഐ.എം സംഭവത്തില്‍ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നതിനെതിരെ തങ്ങളുടെ പ്രവര്‍ത്തകരെയും അനുഭാവികളെയും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായും സി.പി.ഐ.എം ഹരജിയില്‍ പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക