തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നൽകിയ നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.തിരുവനന്തപുരം കുടുംബ കോടതിയാണ് ഹർജി പരിഗണിക്കുക. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികൾ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്.കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച്‌ പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.അതേ സമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടര്‍ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാന്‍റെ പ്രതികരണം. ശിശുക്ഷേ സമിതി ഏറ്റുവാങ്ങിയ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞായി രേഖപ്പെടുത്തിയതും, സറണ്ടര്‍ ചട്ടം ലംഘിച്ചതും അമ്മപരാതി നല്‍കിയിട്ടും കുട്ടിയെ ദത്ത് നല്‍കിയതും അടക്കം ഷിജുഖാന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചകളാണെന്നാണ് വിലയിരുത്തല്‍.അതിനിടെ അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ഉള്‍പ്പെടെ ആറു പ്രതികള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. 28ന് പൊലീസിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക