സ്കൂള്‍ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി.ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാന്‍ പ്രത്യേക ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ അറിയിച്ചു.പാലാ സെന്റ് തോമസ് കോളജില്‍ വച്ച്‌ സഹപാഠി കുത്തിക്കൊലപ്പൊടുത്തിയ നിതിന മോളുടെ വീട് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോടാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ നിലപാട് വ്യക്തമാക്കിയത്. ലൈംഗിക വിദ്യാഭ്യാസം എന്ന് കേള്‍ക്കുമ്ബോള്‍ പലരുടെയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളത് എന്ന് സതീദേവി വ്യക്തമാക്കി.അതിനെക്കുറിച്ച്‌ സംസാരിക്കുമ്ബോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.വിദ്യാസമ്ബന്നരായ ചെറുപ്പക്കാരില്‍ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. 10- 12 വയസുള്ള കുട്ടികള്‍ പോലും പ്രണയത്തിലകപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരില്‍ പല അബദ്ധധാരണകളുമുണ്ട് എന്നും അഡ്വക്കേറ്റ് സതീദേവി കൂട്ടിച്ചേര്‍ത്തു.രണ്ട് ദിവസങ്ങള്‍ക്കു മുന്‍പാണ് പാലാ സെന്റ് തോമസ് കോളജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി നിതിന മോള്‍ സഹപാഠിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ നിതിനയെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ അഭിഷേക് കഴുത്തറുക്കുകയായിരുന്നു.ആശുപത്രിയില്‍ എത്തുംമുന്‍പേ നിതിന മരണപ്പെട്ടു. പ്രണയ നൈരാശ്യത്തെ തുടര്‍ന്നാണ് കൊലയെന്നായിരുന്നു അഭിഷേകിന്റെ മൊഴി. നിതിനയെ കൊലപ്പെടുത്താന്‍ കരുതിക്കൂട്ടിയാണ് അഭിഷേക് എത്തിയതെന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഒരാഴ്ച മുന്‍പ് അഭിഷേക് മൂര്‍ച്ചയുള്ള ബ്ലേഡ് വാങ്ങി കരുതിയത് നിതിനയെ കൊലപ്പെടുത്താനാണെന്നാണ് പൊലീസ് പറയുന്നത്.അതേസമയം, നിതിനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അഭിഷേകിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഷേകിനെ ഹാജരാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക