തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോ​ഗിയുടെ കൂട്ടിരിപ്പുകാരന് മര്‍ദ്ദനമേറ്റു. സെക്യൂരിറ്റി ജീവനക്കാരാണ് കൂട്ടിരിപ്പുകാരനെ ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൈയാങ്കളിയില്‍ അവസാനിച്ചത്. സംഭവത്തില്‍ കണ്ടാല്‍ അറിയുന്ന മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കിഴിവിലം സ്വദേശിയായ അരുണ്‍ ദേവിനാണ് മര്‍ദ്ദനമേറ്റത്. ഇയാളുടെ ബന്ധു മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്. തിരുവനന്തപുരം മെ‍‌ഡിക്കല്‍ കോളജിന്റെ പഴയ മോര്‍ച്ചറിക്ക് സമീപത്തെ ​ഗെയ്റ്റിലൂടെ അരുണ്‍ കൂടി ആശുപത്രിയിലേക്ക് കയറാന്‍ ശ്രമിച്ചതാണ് പ്രകോപനത്തിന് ഇടയാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവ് കയറാന്‍ ശ്രമിച്ചപ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞു. പിന്നാലെ യുവാവും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കം ഉന്തും തള്ളുമായി കലാശിക്കുകയും യുവാവിന് മര്‍ദ്ദനമേല്‍ക്കുകയുമായിരുന്നു. ​ഗെയ്റ്റ് പൂട്ടി യുവാവിനെ കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു.

രോ​ഗിയെ കാണാന്‍ ഒരാള്‍ക്കാണ് പാസ് അനുവദിച്ചിട്ടുള്ളത്. പാസുള്ള ഒരാള്‍ക്കൊപ്പം അരുണ്‍ ദേവ് കൂടി കയറാന്‍ ശ്രമിച്ചുവെന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ വിശദീകരിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാര്‍ക്കെതിരെ നേരത്തെയും പരാതികള്‍ ഉണ്ടായിരുന്നു. യുവാവില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക