തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും പാർട്ടി വിട്ട് സിപി.എമ്മിൽ എത്തുന്നവർക്ക് യാതൊരു അംഗീകാരവും ലഭിക്കുന്നില്ലെന്ന് തെളിയിക്കാൻ ചെറിയാൻ ഫിലിപ്പിനെ മുന്നിൽ നിർത്താനൊരുങ്ങി കോൺഗ്രസ്. അടുത്ത ദിവസം ഉമ്മൻചാണ്ടിയുമായി വേദി പങ്കിടാനൊരുങ്ങുന്ന ചെറിയാൻ ഫിലിപ്പിനെ മുന്നിൽ നിർത്തി കോൺഗ്രസ് സിപിഎമ്മിനെതിരെ പ്രതിരോധം തീർക്കുകയാണ്.

ഒഴിവ് വന്ന രാജ്യസഭാ സീറ്റിലേക്ക് ചെറിയാൻ ഫിലിപ്പിനെ പരിഗണിക്കുമെന്ന് ആദ്യം വാർത്തകൾ വന്നിരുന്നെങ്കിലും അതുണ്ടായില്ല. തെറ്റുകൾ തിരുത്തി തിരിച്ചെത്തിയാൽ കോൺഗ്രസ് ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അന്ന് വീക്ഷണം മുഖപ്രസംഗമെഴുതിയത്. നാളെ എന്ത് നടക്കുമെന്ന് പറയാൻ സാധിക്കില്ല എന്നായിരുന്നു, കോൺഗ്രസിലേക്ക് തിരിച്ചുപോകുമോ എന്ന ചോദ്യങ്ങൾക്കിടെ ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം പ്രളയ വിഷയത്തിൽ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയാണ് ചെറിയാൻ ഫിലിപ്പ് ചെയ്തത്. അദ്ദേഹത്തിന് നൽകിയിരുന്ന ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി തൊട്ടുപിന്നാലെ സർക്കാർ റദ്ദാക്കി. അടുത്ത ദിവസം ചെറിയാൻ ഫിലിപ്പും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് വേദി പങ്കിടുന്നുണ്ട്. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുന്നുവെന്നും കെ സുധാകരനും വിഡി സതീശനും പുതിയ രാഷ്ട്രീയ ആയുധം മൂർച്ഛകൂട്ടുന്നുവെന്നുമാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഎമ്മുമായി ചെറിയാൻ ഫിലിപ്പ് അകലുന്നു എന്ന് കുറച്ച് കാലമായി വാർത്തകൾ പ്രചരിക്കുന്നു. വൈകാതെ അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. കെപിസിസി ഭാരവാഹി പട്ടിക പുറത്തുവന്ന ശേഷമാകും കോൺഗ്രസ് പ്രവേശം. പ്രളയ ദുരന്ത വിഷയത്തിൽ പിണറായി സർക്കാരിനെതിരെ കഴിഞ്ഞ ദിവസം ചെറിയാൻ ഫിലിപ്പ് രംഗത്തുവന്നിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നവകേരള മിഷന്റെ കോഓഡിനേറ്റർ പദവിയായിരുന്നു ചെറിയാൻ ഫിലിപ്പിന്. രണ്ട് തവണ രാജ്യസഭാ സീറ്റുകൾ ഒഴിവ് വന്നെങ്കിലും ചെറിയാൻ ഫിലിപ്പിനെ പരിഗണിക്കാതെ വന്നതോടെയാണ് സിപിഎമ്മിൽ നിന്ന് അവഗണന നേരിടുന്നു എന്ന പ്രചാരണമുണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകുമെന്ന് വാർത്തകൾ വന്നെങ്കിലും അതുമുണ്ടായില്ല.

ഖാദി ബോർഡിൽ വൈസ് ചെയർമാനായി ചെറിയാൻ ഫിലിപ്പിനെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചു. ഉത്തരവും ഇറക്കി. എന്നാൽ പദവി നിരസിക്കുകയാണ് ചെറിയാൻ ഫിലിപ്പ് ചെയ്തത്. ഖാദി വിൽപ്പനയും ചരിത്ര രചനയും ഒന്നിച്ച് നടക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ഉത്തരവ് സർക്കാർ റദ്ദാക്കുകയും ചെയ്തു.

ഖാദി ബോർഡ് വൈസ് ചെയർമാൻ പദവി പരസ്യമായി നിരസിച്ചത് സിപിഎമ്മിന് കുറച്ചിലായിരുന്നു. വിഷയം സൂചിപ്പിക്കാൻ കോടിയേരി ബാലകൃഷ്ണൻ, ചെറിയാൻ ഫിലിപ്പിനെ ഫോണിൽ ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്തുവെന്നാണ് വിവരം. സർക്കാരിനെ വിമർശിക്കുക കൂടി ചെയ്ത പശ്ചാത്തലത്തിലാണ് ഉത്തരവ് റദ്ദാക്കി തിടുക്കത്തിലുള്ള തീരുമാനം.

മുസ്ലിം ലീഗ് നേതാവ് അവുകാദർകുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരത്തിന് ചെറിയാൻ ഫിലിപ്പാണ് അർഹനായിരിക്കുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ പോകുന്നത് ഉമ്മൻ ചാണ്ടിയാണ്. ഏറെ കാലത്തിന് ശേഷം ഇരുവരും ഒരുവേദിയിൽ ഒന്നിക്കുന്നത് ആദ്യമാണ്. ഇതെല്ലാം അദ്ദേഹം കോൺഗ്രസുമായി അടുക്കുന്നു എന്ന സൂചനയായി വിലയിരുത്തപ്പെടുന്നു.

കോൺഗ്രസ് വിട്ടുപോയിട്ട് വർഷം 20 കഴിഞ്ഞെങ്കിലും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചെറിയാൻ ഫിലിപ്പിന് അടുത്ത ബന്ധമുണ്ട്. ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലെത്തുന്നതോടെ പുതിയ പ്രചാരണത്തിന് കോൺഗ്രസ് നേതൃത്വം തുടക്കമിടുമെന്നാണ് വിവരം. കോൺഗ്രസ് വിട്ടുപോകുന്നവരെ സിപിഎം ആദ്യം പരിഗണിക്കുമെങ്കിലും പിന്നീട് അകറ്റുമെന്ന പ്രചാരണം ശക്തിപ്പെടുത്താനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.

ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലെത്തുന്നതോടെ ഒട്ടേറെ രാഷ്ട്രീയ രഹസ്യങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ചില കോൺഗ്രസ് നേതാക്കൾ. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനാകില്ല എന്ന ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണവും ഖാദി ബോർഡ് പദവി നിരസിക്കലും ദുരന്ത നിവാരണത്തിൽ സർക്കാരിനെ വിമർശിച്ചതുമെല്ലാം വ്യക്തമായ സൂചനയാണ് എന്നും കോൺഗ്രസ് നേതാക്കൾ സൂചിപ്പിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക