കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്ഥിരം സമിതിയംഗം എംഎച്ച്‌എം അഷ്‌റഫ് സിപിഎം വിട്ട് യുഡിഎഫിനെ പിന്തുണച്ചതോടെ ഇടത് മുന്നണിക്ക് സ്ഥിരം സമിതി നഷ്ടമാവുകയും ഭരണം അനിശ്ചിതത്വത്തിലുമായി. അവിശ്വാസത്തിലൂടെയാണ് നഗരാസൂത്രണ സമിതി ഇടതുപക്ഷത്തിന് നഷ്ടമായത്. കമ്മിറ്റിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ഉറപ്പായതിനാല്‍ ഇടതുമുന്നണി അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നു.

അഞ്ചു വോട്ടിനാണ് അവിശ്വാസം പാസായത്. പുതിയ നഗരാസൂത്രണ സമിതി ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള തീയതി ജില്ലാ കളക്ടര്‍ ഉടന്‍ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു സമയത്ത് തന്നെ അഷറഫ് കൂറുമാറിയേക്കാമെന്ന ആശങ്ക സിപിഎമ്മിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതു തടയാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചത്. അതിനാല്‍ ഇദേഹത്തിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത വന്നേക്കാം. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച്‌ കൂറുമാറിയാല്‍ ആറു വര്‍ഷം വരെ അയോഗ്യനാക്കപ്പെടും. പക്ഷെ നടപടിക്രമങ്ങള്‍ നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇദേഹത്തെ തന്നെ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരുപക്ഷെ അഷ്‌റഫിന് കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെട്ടാല്‍ അദേഹത്തിന്റെ ഭാര്യയും മുന്‍ കൗണ്‍സിലറുമായ സുനിയ്ക്ക് സീറ്റ് നല്‍കിക്കൊണ്ട് കൊച്ചങ്ങാടി ഡിവിഷനില്‍ നിന്ന് വിജയിപ്പിക്കാമെന്നും യുഡിഎഫ് കരുതുന്നു. വരാന്‍ പോകുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ കൊച്ചി കോര്‍പ്പറേഷന് നിര്‍ണായമാകും. ഇതില്‍ ഒരെണ്ണം സിപിഎമ്മിന്റെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്. ഈ രണ്ട് ഒഴിവുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ നിലവില്‍ ഇടതു പക്ഷത്തിന് 36 അംഗങ്ങളും യുഡിഎഫിന് 32 ഉം, ബിജെപിക്ക് നാലംഗങ്ങളുമാണുള്ളത്. ബിജെപിക്ക് നിലവിലുള്ള ടാക്‌സ് അപ്പീല്‍ സ്ഥിരം സമിതി സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ എറണാകുളം സൗത്ത് ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തണം. അതേസമയം ഇടതു പക്ഷത്തിന് ഭരണത്തില്‍ തുടരണമെങ്കില്‍ ഗാന്ധിനഗര്‍ സീറ്റ് നിലനിര്‍ത്തണം.

നിലവില്‍ മേയര്‍ സ്ഥാനം കൂടാതെ വികസനം, വിദ്യാഭ്യാസം എന്നീ സ്ഥിരം സമിതികളാണ് സിപിഎമ്മിനുള്ളത്. അതേ സമയം പൊതുമരാമത്ത് സ്ഥിരം ചെയര്‍പേഴ്‌സണ്‍ സ്ഥാനം മാത്രമാണ് യുഡിഎഫിനുള്ളത്. ഭരണം അനിശ്ചിതത്വത്തിലായതിനാല്‍ വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജീവന്മരണ പോരാട്ടത്തിനാണ് ഇരു മുന്നണികളും തയ്യാറെടുക്കുന്നത്. ഈ രണ്ടു സീറ്റുകളിലും വിജയിക്കാനായാല്‍ സ്വതന്ത്ര പിന്തുണയോടെ ഭരണം പിടിക്കാമെന്നാണ് യുഡിഎഫ് കരുതുന്നത്. എന്നാല്‍ വലിയ ഭൂരിപക്ഷമൊന്നുമില്ലാതെ ഇപ്പോഴുള്ളതുപോലെ ഭരണം തുടരാന്‍ കഴിയുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക