ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ അഴിമതിക്കാരനാണെന്നു സൂചിപ്പിക്കുന്ന വിഡിയോ പുറത്തുവിട്ട് ബിജെപി നേതാവ് അമിത് മാളവ്യ. കർണാടകയിലെ മുൻ എംപി വി.എസ്.ഉഗ്രപ്പയും മീഡിയ കോഓർഡിനേറ്റർ സലിമും തമ്മിലുള്ള സംഭാഷണത്തിന്റെ വിഡിയോയാണു പുറത്തുവന്നത്. ശിവകുമാർ മദ്യപാനിയാണെന്നും ഇരുവരും പറയുന്നുണ്ട്. വിഡിയോ സംസ്ഥാന കോൺഗ്രസിനുള്ളിലും പുറത്തും വിവാദമായി.

‘ഡി.കെ.ശിവകുമാർ കൈക്കൂലി വാങ്ങുന്നത് എങ്ങനെയാണെന്നാണു വി.എസ്.ഉഗ്രപ്പയും സലിമും ചർച്ച ചെയ്യുന്നത്. 50–100 കോടി രൂപ വരുമെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് പറയുന്നു. മദ്യപിച്ചിരിക്കുമ്പോൾ ശിവകുമാറിന്റെ സംസാരം എങ്ങനെയെന്നും ഇരുവരും സൂചിപ്പിക്കുന്നുണ്ട്. താൽപര്യമുണർത്തുന്ന കാര്യങ്ങളാണിത്’– വിഡിയോ പങ്കുവച്ച് അമിത് മാളവ്യ ട്വീറ്റ് ചെയ്തു. വാർത്താസമ്മേളനത്തിനു മുൻപ്, വിഡിയോ എടുക്കുന്നുണ്ടെന്ന് അറിയാതെയാണ് ഇരുനേതാക്കളും ഇങ്ങനെ സംസാരിച്ചത് എന്നാണു നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ ആധികാരികത ഉറപ്പില്ലെന്നു വാർത്ത പ്രസിദ്ധീകരിച്ച എൻഡിടിവി പറയുന്നു. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നു പറഞ്ഞ ശിവകുമാർ, പാർട്ടി അച്ചടക്കസമിതി ഇതിൽ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. അതേസമയം, ശിവകുമാറിന്റെ ആളുകൾ പണം വാങ്ങുന്നതായി ചിലർ ആരോപിക്കുന്നുണ്ടെന്ന കാര്യം താനുമായി പങ്കുവയ്ക്കുക മാത്രമാണു സലിം ചെയ്തതെന്നു ഉഗ്രപ്പ പ്രതികരിച്ചു. ആറു വർഷത്തേക്കു സലിമിനെ പാർട്ടിയിൽനിന്നു പുറത്താക്കി.

‘നേരത്തേ 6–8 ശതമാനമായിരുന്നു. ഡി.കെ.ശിവകുമാർ വന്നതോടെ 12 ശതമാനമായി. ഡികെ ചില അഡ്ജസ്റ്റ്മെന്റുകൾ നടത്തുന്നുണ്ട്. അദ്ദേഹം അഴിമതിക്കാരനാണ്. അദ്ദേഹത്തിന്റെ സഹായികൾ 50–100 കോടി രൂപയുണ്ടാക്കി. ഡികെ എത്രയുണ്ടാക്കിയിട്ടുണ്ടാവും എന്നാലോചിച്ചിട്ടുണ്ടോ? അദ്ദേഹം കളക്‌‌ഷൻ വ്യക്തിയാണ്’ – വിഡിയോയിൽ സലിം പറയുന്നു. ‘ഡികെയെ പ്രസിഡന്റാക്കാൻ നമ്മളെല്ലാം ഉറച്ചുനിന്നത് നിങ്ങൾക്കറിയില്ലേ?’ എന്നായിരുന്നു ഉഗ്രപ്പയുടെ പ്രതികരണം. മദ്യപിച്ചതുപോലെ അവ്യക്തമായാണു ഡികെ സംസാരിക്കുന്നതെന്നും സലിം പറയുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക