നാടുകള്‍ തോറും സുഖകരമായി യാത്ര ചെയ്യുക, ഹോട്ടല്‍ മുറികള്‍ തേടിയുള്ള അലച്ചിലൊഴിവാക്കി ഇഷ്ടമുള്ളയിടത്ത് വാഹനം നിര്‍ത്തി താമസിക്കുക, വാഹനത്തില്‍ തന്നെ ഇഷ്ടമുള്ള ഭക്ഷണം തയാറാക്കി കഴിക്കുക ആഗ്രഹങ്ങളുടെ നീണ്ടനിരകളില്‍ പലതും സാധ്യമാക്കാന്‍ തീരുമാനങ്ങളെടുക്കുന്ന നിമിഷങ്ങളുടെ ദൂരമേയുള്ളൂവെന്ന് തെളിയിക്കുകയാണ് കേരള ടൂറിസം വകുപ്പ്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള കാരവന്‍ സഞ്ചാരത്തിന് കേരളത്തിലും അവസരം ഒരുക്കിയാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള ടൂറിസം വകുപ്പ് പുതിയ സാധ്യതകള്‍ തുറക്കുന്നത്.

പ്രമുഖ വാഹന കമ്ബനിയായ ഭാരത്‌ബെന്‍സുമായി കൈകോര്‍ത്ത് ആദ്യ വാഹനവും പുറത്തിറക്കിക്കഴിഞ്ഞു. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി ആന്റണി രാജുവും ചേര്‍ന്നാണ് സര്‍ക്കാറിന് കീഴിലുള്ള ആദ്യ കാരവന്‍ ഒക്‌ടോബര്‍ 18 ന് തിരുവനന്തപുരത്ത് പുറത്തിറക്കിയത്. റിക്രിയേഷന്‍ വെഹിക്കിള്‍ എന്ന് വിദേശരാജ്യങ്ങളില്‍ അറിയപ്പെടുന്ന വാഹനം കേരളത്തില്‍ പൊതുവേ സിനിമ രംഗത്താണ് ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ടൂറിസം വകുപ്പിന്റെ കാരവന്‍ കേരള പദ്ധതി വിനോദസഞ്ചാരരംഗത്ത് ചടുല മാറ്റങ്ങള്‍ സൃഷ്ടിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘കേരാവന്‍’ വാഹന വിശേഷങ്ങള്‍ എന്തൊക്കെ?

ഭാരത് ബെന്‍സസ് ടെന്‍ 70 പ്ലാറ്റ്‌ഫോമിലാണ് കാരവന്‍ നിര്‍മിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിലെ ചില സ്‌കൂള്‍ ബസുകളും ടൂറിസ്റ്റ് ബസുകള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇന്നോവയോടിക്കുന്ന ലാഘവത്തോടെയോടിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. 5800 മില്ലി മീറ്റര്‍ വീല്‍ബേസുണ്ട്. 17.5 വീല്‍ സൈസില്‍ ട്യൂബ് ലെസ് ടയറാണ് ഉള്ളത്. 3907 സി.സി എന്‍ജിനാണ് വാഹനത്തിനുള്ളത്. 170 ബി.എച്ച്‌.പിയുണ്ട്. 108 ബി.എച്ച്‌.പി യാണ് ഈ മോഡലിലുള്ള സ്‌കൂള്‍ ബസുകളുടെ എന്‍ജിന്‍ പവര്‍. എന്നാല്‍ കാരവനുവേണ്ടി ബി.എച്ച്‌.പി കൂട്ടിയിരിക്കുകയാണ്. 8566 മില്ലി മീറ്ററാണ് വാഹനത്തിന്റെ ആകെ നീളം. അത്യാവശ്യം ഉയരവുമുണ്ട്. മികച്ച സസ്‌പെന്‍ഷനുമുണ്ട്. ഫോഗ് ലാമ്ബ് സ്ഥാപിക്കാന്‍ ഇടമുണ്ട്. വാഹനത്തില്‍ വൈദ്യുതി ആവശ്യത്തിന് ജനറേറ്ററുണ്ട്. അതിനാല്‍ നിര്‍ത്തിയിടുമ്ബോഴും എ.സി ഓണാക്കാനും മറ്റും സാധിക്കും.

അകത്തളത്തിലെ ലക്ഷ്വറി:

വാഹനത്തിനകത്ത് നാലു ലക്ഷ്വറി സീറ്റുകളാണുള്ളത്. ബെഡ് പോലെ ക്രമീകരിക്കാവുന്ന സീറ്റില്‍ കിടക്കാനും വിശാലമായി ഇരിക്കാനും കഴിയും. എ.സി, ടി.വി, ഡ്രൈവറുമായി സംസാരിക്കാന്‍ ഇന്‍റര്‍കോം എന്നിവയുണ്ട്. മുകളിലും ടി.വി സ്ഥാപിച്ച മുന്‍വശത്തും മികച്ച ലഗേജ് സ്‌പേസുണ്ട്. വാഹനത്തിനടിയിലായി ഇതിലേറെ ലഗേജ് സൂക്ഷിക്കാനാകും. ഫ്രിഡ്ജ്, ഇലക്‌ട്രിക് കെറ്റില്‍, മൈക്രോവേവ്, വാഷ്‌ബേസിന്‍ തുടങ്ങിയവ ഡ്രോയിങ് റൂമിനകത്തുണ്ട്. യൂറോപ്യന്‍ ക്ലോസറ്റും ഷവര്‍ ഏരിയയുമുള്ള ബാത്ത് റൂമും വാഹനത്തിനകത്തുണ്ട്.

സുഖമായുറങ്ങാം, സുരക്ഷയോടെ

രണ്ടു പേര്‍ വീതം കിടക്കാവുന്ന രണ്ട് ബെഡുകള്‍ കാരവനിലുണ്ട്. താഴെയുള്ള ബെഡ് മൂന്നു പേര്‍ക്ക് കിടക്കാവുന്നത്ര വിശാലമാണ്. വസ്ത്രം മാറാന്‍ പറ്റുന്ന ഏരിയയും ബെഡ്‌റൂമിനകത്തുണ്ട്. വാഹനത്തിന് ചുറ്റും കാമറകളുമുണ്ടായതിനാല്‍ സുരക്ഷയെ കുറിച്ച്‌ ഭയക്കേണ്ടതില്ല. ബെഡ് റൂം ഭാഗത്ത് കറുത്ത കൂളിംഗ് നല്‍കിയിട്ടുണ്ട്. റൂമിനകത്ത് നിന്ന് എമര്‍ജന്‍സി എക്‌സിറ്റുള്ളതിനാല്‍ അപകടങ്ങളുണ്ടായാല്‍ സഞ്ചാരികള്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനാകും.കേരളത്തിലുടനീളം കാരവന്‍ പാര്‍ക്കുകള്‍കാരവന്‍ പാര്‍ക്ക് ചെയ്ത് താമസിക്കാന്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കാരവന്‍ പാര്‍ക്കുകള്‍ സ്ഥാപിക്കാനും സര്‍ക്കാറിന് പദ്ധതിയുണ്ട്. സംസ്ഥാനത്തെ ആദ്യ കാരവന്‍ പാര്‍ക്ക് മറയൂരിലാണെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ദേവികുളം എം.എല്‍.എ അഡ്വ. എ. രാജന്‍ അറിയിച്ചിരുന്നു. മറയൂരിന് സമീപം വയല്‍കടവ് എസ്‌റ്റേറ്റിലെ അഞ്ചേക്കറില്‍ സിജിഎച്ച്‌ ഗ്രൂപ്പാണ് പാര്‍ക്ക് സജ്ജീകരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ ഗ്രൂപ്പ്, ഹാരിസണ്‍ മലയാളം, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി, സിജിഎച്ച്‌ എര്‍ത്ത് എന്നീ സ്ഥാപനങ്ങളാണ് കാരവന്‍ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലായി അഞ്ചു കാരവണ്‍ പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് വിവരം.

വിവരങ്ങൾക്ക് കടപ്പാട്: ബൈജു എന്‍. നായര്‍ യൂട്യൂബ് ചാനല്‍

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക