തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം ആഭ്യന്തര മന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തര പ്രമേയം.പി.ടി. തോമസ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.മോന്‍സണ്‍ മാവുങ്കലിന് മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുമായി അടുത്ത ബന്ധമെന്ന് പി.ടി. തോമസ് ആരോപിച്ചു. മോന്‍സണ്‍ പുരാവസ്തു എന്ന പേരില്‍ വ്യാജ സാധനങ്ങള്‍ കൈമാറി കോടികളുടെ തട്ടിപ്പും തിരിമറിയുമാണ് നടത്തിയത്. നിരവധി പേരെ വഞ്ചിച്ച വ്യക്തിക്ക് സംസ്ഥാനത്തെ മുന്‍ പൊലീസ് മേധാവി അടക്കം ഉന്നത ഉദ്യോഗസ്ഥരുടെ സംരക്ഷണം ലഭിച്ചിട്ടുണ്ട്.മോന്‍സണിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംശയകരമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ തന്നെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. ഇത് കണ്ടില്ലെന്ന് പൊലീസ് നടിച്ചു. ഇന്‍റജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിന് മാസങ്ങള്‍ക്ക് മുമ്ബേ ബെഹ്റ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ മോന്‍സണിന്‍റെ വീട് സന്ദര്‍ശിച്ചു. ആ സമയത്ത് എടുത്ത ഫോട്ടോ മോന്‍സണ്‍ ദുരുപയോഗം ചെയ്തു.ഇതിന് പിന്നാലെയാണ് മോന്‍സണിനെതിരെ രഹസ്യവിവരം ലഭിക്കുകയും ഇന്‍റജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതും. ബീറ്റ് ബോക്സ് അടക്കം മോന്‍സണിന്‍റെ വീട്ടില്‍ പൊലീസ് സ്ഥാപിക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്തെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക