ലക്‌നൗ: ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും.കൊലപാതകം ഉള്‍പ്പടെയുള്ള എട്ട് വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ആശിഷ് മിശ്ര ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായിരുന്നില്ല. മകന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അജയ് മിശ്ര അറിയിച്ചു. ‘മകന്‍ നിരപരാധിയാണ്.ഇന്ന് അവന്‍ പൊലീസിന് മുമ്ബാകെ ഹാജരാകും.അക്രമം നടക്കുമ്ബോള്‍ സംഭവസ്ഥലത്തില്ലായിരുന്നു. സംഭവത്തില്‍ അവന്റെ പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോകളൊന്നും കണ്ടെത്തിയിട്ടില്ല. തെളിവുകളുണ്ടെങ്കില്‍ പൊലീസ് നല്‍കിയ നമ്ബറില്‍ ആര്‍ക്കും ബന്ധപ്പെടാം.’- അജയ് മിശ്ര പറഞ്ഞു.ആശിഷ് മിശ്ര ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാല്‍ അന്വേഷണ സംഘം കേന്ദ്രമന്ത്രിയുടെ വസതിയിലെത്തി വീണ്ടും നോട്ടീസ് പതിച്ചിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് പതിക്കുകയായിരുന്നു.
